ആ സിനിമ ഞാന്‍ ചെയ്തതുകൊണ്ടാണ് ഇത്ര പ്രശ്‌നം: മറ്റാരെങ്കിലുമാണെങ്കില്‍ കുഴപ്പമുണ്ടാകില്ല: ഷാഹി കബീര്‍
Entertainment
ആ സിനിമ ഞാന്‍ ചെയ്തതുകൊണ്ടാണ് ഇത്ര പ്രശ്‌നം: മറ്റാരെങ്കിലുമാണെങ്കില്‍ കുഴപ്പമുണ്ടാകില്ല: ഷാഹി കബീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th June 2025, 10:16 am

എം. പത്മകുമാര്‍ സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജോസഫ്. ഷാഹി കബീര്‍ രചന നിര്‍വഹിച്ച സിനിമയില്‍ നായകനായത് ജോജു ജോര്‍ജ് ആയിരുന്നു. ഒരു റിട്ടയേര്‍ഡ് പൊലീസുകാരന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ജോജുവിന് പുറമെ ദിലീഷ് പോത്തന്‍, ഇര്‍ഷാദ്, ആത്മിയ, ജോണി ആന്റണി, സുധി കോപ്പ, മാളവിക മേനോന്‍, മാധുരി ബ്രഗന്‍സ തുടങ്ങിയവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഷാഹി കബീര്‍.

ജോസഫ് എന്ന സിനിമ താന്‍ ചെയ്തതുകൊണ്ടാണ് ഇത്രയും പ്രശ്‌നം വന്നതെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്ന താന്‍ അങ്ങനെയൊരു കഥ എഴുതിയപ്പോള്‍ റിയല്‍ ഇന്‍സിഡന്റാണെന്ന് പലരും തെറ്റിദ്ധരിച്ചെന്നും ഷാഹി കബീര്‍ പറയുന്നു. മറ്റൊരാളാണ് ആ സിനിമ ചെയ്യുന്നതെങ്കില്‍ ഇത്ര പ്രശ്‌നമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പലരും അത് റിയല്‍ ഇന്‍സിഡന്റാണെന്ന് വിശ്വസിച്ചുവെന്നും അത്തരത്തിലൊരു അനുഭവം തനിക്കുണ്ടായെന്നും ഷാഹി കബീര്‍ പറഞ്ഞു. താന്‍ ലീവിലായിരുന്ന സമയത്ത് നിങ്ങള്‍ തൃശൂര്‍ വര്‍ക്ക് ചെയ്തിട്ടുണ്ടോ എന്ന ചോദിച്ച് ഒരു കോള്‍ വന്നെന്നും അവിടെ സംഭവിച്ചതിന് സമാനമായ ഒരു കേസാണ് ജോസഫില്‍ ഉള്ളതെന്നും അതില്‍ നിന്ന് ഇന്‍സ്പയര്‍ഡായി ചെയ്തതാണോ സിനിമ എന്ന സംശം തോന്നിയാണ് അവര്‍ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു ഷാഹി കബീര്‍.

ജോസഫ് ഒരു പക്ഷേ വേറെ ഒരാളാണ് എഴുതിയിരുന്നതെങ്കില്‍ ആര്‍ക്കും പ്രശ്‌നമുണ്ടാകില്ലായിരുന്നു. കാരണം ജനം അത്രയും വിശ്വസിക്കില്ലായിരുന്നു. ഞാന്‍ ഒരു പൊലീസുകാരന്‍ ആയതുകൊണ്ടാണ് കഥ വിശ്വസിക്കപ്പെട്ടു എന്നുള്ളതാണ് പ്രശ്‌നം. ഒരു റിയല്‍ ഇന്‍സിഡന്റില്‍ നിന്നാണ് ഞാന്‍ ഇത് ചെയ്തത് എന്ന് ആളുകള്‍ ചിന്തിച്ചു.

ഞാന്‍ ലീവില്‍ നില്‍ക്കുന്ന സമയത്ത് ഒരു രണ്ട് മൂന്ന് വര്‍ഷത്തിന് ശേഷമൊക്കെ എസ്.പി ഓഫീസില്‍ നിന്ന് ഒരു കോള്‍ വന്നു. വിവാരാവകാശ കമ്മീഷന്‍, തൃശൂര്‍ ജില്ലയില്‍ ഇന്ന സ്ഥലത്ത് നിങ്ങള്‍ ഡ്യൂട്ടി ചെയ്തിട്ടുണ്ടോ എന്നൊക്കെ ചോദിച്ചു. ഞാന്‍ അവിടെ ഡ്യൂട്ടി ചെയ്തിട്ടില്ല. എന്താ കാര്യമെന്ന് ചോദിച്ച് കഴിഞ്ഞപ്പോഴാണ് മനസിലായത്, വേറെ ഒന്നും അല്ല ആര്‍ക്കോ അവിടെ ഒരു ആക്‌സിഡന്റല്‍ ഡെത്ത് നടന്നു. ഓര്‍ഗണ്‍ ഡൊണേറ്റ് ചെയ്തു. അപ്പോള്‍ അവര്‍ക്ക് സിനിമ ഇറങ്ങിയപ്പോള്‍ കണ്‍ഫ്യൂഷനായി. ഞാന്‍ അതില്‍ നിന്ന് കഥ ഇന്‍സ്പയര്‍ഡായതാണോ എന്ന്. അങ്ങനെ ആളുകള്‍ അങ്ങനെ വിശ്വസിക്കുന്നുണ്ട്,’ ഷാഹി കബീര്‍ പറയുന്നു.

Content highlight: Shahi kabhir talks about joseph movie