വടകര: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി ഷാഫി പറമ്പില്‍ എം.പി. രാഹുലിനെതിരായ പരാതിയെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ഷാഫി മറുപടി പറഞ്ഞില്ല.
രാഹുല്‍ നിരപരാധിയാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തോടും പ്രതികരിക്കാന്‍ ഷാഫി പറമ്പില്‍ തയ്യാറായില്ല. പകരം ഇത്തരമൊരു ആരോപണം വന്നപ്പോള്‍ തന്നെ രാഹുല്‍ രാജിവെച്ചല്ലോ എന്നായിരുന്നു ഷാഫി പറമ്പില്‍ പറഞ്ഞത്.
താന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്നും അത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയത് ശരിയായില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
‘ഞാന്‍ ഒളിച്ചോടി, മുങ്ങി എന്നൊക്കെ കാണാനിടയായി. ബീഹാറിലേക്ക് മുങ്ങിയെന്നാണ് പറഞ്ഞത്. അവിടെ നടക്കുന്ന കാര്യങ്ങള്‍ അറിയാത്തവരല്ല കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍.
ആ യാത്രയുടെ ഭാഗമാകുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഇന്ന് പുലര്‍ച്ചെയാണ് എത്തിയത്. ബീഹാറിലേക്ക് മുങ്ങി എന്ന തരത്തിലുള്ള മാധ്യമപ്രവര്‍ത്തനം ശരിയാണോ എന്ന് നിങ്ങള്‍ ആലോചിക്കൂ.
അന്ന് മാധ്യമങ്ങളെ കാണാതെ പോയി എന്നാണ് മറ്റൊരു ആരോപണം. കോണ്‍ഗ്രസ് നേതാക്കള്‍ വരി വരി നിന്ന് മാധ്യമങ്ങളെ കാണണമെന്നുണ്ടോ. പ്രതിപക്ഷ നേതാവും രാഹുലും ഉള്‍പ്പെടെയുള്ളവര്‍ കണ്ടില്ലേ.
എന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ കൃത്യമായ വിവരം കൊടുത്തിരുന്നു. ആരെ പേടിച്ചാണ് ഒളിച്ചോടേണ്ടത്. പ്രതിഷേധങ്ങളെ കണ്ട് ഒളിച്ചോടുമെന്നാണോ. ഇതൊക്കെ നേരത്തേയും കണ്ടതല്ലേ.
രാഹുലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പറഞ്ഞാല്‍ ഒരു കോടതി വിധിയോ ഒരു എഫ്.ഐ.ആറോ അല്ലെങ്കില്‍ റിട്ടണ്‍ കംപ്ലെയിന്റോ വരുന്നതിന് മുന്‍പ് തന്നെ രാജി സന്നദ്ധത അറിയിക്കുകയും രാജി പ്രഖ്യാപിക്കുകയും ചെയ്തു.
ഈ രാജി സി.പി.ഐ.എം നേതാക്കളുടെ ഭാഗത്ത് നിന്നായിരുന്നെങ്കില്‍ അവിടെ നിങ്ങള്‍ ധാര്‍മിതകയുടെ ക്ലാസ് എടുക്കുമായിരുന്നു. കോടതി വിധിയില്ലാതെ രാജി എന്നൊക്കെ പറഞ്ഞിട്ട്.
ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്വമേധയാ രാജി സന്നദ്ധത അറിയിച്ചു, അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നില്ല. അത് കഴിഞ്ഞിട്ടും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നു.
ഗോവിന്ദന്‍മാഷൊക്കെ ധാര്‍മിതക പഠിപ്പിക്കുകയാണ്. ആ രാജി ഒരു ചുവടുതന്നെയാണ്. കോണ്‍ഗ്രസിനെ സൈലന്റ് ആക്കാമെന്ന് കരുതിയാണ് ഇത്തരം പ്രതികരണങ്ങള്‍.
മാധ്യമങ്ങള്‍ ആ അജണ്ടയുടെ ഭാഗമാകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഈ സര്‍ക്കാരിനെതിരായ സമരങ്ങളില്‍ മുന്നോട്ടുപോകും. സര്‍ക്കാര്‍ പരാജയം തുറന്നുകാണിക്കും. ധാര്‍മിതകയില്‍ അടിസ്ഥാനപ്പെടുത്തിയല്ല, രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഇതിന് പിന്നില്‍. കത്തുള്‍പ്പെടെയുള്ള വിവാദങ്ങള്‍ കത്തുമ്പോള്‍ അതിനെ മറികടക്കാനാണ് ഇതൊക്കെ.
ഒരു എം.എല്‍.എക്കെതിരെ പൊലീസ് കേസെടുത്തിട്ടും അദ്ദേഹം ആ സ്ഥാനത്ത് തുടരട്ടെ എന്ന് തീരുമാനിച്ചവര്‍ എങ്ങനെയാണ് കോണ്‍ഗ്രസിന് ക്ലാസെടുക്കുന്നത്. രാജി ആവശ്യപ്പെടുന്നത്. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട ബി.ജെ.പി എങ്ങനെയാണ് രാജി ആവശ്യപ്പെടുന്നത്.
ഇപ്പോള്‍ മന്ത്രിസഭയില്‍ തുടരുന്ന മന്ത്രിക്കെതിരെ ആരോപണം ഉണ്ടായിട്ടും ഇപ്പോഴും തുടരുന്നില്ലേ. സംഘടനാ രംഗത്ത് ആരെയെങ്കിലും മാറ്റിനിര്‍ത്തിയോ. മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ നിന്ന് മാറ്റി നിര്‍ത്തിയോ, സി.പി.ഐ.എമ്മില്‍ നിന്ന് മാറ്റി നിര്‍ത്തിയോ.
കോണ്‍ഗ്രസിനെ നിശബ്ദമാക്കാന്‍ നോക്കുകയാണ്. ജനങ്ങളുടെ ദേഷ്യത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പറ്റുമോ എന്ന് നോക്കുകയാണ്. അദ്ദേഹം രാജിവെച്ചിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ കെ.പി.സി.സി നേതാവും പറഞ്ഞിട്ടുണ്ട്,’ ഷാഫി പറമ്പില്‍ പറഞ്ഞഉ.
രാഹുല്‍ നിരപരാധിയാണെന്ന് കരുതുന്നുണ്ടോ, പരാതിയില്‍ കഴമ്പുണ്ടെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ഷാഫി മറുപടി പറഞ്ഞില്ല.
ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അയാളെ വളഞ്ഞുകൂടി ആക്രമിച്ചു. ഞങ്ങള്‍ ആരും സംരക്ഷിച്ച് പിടിച്ചിട്ട് ന്യായീകരണം ചമഞ്ഞിട്ടില്ലല്ലോ. അയാളും ആ തരത്തില്‍ തന്നെ എടുത്തല്ലോ. അയാള്‍ രാജിവെച്ചത് ഒരു സ്‌റ്റെപ്പല്ലേ.
പാര്‍ട്ടിയും അയാളും കൂടി ആലോചിട്ടാണ് രാജി തീരുമാനം എടുത്തത്. എന്റെ അടുത്ത് ആരും പരാതി തന്നിട്ടില്ല. ഇത്തരം ചോദ്യങ്ങള്‍ സി.പി.ഐ.എം നേതാക്കളുടെ അടുത്ത് നിങ്ങള്‍ ചോദിക്കില്ല. ഈ കാര്യത്തില്‍ പറയാനുള്ളതെല്ലാം വളരെ കൃത്യമായി പറഞ്ഞു, എന്നായിരുന്നു ഷാഫി പറഞ്ഞത്.
Content Highlight: Shafi Parambil Response on Rahul Mamkoottathil issue