തൊവരിമല ഭൂസമരം-ഒമ്പത് ദിവസമായി ജയിലില്‍ നിരാഹാരമിരിക്കുന്ന 
സമരനേതാവ് എം.പി കുഞ്ഞിക്കണാരനുമായുള്ള അഭിമുഖം
Opinion
തൊവരിമല ഭൂസമരം-ഒമ്പത് ദിവസമായി ജയിലില്‍ നിരാഹാരമിരിക്കുന്ന സമരനേതാവ് എം.പി കുഞ്ഞിക്കണാരനുമായുള്ള അഭിമുഖം
ഷഫീഖ് താമരശ്ശേരി
Tuesday, 14th May 2019, 2:58 pm

ഭൂരഹിത സമൂഹങ്ങള്‍ നടത്തിയ നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെ രാഷ്ട്രീയ ചരിത്രത്തിലിടം പിടിച്ച സമരഭൂമികയാണ് വയനാട്. അമ്പുകുത്തിയിലും പനവല്ലിയിലും ചീങ്ങേരിയിലുമാരംഭിച്ച് മുത്തങ്ങ പിന്നിട്ട് ഇപ്പോള്‍ തൊവരിമലയില്‍ എത്തി നില്‍ക്കുകയാണ് ഇനിയും പരിഹരിക്കപ്പെടാത്ത വയനാടന്‍ ഭൂസംഘര്‍ഷങ്ങള്‍. പ്രധാനമന്ത്രിയാകാന്‍ വേണ്ടി മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്താല്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ദേശീയമാധ്യമങ്ങളിലടക്കം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്ന വയനാട്ടില്‍, ഭൂരാഹിത്യത്താല്‍ പൊറുതിമുട്ടിയ ആദിവാസി ജനത തൊവരിമല എസ്റ്റേറ്റ് ഭൂമിയില്‍ പ്രവേശിച്ച് കുടിലുകള്‍ കെട്ടി സമരമാരംഭിക്കുന്നത് തെരഞ്ഞെടുപ്പിന്റെ വെറും രണ്ട് ദിവസം മുമ്പാണ്.

പക്ഷേ, മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് അതൊരു വാര്‍ത്തയായിരുന്നില്ല. കൊട്ടിഘോഷിക്കപ്പെട്ട ‘ജനാധിപത്യത്തിന്റെ ഉത്സവത്തിന്റെ’ പിറ്റേന്നാള്‍ രാവിലെ നൂറുകണക്കിന് പോലീസ് സംഘം തൊവരിമലയിലെത്തി ആദിവാസി കുടുംബങ്ങളെ ബലംപ്രയോഗിച്ച് ആട്ടിപ്പായിച്ചു. സമരനേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. പോലീസ് അതിക്രമത്തില്‍ ചിതറിയോടിയ കുടുംബങ്ങള്‍ പലയിടങ്ങളിലായി ഒറ്റപ്പെട്ട് പോയെങ്കിലും വൈകാതെ തന്നെ അവര്‍ വീണ്ടും സംഘടിക്കുകയും ജില്ലാഭരണകേന്ദ്രമായ കല്‍പ്പറ്റ കളക്ടറേറ്റിന് മുന്നിലേക്ക് മാര്‍ച്ച് ചെയ്യുകയും അവിടെ അനിശ്ചിതകാലസമരമാരംഭിക്കുകയും ചെയ്തു. തൊവരിമലയില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ഭൂസമരസമിതി നേതാക്കളായ എം.പി കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട്, കെ.ജി മനോഹരന്‍ എന്നിവര്‍ ഇപ്പോഴും ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്.

പതിറ്റാണ്ടുകളായി കേരളത്തിലെ കര്‍ഷക-ആദിവാസി-ദളിത്-മനുഷ്യാവകാശ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് വരുന്ന, കേരളത്തിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരിലൊരാളായ, സിപിഐ(എം.എല്‍) റെഡ്സ്റ്റാര്‍ കേന്ദ്ര കമ്മിറ്റി അംഗവും ക്രാന്തികാരി കിസാന്‍ സഭയുടെ സെക്രട്ടറിയുമായ എം. പി. കുഞ്ഞിക്കണാരനെ ഒരു രാഷ്ട്രീയസമരമുയര്‍ത്തിയതിന്റെ പേരില്‍ ജാമ്യം നിഷേധിച്ച് തടവിലിട്ടിരിക്കുകയാണ് ഇവിടുത്തെ ഇടതുപക്ഷ സര്‍ക്കാര്‍. ഭൂപ്രശ്‌നങ്ങളോടുള്ള ഭരണകൂടത്തിന്റെ അലംഭാവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഒമ്പത് ദിവസമായി ജയിലില്‍ നിരാഹാരമിരിക്കുന്ന എം.പി കുഞ്ഞിക്കണാരന്റെ ആരോഗ്യാവസ്ഥ വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ ജില്ലാ ജയില്‍ ആശുപത്രിയില്‍ വെച്ച് എം.പി കുഞ്ഞിക്കണാരനുമായി നടത്തിയ അഭിമുഖത്തിലേക്ക്…

ആദിവാസി ദളിത് വിഭാഗങ്ങളുടെ ഭൂരാഹിത്യം ഗുരുതരമായ ഒരു പ്രശ്‌നമായി നിലനില്‍ക്കുമ്പോഴും സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മിച്ചഭൂമിയില്‍ ജനകീയമായി അധികാരം സ്ഥാപിക്കുക എന്ന നിലയിലായിരുന്നല്ലോ തൊവരിമലയില്‍ ഭൂസമരസമിതിയുടെ മുന്‍കൈയില്‍ സമരം പ്രഖ്യാപിക്കപ്പെട്ടതും സംഘടിപ്പിക്കപ്പെട്ടതും. എന്നാല്‍ സമരക്കാര്‍ പ്രവേശിച്ച ഭൂമി വനം വകുപ്പിന്റെ കീഴിലുള്ള നിക്ഷിപ്തവനഭൂമിയാണെന്ന് അധികൃതര്‍ ഇപ്പോള്‍ പറയുന്നു. തൊവരിമല ഭൂമിയില്‍ പ്രവേശിച്ചവരെ കുടിയിറക്കാനുള്ള കാരണവും ഇതുതന്നെയാണെന്നാണ് വനം വകുപ്പും സര്‍ക്കാറും മുന്നോട്ടുവെയ്ക്കുന്നത്. സമരത്തിനായി തിരഞ്ഞെടുത്ത ഭൂമിയുടെ നിലവിലുള്ള സ്റ്റാറ്റസ് മനസ്സിലാക്കുന്നതില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റിയതാണോ?

ഒരിക്കലുമല്ല. 1970ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍, 1969 ലെ ഭൂപരിഷ്‌കരണ ഭേദഗതി നിയമപ്രകാരം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്വകാര്യപ്ലാന്റേഷനുകളുടെ ഭൂമി പിടിച്ചെടുത്തിരുന്നു. അതില്‍പ്പെട്ടതാണ് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിലെ തൊവരിമല എസ്റ്റേറ്റ് ഭൂമി. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശമുണ്ടായിരുന്ന ഈ ഭൂമി സര്‍ക്കാര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ചെങ്കിലും അന്നത്തെ വനം വകുപ്പ് മന്ത്രിയായിരുന്ന കാന്തലോട്ട് കുഞ്ഞമ്പു തൊവരിമല ഭൂമിയുടെ കസ്റ്റോഡിയനായി വനംവകുപ്പിനെ നിയോഗിക്കുകയായിരുന്നു.

പിന്നീട് കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിങ് ആന്റ് അസൈന്‍മെന്റ് ആക്ട്, 1971 പ്രകാരം ഈ ഭൂമി വനം വകുപ്പ് നിക്ഷിപ്തവനമായി പരിവര്‍ത്തിപ്പിക്കുന്നുണ്ട്. പക്ഷേ, ഇത്തരത്തില്‍ നിക്ഷിപ്തമാക്കപ്പെടുന്ന ഭൂമിയുടെ 50 ശതമാനം ആദിവാസികള്‍ക്കും 30 ശതമാനം ഇതര ഭൂരഹിതര്‍ക്കും പതിച്ചുനല്‍കാമെന്നും 20 ശതമാനം അവരുടെ വികസന ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാം എന്നുമായിരുന്നു അന്നത്തെ തീരുമാനം. എന്നാല്‍ അഞ്ച് പതിറ്റാണ്ടിനിപ്പുറവും ആ തീരുമാനം നടപ്പാക്കപ്പെട്ടില്ല എന്ന സാഹചര്യത്തിലാണ് ആ ഭൂമി കയ്യേറി സമരം ചെയ്യേണ്ടി വരുന്നത്.

വനഭൂമിയായതിനാലാണ് ആദിവാസികളെ ഇറക്കിവിട്ടതെന്ന സര്‍ക്കാര്‍ വാദത്തില്‍ ഗുരുതരമായ ചില പ്രശ്‌നങ്ങളുണ്ട്. ഹാരിസണിന്റെ തേയിലത്തോട്ടങ്ങളിലേക്ക് വേണ്ട വിറക് ആവശ്യങ്ങള്‍ക്കായി നീക്കിവെച്ച ഭൂമിയായിരുന്നു തൊവരിമലയിലേത്. സാങ്കേതിക വിദ്യ മാറിയപ്പോള്‍ വിറക് ആവശ്യമില്ലാതായതോടെ ആ ഭൂമി വെറുതെ കിടക്കുകയായിരുന്നു. ഭൂപരിഷ്‌കരണഭേദഗതി നിയമത്തിലെ വേസ്റ്റ് ലാന്റ് എന്ന കാറ്റഗറിയില്‍പ്പെടുത്തിയാണ് തൊവരിമല ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കുന്നത് തന്നെ. യൂക്കാലിപ്റ്റസ്, അക്വേഷ്യ, സില്‍വര്‍ ഓക്ക് തുടങ്ങിയ മരങ്ങളല്ലാതെ മറ്റൊന്നും ആ ഭൂമിയില്‍ കാണാന്‍ കഴിയില്ല. കുറേ വര്‍ഷം വെറുതെ കിടന്നതിനാല്‍ സ്വാഭാവികമായും കാടുപിടിച്ചു എന്നല്ലാതെ ഒരു തരത്തിലും വനത്തിന്റെ സ്വഭാവമുള്ള ഭൂമിയല്ല അത്. യഥാര്‍ത്ഥത്തില്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനായി നീക്കിവെച്ച മിച്ചഭൂമിയായിരുന്നു അത്.

സര്‍ക്കാര്‍ വനഭൂമി എന്ന് പറയുമ്പോഴും തൊവരിമല ഭൂമിയില്‍ ഹാരിസണിന്റെ സാന്നിധ്യമുള്ളതായി ആരോപണം ഉയരുന്നുണ്ടല്ലോ?

അതെ. അത് വെറും ആരോപണമല്ല, ഈ വിഷയത്തില്‍ നമ്മള്‍ ഏറ്റവും ഗൗരവമായി കാണേണ്ട ഒരു കാര്യമാണത്. നിക്ഷിപ്തവനഭൂമിയായി സര്‍ക്കാറിന്റെ കയ്യിലിരിക്കുന്ന തൊവരിമലയില്‍ ഞങ്ങള്‍ പ്രവേശിക്കുന്നത് ഏപ്രില്‍ 21 നാണ്. അന്‍പതുകളില്‍ ഹാരിസണ്‍ നിര്‍മ്മിച്ച അവിടുത്തെ ബംഗ്ലാവുകളിലേക്ക് രാത്രിയില്‍ ക്യാമ്പ് ചെയ്യാനായി ഞങ്ങള്‍ കയറിയിരുന്നു. ആ കെട്ടിടങ്ങള്‍ക്കകത്ത് ഇപ്പോഴും വൈദ്യുതിയും വാട്ടര്‍ കണക്ഷനും ഒരു വര്‍ഷം മുന്‍പത്തെ പത്രങ്ങളും അത്ര പഴയതല്ലാത്ത വസ്ത്രങ്ങളുമെല്ലാം ഉണ്ടായിരുന്നു.

ഹാരസണിലെ ജീവനക്കാര്‍ അവിടെ താമസിക്കാറുണ്ടെന്നാണ് തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ ഞങ്ങളോട് പറഞ്ഞത്. ഇതേ സര്‍വേ നമ്പറില്‍പ്പെട്ട ഭൂമിയില്‍ തന്നെ വനംവകുപ്പ് വെച്ചുപിടിപ്പിച്ച കരുമുളക് തോട്ടം ഇപ്പോള്‍ പരിപാലിക്കുന്നത് ഹാരിസണ്‍ ആണെന്നും അറിയാന്‍ കഴിഞ്ഞു. സാങ്കേതികമായി സര്‍ക്കാറിന്റെ കയ്യിലിരിക്കുകയും എന്നാല്‍ ഹാരിസണ്‍ ഉപയോഗിക്കുകയും ചെയ്യുന്നു എന്നതാണ് തൊവരിമല ഭൂമിയുടെ ഇപ്പോഴത്തെ സ്ഥിതി. ഈ ഭൂമിയുടെയടക്കമുള്ള രേഖകള്‍ ഹാജരാക്കി കര്‍ണാടകയിലെ ബാങ്കില്‍ നിന്നും ഹാരിസണ്‍ കോടിക്കണക്കിന് രൂപ വായ്പയെടുത്തിട്ടുണ്ട് എന്നും ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരുന്നുമുണ്ട്. തൊവരിമല ഭൂമി തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് അക്കാലത്ത് തന്നെ ഹാരിസണ്‍ നല്‍കിയ കേസ്സില്‍ സമീപകാലത്ത് പല തവണ സര്‍ക്കാറിന് വേണ്ടി അഭിഭാഷകന്‍ ഹാജരായില്ല എന്നത് ഈ വിഷയത്തില്‍ കേരളസര്‍ക്കാറിനെ കൂടുതല്‍ സംശയത്തില്‍ നിര്‍ത്തുകയാണ്. ഒരു മുന്‍കാല സര്‍ക്കാര്‍, നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുത്ത ഭൂമി അതേ ശക്തികള്‍ക്ക് തന്നെ തിരികെ നല്‍കുന്ന വളരെ ഗുരുതരമായ ഭരണഘടനാ ലംഘനമാണ് ഇപ്പോഴത്തെ ഇടതു സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ ഹാരിസണ്‍ പ്രവേശിക്കുമ്പോള്‍ അതിന് ഒത്താശ ചെയ്യുകയും, ഭൂരഹിതരായ ആദിവാസികള്‍ പ്രവേശിക്കുമ്പോള്‍ അവരെ ആട്ടിപ്പായിക്കുകയും ചെയ്യുക എന്നത് ഒരു തരം ഇരട്ടനീതിയാണ്.

കഴിഞ്ഞ എട്ട് ദിവസമായി താങ്കള്‍ നിരാഹാരത്തിലാണല്ലോ, എങ്ങിനെയാണ് ഇപ്പോഴത്തെ ആരോഗ്യാവസ്ഥ?

നിരാഹാരമിരിക്കുന്നതിനാല്‍ ശരീരത്തിലെ ഷുഗര്‍ നില കുറഞ്ഞതിന്റെ പ്രശ്‌നങ്ങളുണ്ട്. എങ്കിലും ഈ വിഷയത്തില്‍ ഒരു പരിഹാരം കാണാതെ പിന്നോട്ട് പോകാന്‍ സാധിക്കില്ല. ഞാന്‍ മാത്രമല്ല, സമരപ്പന്തലിലും സഖാക്കള്‍ നിരാഹാരമിരിക്കുന്നുണ്ട്. പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ക്കും അടിയന്തിര ഭൂവിതരണത്തിനും സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്.

വര്‍ഗസമരത്തിലധിഷ്ഠിതമായ ഒരു സമരപരിപാടിയായിരുന്നല്ലോ തൊവരിമലയില്‍ ആവിഷ്‌കരിക്കപ്പെട്ടത്. ഒരു ഇടതുപക്ഷ സര്‍ക്കാറില്‍ നിന്ന് തന്നെ ആ സമരം അടിച്ചമര്‍ത്തപ്പെടുമ്പോള്‍ എന്ത് തോന്നുന്നു?

ഒന്നാമതായി കേരളത്തില്‍ ഇപ്പോഴുള്ളത് ഇടതുപക്ഷസര്‍ക്കാര്‍ ആണെന്ന് പറയാനാവില്ല. ഇടതുപക്ഷമൂല്യങ്ങള്‍ അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഭൂരഹിതരായ ആദിവാസികളോട് അവര്‍ക്ക് ഈ ക്രൂരത തുടരാനാവില്ല. തൊവരിമലയിലൂടെ ഞങ്ങളുയര്‍ത്തിയത് 1955 -56 കാലങ്ങളില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ട് വെച്ചതും 1957 ല്‍ കയ്യൊഴിഞ്ഞതുമായ ഒരു മുദ്രാവാക്യമാണ്. 1956 ല്‍ തൃശ്ശൂരില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം മുന്നോട്ടുവെച്ച പ്രധാനപ്പെട്ട ആവശ്യം വിദേശ കുത്തകകള്‍ കയ്യടക്കി വെച്ചിരിക്കുന്ന തോട്ടങ്ങള്‍ ദേശസാത്കരിക്കുക എന്നതായിരുന്നു. എന്നാല്‍ 57 ല്‍ അധികാരത്തില്‍ വന്ന ഇം.എം.എസ് സര്‍ക്കാര്‍ ഈ പ്രശ്നത്തെ പൂര്‍ണമായും കയ്യൊഴിഞ്ഞു എന്ന് മാത്രമല്ല, ഭൂപരിഷ്‌കരണത്തില്‍ നിന്ന് പോലും ഈ തോട്ടങ്ങളെ മാറ്റിനിര്‍ത്തുകയായിരുന്നു. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി കയ്യടക്കി വെച്ചിരുന്ന തോട്ടം മേഖലയെ സ്പര്‍ശിക്കാതെ ഭൂപരിഷ്‌കരണം സാധ്യമാക്കിയതിലൂടെ എസ്റ്റേറ്റ് മാഫിയകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയാണ് അന്നത്തെ സര്‍ക്കാര്‍ ചെയ്തത്.

ഭൂക്രമക്കേടുകളുടെയും കയ്യേറ്റങ്ങളുടെയും ഒരു വലിയ ലോകമായി എസ്‌റ്റേറ്റുകള്‍ മാറിയതില്‍ ആ അര്‍ത്ഥത്തില്‍ ഇ.എം.എസ് സര്‍ക്കാറിന് വലിയ ഉത്തരവാദിത്വമുണ്ട്. തോട്ടങ്ങള്‍ക്ക് പരിധി നിശ്ചയിക്കുന്നതിലും വലിയ വീഴ്ച അവര്‍ വരുത്തി. തൊവരിമല സമരത്തിലൂടെ ഇന്ന് ഞങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത് കേരളത്തില്‍ നടപ്പാകേണ്ട സമഗ്രമായ ഭൂപരിഷ്‌കരണത്തിന്റെ ആവശ്യകതയാണ്. അഞ്ച് ലക്ഷത്തി ഇരുപത്തിയയ്യായിരം ഏക്കര്‍ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കേരളത്തിലെ സ്വകാര്യ തോട്ടം കുത്തകകള്‍ കയ്യടക്കിവെച്ചിരിക്കുന്നു എന്നാണ് രാജ്യമാണിക്യം റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നത്.

ആദിവാസി ദളിത് ജനതയുെട ഭൂരാഹിത്യപ്രശ്‌നങ്ങള്‍ അനുദിനം സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ഭൂമി പിടിച്ചെടുത്ത് അവര്‍ക്ക് വിതരണം ചെയ്യാനുള്ള ആര്‍ജ്ജവമാണ് ഒരു ഇടതുപക്ഷ ഭരണകൂടം കാണിക്കേണ്ടത്. അല്ലാതെ അവരില്‍ നിന്നുയര്‍ന്നുവരുന്ന സമരങ്ങളെ അധികാരമുഷ്‌കില്‍ അടിച്ചമര്‍ത്തുകയല്ല.

നൂറുകണക്കിന് കുടുംബങ്ങള്‍ തൊവരിമലയിലെ സമരഭൂമിയിലുണ്ടായിരുന്നല്ലോ. എങ്ങിനെയാണ് ഇത്തരത്തിലൊരു സംഘാടനം സാധ്യമായത്?

പാട്ടക്കാലാവധി കഴിഞ്ഞിട്ടും സ്വകാര്യപ്ലാന്റേഷനുകളുടെ കയ്യിലിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കുന്നതിനും, തിരിച്ചുപിടിച്ചവ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനുമായി, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാറിന്റെ മുന്‍കൈയില്‍ വിവിധ സമരപരിപാടികള്‍ ആവിഷ്‌കരിച്ചുവരുന്നു. ഒരു വര്‍ഷം മുമ്പ് സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭൂസമരസമിതിയുടെ മുന്‍കൈയില്‍ അഖിലേന്ത്യാ ക്രാന്തികാരി കിസാന്‍ സഭയും ആദിവാസി ഭാരത് മഹാസഭയും ചേര്‍ന്ന് കൊണ്ട് തിരുവനന്തപുരത്ത് വെച്ച് ഭൂസമരപ്രഖ്യാപനം നടക്കുകയുണ്ടായി. അതിന് ശേഷം എല്ലാ ജില്ലകളിലും ക്യാമ്പയിനുകള്‍ നടന്നുവരുന്നുണ്ടായിരുന്നു. സംഘടിതമായ സമരം ആദ്യം സാധ്യമായത് വയനാട്ടിലാണെന്ന് മാത്രം.

എന്തുകൊണ്ടാണ് വയനാട്ടില്‍ ഇത്തരമൊരു സംഘാടനം എളുപ്പത്തില്‍ സാധ്യമാകുന്നത്?

വയനാട്ടിലെ ഭൂപ്രശ്‌നങ്ങളുടെ ഗുരുതരമായ അവസ്ഥ തന്നെയാണതിന്റെ കാരണം. തൊണ്ണൂറുകളിലാണ് വയനാട്ടിലെ അമ്പുകുത്തിയിലും പനംവല്ലിയിലും ചീങ്ങേരിയിലുമൊക്കെയായി ഭൂസമരങ്ങള്‍ ആരംഭിക്കുന്നത്. അന്നത്തെ ആ സമരങ്ങളില്‍ പങ്കെടുത്ത നിരവധി കുടുംബങ്ങള്‍ തൊവരിമലയിലെ സമരത്തിലുമുണ്ടായിരുന്നു. തൊവരിമല സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്ന ആദിവാസി സഖാവ് വെളിയന്‍, ചീങ്ങേരി സമരത്തില്‍ പങ്കെടുത്തതിന്റെ ഭാഗമായി ജയിലില്‍ കളിഞ്ഞയാളാണ്. മുത്തങ്ങ സമരത്തില്‍ പോലീസിന്റ ക്രൂര മര്‍ദ്ദനമേറ്റയാളാണ്. എന്നിട്ടും ഒരു തുണ്ട് ഭൂമിയ്ക്ക് വേണ്ടി അയാള്‍ക്കിപ്പോഴും സമരം ചെയ്യേണ്ടി വരുന്നു. ഇതാണ് വയനാട്ടിലെ ഓരോ ആദിവാസിയുടെയും അവസ്ഥ.

വിവിധ പദ്ധതികളുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട അനേകം കുടുംബങ്ങള്‍ വയനാട്ടിലുണ്ട് അവര്‍ക്കൊന്നും ഇതുവരെ പകരം ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എത്രമാത്രം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടാണ് കാരാപ്പുഴ ഡാം പദ്ധതി നടപ്പാക്കിയത്. എന്നാല്‍ ആ കുടുംബങ്ങള്‍ക്കൊന്നും ഇതുവരെ സര്‍ക്കാര്‍ പകരം ഭൂമി നല്‍കിയിട്ടില്ല. ഓരോ വെള്ളപ്പൊക്കക്കാലത്തും കുടിയൊഴിഞ്ഞുപോകേണ്ട സ്ഥിതിയാണ് കബനിയുടെയും കാരാപ്പുഴയുടെയും തീരത്തെ ആദിവാസി കോളനികളുടേത്.

രണ്ട് സെന്റുള്ള ഒരു വീട്ടില്‍ അഞ്ച് കുടുംബങ്ങളൊക്കെ ഒന്നിച്ച് കഴിയേണ്ട ദുസ്ഥിതിയും നിലനില്‍ക്കുന്നു. മരിച്ചാല്‍ ശവമടക്കാന്‍ ഭൂമിയില്ല എന്നത് വയനാട്ടുകാരെ സംബന്ധിച്ച് കാല്പനികമായ ഒരു ആശയമല്ല, അവരനുഭവിക്കുന്ന ജീവിതയാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് തന്നെ ഭൂമിയ്ക്ക് വേണ്ടിയുള്ള സമരങ്ങളില്‍ വയനാട്ടിലെ ആദിവാസി കുടുംബങ്ങളെ സംഘടിപ്പിക്കുക എന്നത് പ്രയാസമുള്ള കാര്യമല്ല. അതിന് പരിഹാരം കാണുക എന്നത് മാത്രമാണ് പ്രയാസം.

ഭൂരാഹിത്യം മാത്രമാണോ ആദിവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നം?

അങ്ങനെ ഞാന്‍ കരുതുന്നില്ല. പക്ഷേ അവരനുഭവിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം ഭൂമിയില്ലാത്തത് തന്നെയാണ്. ഭൂപ്രശ്നം പരിഹരിക്കപ്പെടുന്നതിലൂടെ ആരോഗ്യം, വിദ്യാഭ്യാസം, മരണനിരക്ക്, സാമൂഹികമായ പിന്നോക്കാവസ്ഥ തുടങ്ങി വയാനാട്ടിലെ ആദിവാസി ജനത നേരിടുന്ന വിവിധമാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.

തലമുറകളായി അധിവസിച്ചുവരുന്ന ഭൂമിയില്‍ നിന്നും പിഴുതെറിയപെട്ട ഒരു ജനതയ്ക്ക് അവരുടെ ആവാസ ഭൂമി തിരിച്ചുനല്‍കാതെ നടപ്പാക്കുന്ന ഒരു ആദിവാസി ക്ഷമ പദ്ധതിയും ശാശ്വതമാവില്ല എന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. ആ അര്‍ത്ഥത്തില്‍ ആദിവാസി ക്ഷേമ പദ്ധതികളുടെ ഭാഗമായി വിനിയോഗിക്കപ്പെടുന്ന കോടിക്കണക്കിന് രൂപ ഇപ്പോള്‍ പാഴാവുകയാണ്.

സ്വന്തം ഭൂമിയില്‍ അവര്‍ക്കനുയോജ്യമായവ കൃഷി ചെയ്യാനും അതില്‍ നിന്ന് ആദായം നേടാനും കഴിയുന്നതിലൂടെ, തദ്ദേശീയമായ പാരിസ്ഥിതിക വിഭവങ്ങളില്‍ അധികാരം സ്ഥാപിക്കാന്‍ കഴിയുന്നതിലൂടെ സ്വയം പര്യാപ്തമായ ഒരു സാമൂഹികാവസ്ഥ സാധ്യമാകുന്നത് വഴി മാത്രമേ ആദിവാസികളുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ കഴിയൂ എന്നത് നമ്മുടെ ഭരണകൂടങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.

നിലവില്‍ വയാനാട്ടില്‍ ഭൂമിയില്ലാത്ത മനുഷ്യരില്ല. എല്ലാ പ്രമുഖര്‍ക്കും വയനാട്ടില്‍ ഭമിയുണ്ട്. രാഷ്ട്രീയക്കാര്‍, സാമുദായിക നേതാക്കള്‍, വ്യവസായികള്‍, സിനിമാ താരങ്ങള്‍, ആള്‍ദൈവങ്ങള്‍, പുരോഹിതര്‍ തുടങ്ങി എല്ലാവര്‍ക്കും വയനാട്ടില്‍ ഭൂമിയുണ്ട്. എന്നാല്‍ വയനാട്ടിലെ തദ്ദേശീയരായ ഗോത്രജനതയ്ക്ക് മാത്രം ഭൂമിയില്ല.

അവരാകട്ടെ തുണ്ടുഭൂമികളിലെ മൂന്ന് സെന്റ് കോളനികളില്‍ ദുരിത ജീവിതം നയിക്കുന്നു. വിവിധ കാലങ്ങളിലായി വയനാട്ടിലേക്ക നടന്ന സംഘടിത കയ്യേറ്റങ്ങളുടെ കുത്തൊഴുക്കില്‍ എല്ലാം നഷ്ടപ്പെട്ട് പുറമ്പോക്കുകളിലായ ഗോത്രജനതയുടെ അതിജീവന സമരങ്ങളാല്‍ മറ്റൊരു രാഷ്ട്രീയഭൂപടം വയനാടിനെ സംബന്ധിച്ച് രൂപപ്പെടേണ്ടതുണ്ട്. അപഹരിക്കപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിലൂടെ ഇതരസമൂഹങ്ങളോടൊപ്പം തുല്യമായി ജീവിക്കാനുള്ള ഗോത്രജനതയുടെ അവകാശസമരങ്ങള്‍ക്ക് പരിഹാരം കാണാതെ ഒരു ഭരണകൂടത്തിനും അധികകാലം തുടരാനുമാവില്ല.

WATCH THIS VIDEO: