2019 ല്‍ നമ്മള്‍ തോറ്റാല്‍ അവര്‍ മനുസ്മൃതി ഭരണഘടനയാക്കും: ശബ്നം ഹാഷ്മി
Opinion
2019 ല്‍ നമ്മള്‍ തോറ്റാല്‍ അവര്‍ മനുസ്മൃതി ഭരണഘടനയാക്കും: ശബ്നം ഹാഷ്മി
അജിത്ത് രുഗ്മിണി
Friday, 12th October 2018, 2:07 pm

 

2019ലെ തിരഞ്ഞെടുപ്പിന് ശേഷം പൊതുവിടങ്ങളില്‍ രാഷ്ട്രീയവും സാംസ്‌കാരികവുമായ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനോ പരസ്പ്പരം സംസാരിക്കാനോ നമുക്ക് സാധ്യമാവുമെന്ന് തോന്നുന്നില്ല. ഇന്ത്യയിലെ ജനാധിപത്യ ഇടങ്ങള്‍ അനുദിനം ചുരുങ്ങിചുരുങ്ങി വരികയാണ്. നമ്മുടെ സുഹൃത്തുക്കള്‍ തെരുവില്‍ അതിക്രമങ്ങള്‍ക്കിരയാകുന്നു. അവരുടെ വീടുകള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടാവുന്നു. തന്റെ നിലപാടുകള്‍ പ്രഖ്യാപിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷിനെ നിങ്ങള്‍ക്കോര്‍മയില്ലേ? ശാസ്ത്രബോധം പ്രച്ചരിപ്പിച്ചതിന്റെ പേരിലാണ് നമ്മുടെ രാജ്യത്ത് കല്‍ബുര്‍ഗി, പന്‍സാരെ, ധാബോല്‍ക്കര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്.

പ്ലാസ്റ്റിക് സര്‍ജറിയുടെ ഉദാഹരണമാണ് ഗണേശ വിഗ്രഹമെന്നു പറയുന്ന പ്രധാന മന്ത്രിയും മയിലുകള്‍ കണ്ണീരിലൂടെയാണ് പ്രത്യുല്പ്പാദനം നടത്തുന്നതെന്ന് പ്രചരിപ്പിക്കുന്ന മന്ത്രിമാരുമാണ് ഈ രാജ്യത്തിനുള്ളത്. ഇന്റര്‍നെറ്റ് ഉള്‍പ്പെടെ എല്ലാ അത്യാധുനിക സാങ്കേതിക വിദ്യകളും മഹാഭാരത കാലം മുതല്‍ പ്രചാരത്തിലുള്ളവയായിരുന്നെന്നാണവര്‍ അവകാശപ്പെടുന്നത്.

ഇന്ത്യയുടെ ചരിത്രത്തിലിന്നേവരെ യുക്തിവാദവും ശാസ്ത്രബോധവും ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടിട്ടില്ല. ആവിഷ്‌കാര സ്വാതന്ത്ര്യവും വിമര്‍ശനാത്മക സംവാദങ്ങളും ജനാധിപത്യ മൂല്യങ്ങളും മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ആക്രമിക്കപ്പെടുന്നു. ഈ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ വ്യവസ്ഥയും സംരക്ഷിക്കുന്നതിന് ഇനിയെങ്കിലും നമ്മളൊരുമിച്ചു ശബ്ദമുയര്‍ത്തേണ്ടതുണ്ട്.

Also Read:ജാതി ബ്രാഹ്മണ്യത്തിന്റെ അധികാരത്തെ പുനസ്ഥാപിക്കാനുള്ള ശ്രമമാണ് ശബരിമല വിവാദം : സുനില്‍.പി.ഇളയിടം

നിലവിലുള്ള ഭരണഘടന മാറ്റി പകരം മനുസ്മൃതി പ്രാബല്യത്തില്‍ വരുത്താനാണ് അധികാരത്തിലുള്ളവരുടെ ശ്രമം. അതിനവര്‍ തയ്യാറായിക്കഴിഞ്ഞു. കഴിഞ്ഞ മാസമാണ് ജന്ദര്‍ മന്ദിറില്‍ വെച്ച് സനാതന്‍ സന്‍സ്ത എന്ന സംഘടനക്കാര്‍ ഭരണഘടന കത്തിച്ചത്. അവര്‍ക്കെതിരേ ഈ രാജ്യത്ത് ഒരു കേസും ചുമത്തപ്പെട്ടില്ല. ഭരണഘടന കത്തിച്ചതിന് ഒരാള്‍ പോലും അറസ്റ്റുചെയ്യപ്പെട്ടില്ല. ദേശബോധം, ദേശീയ പതാക, വന്ദേമാതരം, ഭാരത് മാതാ കി ജയ് തുടങ്ങിയവയെല്ലാം ആളുകളെ ദേശവിരുദ്ധരായി മുദ്ര കുത്താന്‍ വേണ്ടി അവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ പാര്‍ലമെന്റില്‍ നിന്നും വെറും അഞ്ഞൂറ് മീറ്റര്‍ അകലെ വച്ച് ഭരണഘടന കത്തിച്ചവരെ അവര്‍ കാണുന്നില്ല.

2019ല്‍ ഇന്ത്യയില്‍ വീണ്ടും തീവ്ര ഹിന്ദുത്വത്തിന്റെ വക്താക്കള്‍ അധികാരത്തില്‍ വരികയാണെങ്കില്‍ തുല്യാവകാശങ്ങള്‍ എന്നൊരു ആശയം പോലും ഈ രാജ്യത്ത് സാധ്യമാവില്ല. ഈ രാജ്യത്തൊരു ഭരണഘടന നിലനില്‍ക്കുന്നതുകൊണ്ട് മാത്രമാണ് പൊതുവിടങ്ങളില്‍ സംഘടിക്കാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും നമുക്ക് സാധ്യമാവുന്നത്.

ജാതി-മത-ലിംഗ-വര്‍ഗ്ഗ-ഭാഷാ വൈവിധ്യങ്ങള്‍ക്കതീതമായി ഈ രാജ്യത്തെ ഭരണഘടന എല്ലാവര്‍ക്കും തുല്യാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നു. മുമ്പൊരിക്കലുമില്ലാത്ത തരത്തില്‍ സംഘടിതമായ തരത്തില്‍ നമ്മുടെ അവകാശങ്ങള്‍ക്ക് മേല്‍ അക്രമങ്ങള്‍ നടക്കുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഹരിയാനയില്‍ ഒരാള്‍ ആള്‍ക്കൂട്ടക്കൊലപാതകത്തിനിരയാവുന്ന അതേ നിമിഷം തന്നെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടക്കുന്നു. ഗുജറാത്തിലും മദ്ധ്യപ്രദേശിലും മണിപ്പൂരിലും ബീഹാറിലും പശുവിന്റെ പേരില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നു. ഇന്ത്യയിലാകമാനം സ്ത്രീകള്‍ കൂട്ട ബലാത്സംഗത്തിനിരയാക്കപ്പെടുന്നു. രാജ്യത്തെ കലാകാരന്മാരും ബുദ്ധിജീവികളും ആക്രമിക്കപ്പെടുന്നു. രാജ്യത്ത് വര്‍ഗ്ഗീയത പടര്‍ത്താനുള്ള സംഘടിതമായ ശ്രമങ്ങള്‍ നടക്കുന്നു.

എപ്പോഴൊക്കെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലാവുന്നുവോ അപ്പോഴെല്ലാം ഇത്തരം ആസൂത്രിതമായ നീക്കങ്ങളിലൂടെ അവര്‍ നമ്മുടെ ശ്രദ്ധ തിരിച്ചു വിടുന്നു. രൂപയുടെ വിലയിടിവ് ചര്‍ച്ചയാവുമ്പോള്‍, പെട്രോള്‍ വില വര്‍ദ്ധനവിനെതിരേ ജനരോഷമുയരുമ്പോള്‍, പശുവിന്റെ പേരിലൊരാളെ തല്ലിക്കൊന്ന് അവര്‍ രാജ്യത്തിന്റെ ശ്രദ്ധ മാറ്റുന്നു.

തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴിലവസരങ്ങളെക്കുറിച്ചും. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമായതിനേക്കുറിച്ചും, രാജ്യത്തെ സ്ത്രീകള്‍ ആള്‍ക്കൂട്ട ബലാത്സംഗത്തിനിരയാവുന്നതിനേക്കുറിച്ചും ചോദിക്കുന്നവരെ അര്‍ബന്‍ നക്സലുകലെന്ന് മുദ്രകുത്തി ജയിലിലാക്കുന്നു.

ഈ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടക്കുകയും അവര്‍ അറസ്റ്റിലാവുകയും ചെയ്യുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി ഇന്ത്യയിലെ അടിസ്ഥാന വര്‍ഗ്ഗത്തിന് വേണ്ടി പോരാടുന്ന വ്യക്തിയാണ് സുധ ഭരദ്വാജ്, ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നിരന്തരമായ പോരാട്ടത്തിലാണവര്‍. സുധ ഭരദ്വാജിനേയും ടീസ്റ്റ സെതല്‍വാദിനെയും പോലുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമ്പോള്‍, സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി പ്രധാനമാന്ത്രിയെ വിമര്‍ശിക്കുന്ന സഞ്ജീവ് ഭട്ടിനെ ജയിലിലടക്കുമ്പോള്‍ പിന്നെയാരാണ് ഭരണകൂടത്തിനെ ചോദ്യം ചെയ്യുക?

Also Read:ആദിവാസികളെ ‘വിശ്വാസികള്‍ക്കൊപ്പം’ അണിനിരത്താനുള്ള ശ്രമം ബ്രാഹ്മണ്യത്തിന്റെ മറ്റൊരടവ്

രാജ്യം വലിയ അപകടത്തിലേക്കാണ് സഞ്ചരിക്കുന്നത്. ഒരു പക്ഷേ, നിങ്ങള്‍ കേരളീയര്‍ക്ക് അതത്ര തീവ്രമായനുഭവപ്പെടുന്നുണ്ടാവില്ല. നമ്മുടെ രാജ്യത്തിന്റെ പവിത്രത നഷ്ട്ടപ്പെട്ടിരിക്കുന്നു. കുറ്റവാളികളാണ് നമ്മുടെ രാജ്യം ഭരിക്കുന്നത്. തെരുവില്‍ സാധാരണ മനുഷ്യരെ തല്ലിക്കൊന്നവരേയും റേപ്പിസ്റ്റുകളേയും നമ്മുടെ മന്ത്രിമാര്‍ നേരിട്ടുപോയഭിനന്ദിക്കുന്നു. രാജ്യത്തെ മുസ്‌ലിം ജനതയെ തോല്‍പ്പിക്കുന്നതിനു വേണ്ടി ഹിന്ദു സ്ത്രീകളോട് പത്ത് കുട്ടികളെ വീതം പ്രസവിക്കാനവരാവശ്യപ്പെടുന്നു. തങ്ങളുടെ രാഷ്ട്രീയ താല്പ്പര്യങ്ങള്‍ക്ക് വേണ്ടി ഈ രാജ്യത്തെ സ്ത്രീകളെ വരുതിയിലാക്കാമെന്നാണവര്‍ കരുതുന്നത്. സ്ത്രീകളെന്നാല്‍ വെറും ശരീരമല്ലെന്നും അവര്‍ക്ക് സ്വതന്ത്രമായ മനസ്സുണ്ടെന്നും ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. നമ്മുടെ കുട്ടികളുടെ ഭാവിക്ക് വേണ്ടി, എന്തു കഴിക്കണം, എന്തു ധരിക്കണം, എന്തു കേള്‍ക്കണം, ആരെ വിവാഹം കഴിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഇപ്പോഴെങ്കിലും ഈ രാജ്യത്തെ സ്തീകളും അമ്മമാരും ശബ്ദമുയര്‍ത്തേണ്ടതുണ്ട്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഗാര്‍ഹിക പീഡന നിയമവും ലിംഗ നിര്‍ണയ പരിശോധനയുമുള്‍പ്പെടെ പല സുപ്രധാന നിയമങ്ങളും ദുര്‍ബലമാക്കി. ഇനിമുതല്‍ ഒരക്രമം നേരിട്ട് നിങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാലും അവര്‍ എഫ്.ഐ.ആര്‍ രജിസ്ടര്‍ ചെയ്യില്ല.

വളരെ നിശബ്ദമായാണ് അധികാരത്തിലുള്ളവര്‍ ഇതെല്ലാം ചെയ്തുകൂട്ടുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് ഒരു സാധാരണക്കാരന് മനസ്സിലാവുകയേ ഇല്ല. രാജ്യത്തെ തൊഴില്‍ നിയമങ്ങളെ ഈ സര്‍ക്കാര്‍ കാറ്റില്‍ പറത്തുന്നു. നമ്മുടെ മുഴുവന്‍ അവകാശങ്ങളും അവര്‍ എടുത്തു കളയുന്നു.

ഇതിനു മുമ്പേ അടിയന്തിരാവസ്ഥാക്കാലത്താണ് രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങള്‍ റദ്ദുചെയ്യപ്പെട്ടത്. പക്ഷേ ജനങ്ങള്‍ ഒന്നടങ്കം അതിനെതിരേ പ്രതിഷേധിക്കുകയും തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ അവരെ പരാജയപ്പെടുത്തുകയും ചെയ്തു. ഇന്ന് നമ്മള്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലാണ് ജീവിക്കുന്നത്. പക്ഷേ ഈ രാജ്യത്തെ ജനങ്ങളിപ്പോഴും സംഘടിക്കപ്പെട്ടിട്ടില്ല. നമ്മളിപ്പോഴും ഇന്ത്യന്‍ അവസ്ഥയുടെ ഗൗരവം തിരിച്ചറിഞ്ഞിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനത്തിലാണ്. ഇനിയും നരേന്ദ്ര മോദിയും അമിത് ഷായും അധികാരത്തില്‍ വന്നാല്‍ ഈ രാജ്യത്തിന്റെ പതനം പൂര്‍്ണ്ണമാവുമെന്നവര്‍ തിരിച്ചറിഞ്ഞിട്ടില്ല.

നമ്മുടെ രാജ്യത്തെ നിയമ സംവിധാനങ്ങളെ ഫാഷിസ്റ്റുകള്‍ തകര്‍ത്തെറിഞ്ഞു. ഈ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയിലെ നാല് ഉന്നതരായ അഭിഭാഷകര്‍ പത്രസമ്മേളനം നടത്തുകയും പൊതു ജനങ്ങളോട് ഭരണഘടന സംരക്ഷിക്കുന്നതിന് രംഗത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തത് നമ്മള്‍ കണ്ടതാണ്. നമ്മള്‍ പ്രതികരിക്കേണ്ടതുണ്ട് സുഹൃത്തുക്കളേ, കൂടുതലാളുകളിലേക്ക് നമ്മുടെ ശബ്ദം എത്തിച്ചേരേണ്ടതുണ്ട്. ഈ രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഇനിയെങ്കിലും നമ്മള് തെരുവിലിറങ്ങിയില്ലെങ്കില്‍ നമ്മുടെ മുഴുവനവകാശങ്ങളും എന്നന്നേക്കുമായി നഷ്ട്ടപ്പെടുമെന്ന് നമ്മള്‍ തിരിച്ചറിയണം.

കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി ഞാന്‍ ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്നു. 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇടതു-മതേതര സംഘടനകളുടെ നേതാക്കളെ കണ്ട് ഇന്ത്യയില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ മനുഷ്യാവകാശങ്ങള്‍ കശാപ്പുചെയ്യപ്പെടുമെന്നും അതിനെതിരേ വിശാലമായ രാഷ്ട്രീയ സഖ്യം രൂപപ്പെടുത്തേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടതാണ്. അതെന്റെ ഭ്രമമാണെന്നും ഞാന്‍ വര്‍ഗ്ഗീയത മാത്രമേ മുഖ്യപ്രശ്നമായി കാണുന്നുള്ളൂ എന്നുമാണ് അന്നവര്‍ പറഞ്ഞത്. ഇപ്പോള്‍ നമ്മളത് തിരിച്ചറിയുന്നു, അനുഭവിക്കുന്നു.

ബംഗാള്‍ നഷ്ട്ടപ്പെട്ടപ്പോള്‍, കേരളം നഷ്ട്ടപ്പെടുമെന്നായപ്പോള്‍, ആര്‍.എസ്.എസ് നമ്മുടെ സമൂഹത്തില്‍ എത്രമാതം വേരാഴ്ത്തിയിട്ടുണ്ടെന്നും, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയും മതപരമായ ആചാരങ്ങളിലൂടെയും ആര്‍.എസ്.എസ് നമ്മളിലെക്കിറങ്ങിവരുന്നുണ്ടെന്നും ഇന്ത്യയിലെ ഇടതു പക്ഷ സംഘടനകള്‍ തിരിച്ചറിയുന്നുണ്ട്.

നീതി, സമത്വം എന്നിവയിലധിഷ്ഠിതമായ, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യാവകാശങ്ങളുള്ള ഒരിന്ത്യയാണ് 1947 ല്‍ നമ്മള്‍ സ്വപ്നം കണ്ടത്. ആ സ്വപ്നം ഇന്നും വിദൂരത്താണ്. ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് നമ്മള്‍ ഈ മയക്കത്തില്‍ നിന്നുണരേണ്ടതുണ്ട്. ഈ രാജ്യത്തെ ജനങ്ങളെന്ന നിലയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും, വിദ്വേഷവും, ഭരണഘടനക്ക് നേരെയുള്ള അക്രമങ്ങളും സ്വീകാര്യമല്ലെന്ന് നമ്മളുറക്കെ പ്രഖ്യാപിക്കണം. നമ്മള്‍ പൊരുതണം. ഭൂരിപക്ഷാധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള അക്രമങ്ങളെ ചെറുക്കുന്നതിനോടൊപ്പം തന്നെ ന്യുനപക്ഷ വര്‍ഗീയതയും നമ്മളെതിര്‍ക്കണം. വര്‍ഷങ്ങളായി നേരിടുന്ന അവഗണനയുടെ പേരുപറഞ്ഞ് തീവ്ര സ്വഭാവമുള്ള സംഘടനകള്‍ ന്യൂനപക്ഷങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതു നമ്മള്‍ ചെറുത്ത് തോല്പ്പിക്കണം.

ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളെ ജനാധിപത്യപരമായ പോരാട്ടങ്ങളിലെക്കെത്തിക്കെണ്ടതുണ്ട്. മുസ്‌ലീങ്ങള്‍ക്ക് മുസ്‌ലിം നേതാവ്, ദളിതര്‍ക്ക് ദളിത് നേതാവ് എന്ന തരത്തിലുള്ള സ്വത്വരാഷ്ട്രീയത്തെ നമ്മളൊരുമിച്ചെതിര്‍ക്കണം. മതനിരപേക്ഷതയിലൂന്നിയ ജനാധിപത്യമാണ് നമ്മുടെ രാജ്യത്തിന്റെ കാതല്‍. ന്യൂനപക്ഷങ്ങള്‍ ജാഗരൂകരാവേണ്ടതുണ്ട്. മതത്തിന്റെ പേരില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന എല്ലാ രാഷ്ട്രീയ നീക്കങ്ങളെയും നമ്മള്‍ തള്ളിക്കളയേണ്ടതുണ്ട്. ഈ രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയും സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞയെടുക്കാന്‍ നമ്മളോരോരുത്തരും തയ്യാറാവണം.

(“ബാത്തെയ്ന്‍ അമന്‍ കീ യാത്ര” മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെത്തിയപ്പോള്‍ ശബ്നം ഹഷ്മി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ.)

തയ്യാറാക്കിയത്: അജിത്ത് രുഗ്മിണി