ജാതി ബ്രാഹ്മണ്യത്തിന്റെ അധികാരത്തെ പുനസ്ഥാപിക്കാനുള്ള ശ്രമമാണ് ശബരിമല വിവാദം : സുനില്‍.പി.ഇളയിടം
ശ്രീജിത്ത് ദിവാകരന്‍

സുനില്‍ പി ഇളയിടത്തിന് മലയാളികള്‍ക്ക് പ്രത്യേകിച്ച് ആമുഖമോ മുഖവുരയോ ഒന്നും ആവശ്യമില്ല. ഇന്ത്യ എന്ന സാംസ്‌കാരിക വ്യവഹാരത്തെത്തെ കുറിച്ച്, ചരിത്രമെന്ന് നാം അറിയുന്ന നിര്‍മ്മിത യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച്, ഹൈന്ദവത എന്ന് നമ്മളിന്ന് വിളിക്കുന്ന സാമൂഹിക പ്രതിഭാസത്തിന്റെ രൂപപ്പെടലിനെ കുറിച്ച് എന്നിങ്ങനെ സമകാലികമായ ജീവിതാന്തരീക്ഷത്തിലെ പ്രധാനപ്പെട്ട പല മൂഹൂര്‍ത്തങ്ങളേയും വിശദീകരിക്കാനും വ്യാഖ്യാനിക്കാനും സുനില്‍. പി.ഇളയിടം നിരന്തരമായി ശ്രമിക്കുന്നുണ്ട്. സവിശേഷമായ ഒരു കേരളീയ അന്തരീക്ഷത്തില്‍ ജാതിയും അതിഹൈന്ദവവുമായ ചില കാരണങ്ങള്‍ നമ്മുടെ സാംസ്‌കാരിക മുന്നേറ്റത്തെയും നവോത്ഥാനത്തെയുമെല്ലാം തടസപ്പെടുത്തുന്ന തരത്തില്‍ ഇടപ്പെടുന്ന സാഹചര്യത്തിലാണ് സുനില്‍ പി. ഇളയിടമായുള്ള ഈ അഭിമുഖം.

കേരളത്തില്‍ ശബരിമലയെ സംബന്ധിച്ച് ഒരു അനാവശ്യമെന്ന് നമുക്ക് മനസിലാക്കാന്‍ പറ്റുന്ന ഒരു വിവാദമിപ്പോള്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. ആ വിവാദം നമ്മള്‍ വിചാരിക്കുന്ന ഒരു ഹൈന്ദവ ഘട്ടത്തില്‍ നിന്ന് രാഷ്ട്രീയ തരത്തിലേക്ക് ഉയരുന്നുമുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസ്സ് പത്തനംതിട്ട ജില്ല കേന്ദ്രീകരിച്ച് സുപ്രീംകോടതി വിധിക്കെതിരെ ഉപവാസം നടത്തി കഴിഞ്ഞു. അത്തരം ഒരു സാഹചര്യത്തില്‍ എങ്ങനെയാണ് ഈ വിഷയത്തെ രാഷ്ട്രീയപരമായും സാംസ്‌കാരികപരമായും കേരളം നേരിടേണ്ടത്. ?

ഈ ശബരിമല പ്രശ്നത്തിന് ആദാരമായ കാര്യങ്ങളെ രണ്ട് മൂന്ന് തരത്തില്‍ നമുക്ക് സമീപിക്കാന്‍ പറ്റും. ഒന്നിപ്പോള്‍ പറയുന്ന ഈ ക്ഷേത്രാചാരമെന്ന പ്രശ്നം, മറ്റൊന്ന് ക്ഷേത്രം,മതം,വിശ്വാസം ഇതിനെയൊക്കെ ഏത് നിലയിലാണ് മനസ്സിലാക്കേണ്ടത്. നേരത്തെ ശ്രീജിത്ത് പറഞ്ഞപ്പോലെ ഈ നവോത്ഥാനവും ആധുനികതയുടെയും ഘട്ടത്തില്‍ ഇത് എങ്ങനെയാണ് മനസ്സിലാക്കപ്പെട്ടത് എന്ന പ്രശ്നം. മൂന്നാമതൊരു കാര്യം ഈ വിധിയിലേക്ക് കോടതി എത്തിച്ചേരുന്നതിന് ആധാരമായിട്ടുള്ള ഭരണഘടനാപരമോ നിയമപരമോ ആയ തലങ്ങള്‍ എന്തൊക്കെയാണെന്നുള്ള പ്രശ്നം. പിന്നെ ഒരു പക്ഷേ കാര്യമായിട്ട് ചര്‍ച്ചയില്‍ വന്നിട്ടില്ലാത്തതാണ് ക്ഷേത്രത്തിന്റെ ഒരു ചരിത്രം എന്ന് പറയുന്നതെന്താണ്.

 

ശബരിമല ക്ഷേത്രം എന്താണ് എന്നത് ചര്‍ച്ചയില്‍ കാര്യമായിട്ട് ഒന്നയിക്കപ്പെടുന്നില്ല. മറ്റേത് ഭാഗികമായിട്ടെല്ലാം വരുന്നുണ്ട്. ഈ നാല് പ്രശ്നങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ആചാരമെന്നു പറയുന്നതിനെ മുന്‍നിര്‍ത്തി ആലോചിച്ചാല്‍ വാസ്തവത്തില്‍ നമ്മുടെ നവോത്ഥാനത്തിന്റെയും ആധുനികതയുടെയും അടിസ്ഥാന സ്വഭാവം ആചാരലംഘനമായിരുന്നു. ആചാരമായിരുന്നു മതത്തില്‍ നിന്ന് മൂല്യമായ മതത്തിലേക്കുള്ള ഒരു പരിവര്‍ത്തനത്തിനുള്ള ശ്രമമാണ് നവോത്ഥാനത്തിന്റെ പ്രധാനപ്പെട്ട അംശങ്ങളിലൊന്ന്. ഇപ്പോള്‍ നോക്കൂ ആചാരമാണ് ശരിയെങ്കില്‍ നാരായണഗുരു തെറ്റാണ്. തന്ത്രമാണ് ശരിയെങ്കില്‍ ഗുരു ഇല്ലല്ലോ. വിഗ്രഹപ്രതിഷ്ഠയിലായാലും ഗുരു പുലര്‍ത്തിയ ഒരു സംമ്പ്രദായത്തിലും ആചാരങ്ങളില്ല.

ആചാരങ്ങളെ മുഴുവന്‍ ലംഘിച്ചിട്ടാണ് ഈ ആധുനികതയുടെ മൂല്യങ്ങളിലേക്ക് ഗുരു മതത്തെയും വിശ്വാസങ്ങളെയുമൊക്കെ കൊണ്ട് വന്നത്. കണ്ണാടി പ്രതിഷ്ഠിക്കാന്‍ തന്ത്രവിദ്യയുണ്ടോ എന്നത് എനിക്കറിയില്ല. കെടാ വിളക്ക് വയ്ക്കാനായിട്ടോ, സത്യം, ധര്‍മ്മം, ദയ എന്നിങ്ങനെ വാക്ക് എഴുതിവയ്ക്കാനായിട്ടോ ഒന്നും തന്ത്രവിദ്യയുണ്ടാകില്ല. ഗുരു അന്ന് ചെയ്തത് ആചാരത്തില്‍ നിന്ന് മതത്തെ ധാര്‍മിക മൂല്യമായിട്ട് കാണുക, ആ ധാര്‍മിക മൂല്യത്തിന്റെ ആവിഷ്‌കാരത്തിന് ഉതകുന്ന ഒന്നായിട്ട് ഈ ദൈവസങ്കല്‍പ്പത്തെയും ക്ഷേത്രത്തെയുമൊക്കെ മാറ്റുക എന്നതായിരുന്നു. ഇപ്പോള്‍ തിരിച്ച് ക്ഷേത്രത്തെ ആചാരമാക്കുക, ആചാരത്തിനപ്പുറം മൂല്യങ്ങളൊന്നും പ്രസ്‌ക്തമല്ല, ഭരണഘടനപ്പോലും പ്രസക്തമല്ല എന്നു പറയുകയും ചെയ്യുന്നു.

കേന്ദ്രസര്‍ക്കാരിനോട് പ്രത്യേകിച്ചും നരേന്ദ്രമോദിയോട് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നുള്ള ആവശ്യമാണ് കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായിട്ടുള്ള രമേശ്ചെന്നിത്തല മുന്നോട്ട് വച്ചിരിക്കുന്നത്

ഇന്നിപ്പോള്‍ രമേശ് ചെന്നിത്തല പോയി സത്യാഗ്രഹം ഇരിക്കുമ്പോള്‍ വാസ്തവത്തില്‍ 1924 ല്‍ വൈക്കം സത്യാഗ്രഹം കോണ്‍ഗ്രസ്സ് നടത്തിയത് ഇതിന്റെ മറുപുറത്താണ്. മാര്‍ക്സ് പറഞ്ഞത് നടക്കുകയാണ് “ഫസ്റ്റ് അസ് ട്രാജഡി, ദെന്‍ അസ് ഫാഴ്സ്” (ചരിത്രം ആവര്‍ത്തിക്കപ്പെടും, ആദ്യം ദുരന്തമായി, പിന്നീട് പ്രഹസനമായി എന്ന കാള്‍മാര്‍ക്സിന്റെ നിരീക്ഷണം) എന്ന്. 1924ല്‍ ചെയ്തതിന്റെ വിപരീതക്രിയയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ല. പക്ഷേ സംഭവിക്കുന്നത് അതാണ്.

അന്ന് ഗാന്ധിജിയും,ടി.കെ.മാധവനും കോണ്‍ഗ്രസ്സും ദേശീയപ്രസ്ഥാനവും എല്ലാം അയിത്തത്തിനെതിരെയാണ് സമരം നടത്തിയത്. അണ്‍ടച്ചബിലിറ്റിയെക്കുറിച്ച് ഭരണഘടനാ ചര്‍ച്ചകളുടെ സന്ദര്‍ഭത്തിലും ഭരണഘടന വന്ന സമയത്തും അണ്‍ടച്ചബിലിറ്റി അടിസ്ഥാന മൗലികഅവകാശത്തിന്റെ നിഷേധമാണെന്നതു കൊണ്ട് തള്ളിക്കളഞ്ഞക്കാര്യമാണ്. ഈ അണ്‍ടച്ചബിലിറ്റിയുടെ മറ്റൊരു രൂപമാണ് ആര്‍ത്തവത്തെ മുന്‍നിര്‍ത്തി സ്ത്രീകള്‍ക്കെതിരെയെന്നതാണ് കോടതി ഇപ്പോള്‍ വിധിച്ചിട്ടുള്ളത്. വാസ്ത്തവത്തില്‍ ഈ അയിത്തത്തെ, ഭരണഘടന ഒഴിവാക്കിയ, ദേശീയപ്രസ്ഥാനം തള്ളിപ്പറഞ്ഞ സമരം ചെയ്ത് നേടിയെടുത്ത അയ്ത്തോച്ചാടനത്തെ പുനര്‍സ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

 

ഇവിടെ എനിക്കി ഒരു കാര്യം കൂടി തോന്നുന്നത് ഇവിടെ ആചാരം എന്ന് പറയുന്നു, വാസ്തവത്തില്‍ ആചാരം ബ്രാഹ്മണാചാരമാണ്. അല്ലാതെ ഇവരെല്ലാചാരങ്ങള്‍ക്കും വേണ്ടിയൊന്നും വാദിക്കുന്നില്ല. ഇപ്പോള്‍ വനവാസികള്‍ക്കുണ്ടായിരുന്ന ആചാരപരമായ അവകാശങ്ങള്‍ ക്ഷേത്രത്തില്‍ ചിലതുണ്ട്, അത് പോയി. വെടിപഴിപാടിന്റെ അവകാശം ഈഴവര്‍ക്കായിരുന്നു എന്ന് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു, അത് പോയി. അങ്ങനെ ഈ ബ്രാഹ്മണാചാരങ്ങള്‍ ക്ഷേത്രങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും അതാണ് ക്ഷേത്രം എന്ന് വരുത്തുകയുമാണ് ചെയ്യുന്നത്. ഇപ്പോള്‍ പ്രയാര്‍ ഗോപാലകൃഷ്ണന്റെ സമയത്തായിരിക്കണം അയ്യപ്പസ്വാമി ക്ഷേത്രമാക്കിയത്. അതിന് മുന്‍പ് ധര്‍മ്മശാസ്താവിന്റെ ക്ഷേത്രമാണ്. ധര്‍മ്മശാസ്താവാണ് എങ്കില്‍ ഇവര്‍ പറയുന്ന ബ്രഹ്മചര്യം നില്‍ക്കില്ല. ധര്‍മ്മശാസ്താവാണെങ്കില്‍ സ്ത്രീപ്രവേശന വിലക്കും നില്‍ക്കില്ല, അല്ലെങ്കില്‍ യുവതീ പ്രവേശന വിലക്കും നില്‍ക്കില്ല.

പുരാണം അനുസരിച്ച് തന്നെ ധര്‍മ്മശാസ്താവിന് രണ്ട് പത്നിമാരുണ്ട്, മകനുണ്ട്. അതുകൊണ്ട് സ്ത്രീവിരോധിയാകില്ല. ധര്‍മ്മശാസ്താവിലാണ് അയ്യപ്പന്‍ ലയിച്ചതെങ്കില്‍ മൂലപ്രതിഷ്ഠ ധര്‍മ്മശാസ്താവാകും. അപ്പോള്‍ ബ്രഹ്മചര്യം പറയാന്‍ പറ്റില്ല. കോടതിയില്‍ കേസ് വന്നപ്പോള്‍ ക്ഷേത്രത്തിന്റെ പേരുമാറ്റിയ ആളുകളാണിത്. അങ്ങനെയും കൂടി നോക്കണം. കോടതിയില്‍ കേസ് വന്നപ്പോള്‍ ക്ഷേത്രത്തിന്റെ പേരുമാറ്റിയ ആളുകളാണ്.

വാസ്തവത്തില്‍ ഇത് ആചാരം നോക്കിക്കഴിഞ്ഞാല്‍ 1950ല്‍ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തെ തുടര്‍ന്ന് 1951 ല്‍ പുനര്‍പ്രതിഷ്ഠ നടത്തിയതിന് ശേഷമാണ് സ്ത്രീപ്രവേശനം വിലക്കുന്ന ആദ്യ ഉത്തരവ്. അപ്പോഴും അത് നടപ്പാക്കപ്പെട്ടിട്ടൊന്നുമില്ല. പലപ്പോഴും അതിന് മുന്‍പും പിന്‍പും സ്ത്രീകള്‍ കേറിയിട്ടുണ്ട്. 1986 ല്‍ സിനിമാ ചിത്രീകരണം നടന്നിട്ടുണ്ട്. 1991 ല്‍ ദേവസ്വം കമ്മീഷ്ണറുടെ മകളുടെ ചോറൂണ് നടന്നിട്ടുണ്ട്. വാസ്ത്തവത്തില്‍ 1991 ല്‍ ആ പ്രശനത്തിലുണ്ടായ കോടതി വിധിയാണ് ഇപ്പോഴത്തെ ഈ വിലക്കിന്റെ അടിസ്ഥാനം. എന്നുപറഞ്ഞു കഴിഞ്ഞാല്‍ 25 വര്‍ഷത്തെ ചരിത്രമാണ് കര്‍ക്കശമായ യുവതീപ്രവേശന വിലക്കിന് ഉളളൂ. മൊത്തത്തിലെടുത്താല്‍ പോലും ഒരു എഴുപതു വര്‍ഷത്തെ ചരിത്രമേ ഉള്ളൂ. അങ്ങനെ ആയിരിക്കുമ്പോള്‍ ഈ ആചാരം എന്നുപറയുന്നതിന് എന്ത് അര്‍ത്ഥമാണ് ഉള്ളത്.

പല ആചാരങ്ങള്‍ക്കെതിരെയുള്ള സമരമായിരുന്നില്ലേ നവോത്ഥാനം ആകെ കൂടെ നോക്കിയാല്‍?

അതേ, നമ്മള്‍ തുടക്കത്തില്‍ പറഞ്ഞ എത്രയോ ആചാരങ്ങള്‍ ഉണ്ടായിരുന്നു. ഈ ആചാരങ്ങളുടെ നവീകരണമായിരുന്നല്ലോ നമ്മുടെ നവോത്ഥാനത്തിന്റെ മുഖ്യ താല്‍പ്പര്യം. അപ്പോള്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ തന്നെ നടന്ന സമരങ്ങളുണ്ട്. ഗുരുവായൂര്‍ സത്യാഗ്രഹമുണ്ട്, വൈക്കം സമരമുണ്ട്. കമ്മ്യൂണിസ്റ്റ്കാര്‍ നടത്തിയ പാലിയം സത്യാഗ്രഹമുണ്ട്..എത്രയോ സമരങ്ങള്‍. ഇതിന്റെ മുഴുവന്‍ ചരിത്രത്തെയും, ഞാനിത് കാണുന്നത് വാസ്ത്തവത്തില്‍ പള്ളിക്കൂടത്തില്‍ പുലയര്‍ക്കുട്ടികള്‍ക്ക് പ്രവേശനം കൊടുത്തപ്പോള്‍ അത് തടയാന്‍ ചെന്ന പഴയ നായര്‍ മാടമ്പിമ്മാരുണ്ടല്ലോ..ആ നായര്‍ജാതി മേധാവിത്വത്തിന്റെ മറ്റൊരു തരത്തിലുള്ള മടങ്ങി വരവാണ്. വാസ്തവത്തില്‍ ഇത് ആചാരത്തിന്റെ പുനര്‍സ്ഥാപനം എന്നതിനോടൊപ്പം തന്നെ വാസ്തവത്തില്‍ ഒരു ജാതി അധികാരത്തിന്റെ പുനര്‍സ്ഥാപനം കൂടി ഇതിന് പുറകിലുണ്ട്. അല്ലാതെ കേവലം ആചാരം എന്ന് പറയുന്നു എന്നേയുള്ളൂ.

 

അത് ഞാന്‍ പറയുന്നത് എന്താണെന്നുവച്ചാല്‍ മുന്‍പ് ഈ ക്ഷേത്രപ്രവേശനത്തിനെതിരെയോ അല്ലെങ്കില്‍ പുലയക്കുട്ടികളുടെ സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനെതിരെയൊക്കെ ഉയര്‍ന്നു വന്ന ജാതി പ്രാമാണ്യത്തിന്റെ മറ്റൊരു രൂപത്തിലുള്ള വരവും കൂടി ഇതിനകത്തുണ്ട്. അത് പുറമേയ്ക്ക് കാണില്ല എന്നേയുള്ളൂ. കാരണം ഉറപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന ആചാരം മേല്‍ജാതിയാണ്, ബ്രാഹ്മണാചാരമാണ്. മറ്റ് ആചാരങ്ങളൊന്നുമല്ല ഇതിനകത്ത് പ്രധാനമായി വരുന്നത്. എന്തായാലും ഞാന്‍ പറഞ്ഞത് അതുകൊണ്ട് ഈ ആചാരങ്ങള്‍ എന്നുപറയുന്നത് ക്ഷേത്രത്തിന്റെയോ വിശ്വാസത്തിന്റെയോ കേന്ദ്രമാകുന്നതോടെയാണ് വാസ്ത്തവത്തില്‍ മതം കെട്ടുപോകുന്നത്. ഏത് മതവും കെട്ടുപോകാന്‍ ആചാരങ്ങള്‍ ഉറച്ചാല്‍ മതി. ആചാരത്തെ ഇളക്കി കൊണ്ടോ നവീകരിച്ചു കൊണ്ടോ മതങ്ങളും നന്നായിട്ട് നിലനിന്നിട്ടുള്ളൂ. അപ്പോള്‍ അത് ഇതിലൊരു സുപ്രധാന പ്രശ്നമാണ്. ഇതിപ്പോള്‍ രണ്ടാമത് ഇത് കോടതി വിധിയില്‍ പരിഗണിച്ച പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്.

കോടതി വിധി ചൂണ്ടിക്കാണിക്കുന്നത് സ്ത്രീകള്‍ക്കെതിരെ വിവേചനം പാടില്ല എന്നു തന്നെയല്ലേ?

രണ്ട് മൂന്ന് കാര്യങ്ങളുണ്ട് വിധിയില്‍. ഒന്ന് ഈ മതവിശ്വാസത്തില്‍ വിവേചനമാകാമോ, ഇപ്പോള്‍ ഭരണഘടനയുടെ 25ാം അനുച്ഛേദം എല്ലാ വ്യക്തികള്‍ക്കും മതം വിശ്വസിക്കാനും, പ്രചരിപ്പിക്കാനും, ആചരിക്കാനും അവകാശം കൊടുക്കുന്നു. അതില്‍ വിവേചനം പാടില്ല എന്നുതുകൊണ്ടാണ് അണ്‍ടച്ചബിളിറ്റി ഭരണഘടനാ വിരുദ്ധമായത്. വിവേചനം ഉണ്ട് എന്നുള്ളതുകൊണ്ട്. അതേ വിവേചനത്തെ തന്നെയാണ് ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീയെ ഒഴിവാക്കുന്നത് വഴി പുനര്‍സ്ഥാപിക്കുന്നത്. ചന്ദ്രചൂഢിന്റെ വിധിയില്‍ അദ്ദേഹം അത് കൃത്യമായിട്ട് പറഞ്ഞിട്ടുമുണ്ട്. ഇത് അയിത്തത്തെ മടക്കി കൊണ്ടു വരുന്ന അതേ പരിപാടിയാണ് നടക്കുന്നത്. കാരണം ഒരു വ്യക്തിയുടെ മൗലികഅവകാശത്തെക്കാള്‍ ഉയരത്തില്‍ ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ പ്രതിഷ്ഠിക്കാന്‍ പറ്റില്ല.

കൃത്യമായി പറഞ്ഞാല്‍ സോഷ്യല്‍ മൊറാലിറ്റിയും കോണ്‍സ്റ്റിറ്റിയൂഷനല്‍ മൊറാലിറ്റിയും തമ്മിലൊരു വൈരുദ്ധ്യം വന്നാല്‍ കോണ്‍സ്റ്റിറ്റിയൂഷനല്‍ മൊറാലിറ്റിയെ ഒരു ഭരണകൂടത്തിന് ഉയര്‍ത്തിപ്പിടിക്കാന്‍ പറ്റും. അല്ലാതെ നിങ്ങള്‍ക്കൊരു ജാതി ആചാരമുണ്ട് അതുകൊണ്ട് താണൊരാളെ കണ്ടാല്‍ തല്ലിക്കൊല്ലുമെന്ന് പറഞ്ഞാല്‍ നടക്കില്ലല്ലോ, മുന്‍പ് ചെയ്തിരുന്നതാണല്ലോ…മുന്‍പ് ചെയ്തിരുന്ന മുലക്കരം ഒരു ജാതിയാചാരമായിരുന്നു. അങ്ങനെ പലതും ഉണ്ടായിരുന്നു.

 

ഭരണകൂടം നിലവില്‍ വരുമ്പോള്‍ എല്ലാ പൗരന്മാരും തുല്യന്മാരാണെന്ന് പറഞ്ഞിട്ട്, ചിലരോട് നിങ്ങള്‍ ഇല്ല അക്കൂട്ടത്തില്‍ എന്ന് കൂടെ പറയാന്‍ പറ്റില്ല. അതുകൊണ്ട് ഒന്നെങ്കില്‍ ഇവര്‍ ചെയ്യേണ്ടത് ഭരണഘടന തിരുത്താന്‍ ആവശ്യപ്പെടണം. പൗരന്മാരെല്ലാം തുല്യന്മാരല്ലാ സ്ത്രീകള്‍ക്ക് പാതി പൗരത്വമേയുള്ളൂ എന്ന വ്യവസ്ഥ ഉണ്ടാക്കണം. അതെല്ലാതെ ഇവര്‍ പറയുന്നതില്‍ യാതൊര്‍ത്ഥവുമില്ല. അതാണ് കോടതി ചൂണ്ടിക്കാണിച്ച പ്രധാനപ്പെട്ട ഒരു കാര്യം. അതുകൊണ്ട് തന്നെ ലിംഗപരമായ ഒരു വിവേചനത്വം മുന്‍നിര്‍ത്തി ക്ഷേത്ര സന്ദര്‍ശനം വിലക്കുന്നത് ഉള്‍ക്കൊള്ളാനാകില്ല, ഇതാണ് ഒരു കാര്യം.

രണ്ടാമത്തേത് ഈ അയ്യപ്പഭക്തന്മാര്‍ എന്ന് പറയുന്നത് ഒരു സവിശേഷ ഭക്തസമൂഹമാണോ എന്നകാര്യം കോടതി പരിശോധിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഭക്തസമൂഹങ്ങള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടല്ലോ, അങ്ങനെ നോക്കുമ്പോള്‍ ശബരിമല അയ്യപ്പഭക്തന്‍മാര്‍ ഒരു പ്രത്യേക സംഘമല്ല. കാരണം കേരളത്തില്‍ തന്നെ നൂറ് കണക്കിന് അയ്യപ്പക്ഷേത്രങ്ങളുണ്ട്, ഇന്ത്യയില്‍ ആയിരക്കണക്കിന് അയ്യപ്പക്ഷേത്രങ്ങളുണ്ട്. ഇവിടെയെല്ലാം ആരാണ് പോകുന്നത്? ഹിന്ദു വിശ്വാസികളാണ്. അപ്പോള്‍ ഹിന്ദുമതത്തിന്റെ ഒരു ആരാധന കേന്ദ്രമാണ് അതെല്ലാതെ ഒരു സപ്പറേറ്റ് സെറ്റാകാനുള്ള ഒരടയാളവും ഇവര്‍ക്കില്ല. അങ്ങനെയാണെങ്കില്‍ പിന്നെ സ്ത്രീകളെ അവിടെ മാത്രമായിട്ട് വിലക്കുന്നതിന് ന്യായമൊന്നുമില്ല. ഇതാണ് രണ്ടാമത് ചൂണ്ടിക്കാണിച്ച കാര്യം.

മൂന്നാമത് ഈ വിധിയില്‍ വളരെ പ്രധാനപ്പെട്ടത് എന്നു പറയാന്‍ എനിക്കി തോന്നുന്ന മറ്റൊരു കാര്യം ഈ മതങ്ങളുടെയോ വിശ്വാസ സമൂഹങ്ങളുടെയോ ആചാരങ്ങള്‍ ജൂഡീഷ്യല്‍ സ്‌ക്രൂട്ടിനിക്കി വിധേയമാക്കാന്‍ പറ്റില്ല എന്ന പഴയ ഉത്തരവ് കോടതി ഇവിടെ തിരുത്തിയിട്ടുണ്ട്. അത് പ്രധാനപ്പെട്ട കാര്യമാണ്. 1951 ലെ ബോംബെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ആ വിലക്ക് നിലനിന്നിരുന്നത്, അത് ചന്ദ്രചൂഢ് പറഞ്ഞിട്ടുമുണ്ട്. ഗോസ്റ്റ് ഓഫ് നരസ്സു എന്ന് പറഞ്ഞ് നരസ്സോത്തമലി കേസിലെ വിധി, അത് ജൂഡീഷ്യല്‍ സ്‌ക്രൂട്ടിക്കിനി വിധേയമാക്കാമെന്നും ഭരണഘടനാപരമായ മൗലീക അവകാശങ്ങക്കെതിരായിട്ട് മാറുകയാണെങ്കില്‍ കോടതിക്ക് അത് പരിശോധിക്കാമെന്നും കോടതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ബി തള്ളിക്കളഞ്ഞത്.

വാസ്തവത്തില്‍ മൂന്ന് ബി എന്ന് പറയുന്നത് മൂന്നിനും നാലിനും എതിരാണ്. കാരണം മൂന്നാമത്തെ വകുപ്പ് 1965 ലെ ഹിന്ദു പൊതു ആരാധനാ സ്ഥലപ്രവേശനചട്ടങ്ങളില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശിക്കാം എന്നുള്ളതാണ്. എല്ലാഹിന്ദുക്കള്‍ക്ക് പ്രവേശിക്കാം എന്ന് പറയുന്നതിന്റെ പിന്നാലെ പറയുന്നു സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന്, അല്ലെങ്കില്‍ ഇത്തരം പ്രായമുള്ള സ്ത്രീകള്‍ പ്രവേശിച്ചുകൂടാ എന്ന്, അതില്‍ ഏറ്റവും വലിയ തമാശ നാലാമത്തെ വകുപ്പ് എന്താണെന്നു വച്ച് കഴിഞ്ഞാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ അതില്‍ വിവേചനം ഉണ്ടാകരുത് എന്നുള്ളതാണ്. കോടതി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട് മൂന്നാം വകുപ്പിനും നാലാം വകുപ്പിനും എതിരാണ് ഇതിനിടയിലുള്ള മൂന്ന് ബി. അതുകൊണ്ട് തന്നെ ഇത് നിലനില്‍ക്കില്ല, ഈ ചട്ടം തന്നെ പരസ്പരവിരുദ്ധമാണെന്നും എന്ന് പറഞ്ഞാണ് തള്ളിക്കളഞ്ഞത്. അങ്ങനെ നിയമപരമായി യാതൊരു നിലയിലും വാലിഡിറ്റിയില്ലാത്ത ഒരു കാര്യമാണ്, ഭരണഘടനാപരമായി. അത് കോടതിയുടെ മുന്‍പില്‍ ഭരണഘടനവച്ച്, നിയമ വ്യവസ്ഥ വച്ച് പരിശോധിക്കാന്‍ പറ്റും, ആ പരിശോധനയില്‍ ഇത് നില്‍ക്കില്ല. അത് വ്യക്തമായ കാര്യമാണ്.

 മതത്തെ ഒരു മൂല്യമായി കാണാതെ ആചാരമായി കാണുന്നതിന്റെ പ്രശ്നങ്ങളെ കുറിച്ച് ഗുരുവിനെ ഉദ്ധരിച്ച് നേരത്തേ പറഞ്ഞിട്ടുള്ളത് ഓര്‍ക്കുന്നു.

കൂടുതല്‍ പ്രധാനമായി എനിക്ക് തോന്നുന്നത് മതത്തെ അതിന്റെ ധാര്‍മ്മികമായ മാനമായി കാണാതെ മതത്തെ ആചാരരൂപമായി കാണുക എന്ന് പറയുന്ന ഏര്‍പ്പാടാണ്, അതാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മതത്തിന്റെ ഒരു ധാര്‍മിക തലത്തെ ഉയര്‍ത്തി കൊണ്ടു വരുമ്പോള്‍ മാത്രമാണ് മതത്തിന് നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. പക്ഷേ അത് പൗരോഹിത്യത്തിനോ മതത്തെ കേന്ദ്രീകരിക്കുന്ന ആളുകള്‍ക്കോ താല്‍പര്യമുള്ള കാര്യമല്ല. അതുകൊണ്ട് അവര്‍ മതത്തെ ആചാരത്തിലേക്ക് മടക്കി കൊണ്ടുവരാനായിട്ട് ശ്രമിക്കുന്നത്. ആ ശ്രമമാണ് ഇത് വാസ്തവത്തില്‍ പുനരുജ്ജീവന വാദത്തിന്റെ അടിസ്ഥാന സ്വഭാവമാണ്. നവോത്ഥാനത്തെ മൂല്യമാക്കാണെങ്കില്‍ പുനരുജീവനം എപ്പോഴും ആചാരമാക്കും, ഇതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

അവസാനമായിട്ടുള്ള ഇതിന്റെ കാര്യം എന്ന് പറയുന്നത് ഇതിന്റെ ചരിത്രമാണ്, അത് വളരെ വിസ്തരിച്ച് നോക്കേണ്ട കാര്യമാണ്. പക്ഷേ ഒരു കാര്യം പറയാം ശബരിമല ധര്‍മ്മശാസ്താക്ഷേത്രം എന്ന് പറയുന്നത് ഓരൊറ്റ ധാരയില്‍ വികസിച്ചു വന്നതൊന്നുമല്ല. അതില്‍ തന്ദേശീയമായ ആരാധനാ സങ്കല്‍പ്പങ്ങളുണ്ട്, അയ്യന്‍, അയ്യനാര് എന്നൊക്കെ പറയുന്ന ഭൗതപാരമ്പര്യമുണ്ട്, ശാസ്താവ് എന്ന് പറയുന്നത് തന്നെ ബുദ്ധന്റെ പര്യായമാണ്. ധര്‍മ്മം ബുദ്ധധര്‍നമ്മത്തെ സൂചിപ്പിക്കുന്ന ആശയമാണ്. ശരണം വിളി ഭൗതപാരമ്പര്യമാണ്, വിഗ്രഹ പ്രതിഷ്ഠാരൂപത്തില്‍ ഭൗതശില്‍പ്പകലയുടെ ധാരാളം അടയാളങ്ങളുണ്ട്. ഇപ്പോള്‍ ഔറംഗാബാദില്‍ ആറാം നമ്പര്‍ഗുഹയിലെ ശില്‍പ്പം നോക്കിയാല്‍ അയ്യപ്പനോട് വളരെ സാദൃശ്യമുണ്ട്, ഐക്കണോഗ്രഫിക്കല്‍ ആയിട്ട്. അങ്ങനെ ഏതൊല്ലാം ഘടകങ്ങള്‍. ഇപ്പോള്‍ നമ്മുടെ നരവംശ ചിന്തകനായിട്ടുള്ള എ.അയ്യപ്പന്‍ അദ്ദേഹം പറയുന്നത് സാമന്തഭദ്രബോധിസ്വത്വനാണ് ഈ ധര്‍മ്മശാസ്താവ് എന്നാണ്. അവലോകിതേശ്വരനാണെന്നാണ് കേസരിയില്‍ പറയുന്നുണ്ട്. അങ്ങനെ എത്രയോ തലത്തില്‍.

 

ഞാന്‍ പറയുന്നത് ബുദ്ധപാരമ്പര്യം മാത്രമല്ല കരിമാടിക്കുട്ടന്‍, ഹരിഹരപുത്രന്‍, ധര്‍മ്മശാസ്താവ്, അയ്യന്‍ അങ്ങനെ ഒരു കാലഘട്ടത്തില്‍ വികസിച്ച് വന്ന എത്രയോ ദൈവസങ്കല്‍പ്പങ്ങള്‍ കൂടിക്കലര്‍ന്ന് നില്‍ക്കുന്ന മനോഹരമായിട്ടുള്ള സ്ഥാനമാണ്, അതിന്റെ വലിപ്പം മനസ്സിലാക്കാന്‍ പറ്റാതെ പൗരോഹിത്യ അധികാരത്തെ പുനര്‍സ്ഥാപിക്കാന്‍ വേണ്ടിയിട്ടാണ് വാസ്തവത്തില്‍ ഇപ്പോള്‍ നടക്കുന്നത്. അതുകൊണ്ട് ഏത് നിലയിലുള്ള പരിശോധനയിലും അത് ചരിത്രമാകട്ടെ, മതത്തിന്റെ മൂല്യസംഹിതകളാകട്ടെ, നിയമപരമാകട്ടെ, ആചാരപരമാകട്ടെ ഈ സ്ത്രീപ്രവേശന നിഷേധത്തെ അല്ലെങ്കില്‍ യുവതീ പ്രവേശനം എന്ന് അവര്‍ പറയുന്നതിനെ വിലക്കാന്‍ കഴിയില്ലാ എന്നാണ് ഞാന്‍ കരുതുന്നത്.

പക്ഷേ ഇതിനെ മുന്‍ നിര്‍ത്തി ഒരു പൊളിറ്റിക്കല്‍ ഗ്യാബിളിങ്ങിനാണ് ഹിന്ദുത്വം ശ്രമിക്കുന്നത്, കോണ്‍ഗ്രസ്സ് നിര്‍ഭാഗ്യവശാല്‍ അതേ വഴിക്കി കീഴ്പ്പെടുകയാണ് ചെയ്യുന്നത്. ഇത് പണ്ട് 1986ല്‍ ഷബാനൂ കേസില്‍ ചെയ്ത അതേ പണിയാണ്. ബാബരീമസ്ജിദ് തുറന്ന് കൊടുത്തത് ഇവരാണ്. ചരിത്രം ഇവരെ ഒന്നും പഠിപ്പിക്കുന്നില്ല. വിജയന്‍ മാഷ് പറഞ്ഞത് ഇതാണ്, ചരിത്രതത്തില്‍ നിന്ന് പഠിക്കുന്ന വരെ ഒരു പാഠവും ചരിത്രം നമ്മെ പഠിപ്പിക്കില്ല എന്നുള്ളതാണ്. അതേ അസ്സംബന്ധമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് ചെയ്തോണ്ടിരിക്കുന്നത്.

 അതുപോലെ ഈ പറയുന്ന പന്തളം രാജകുടുംബം, തന്ത്രികുടുംബം എന്നൊക്കെ പറയുന്ന ചില കുടുംബങ്ങള്‍ ചേര്‍ന്നിട്ട് ഇതിനെ ഒരു രാഷ്ട്രീയ അട്ടിമറിക്ക ശ്രമിക്കുന്ന രീതിയിലേക്ക്, അതുപോലെ ജെല്ലിക്കെട്ട് മാതൃകയില്‍ ആളുകള്‍ സംഘടിക്കണമെന്ന് ആവശ്യപ്പെടുന്ന രൂപത്തില്‍ സംഘാടനം നടക്കുന്നുണ്ട്. സോഷ്യല്‍മീഡിയിലാണെങ്കിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലാണെങ്കിലും പുറത്താണെങ്കിലും ആണത്തം ഭീഷണികളുമായി ഇറങ്ങുന്നുമുണ്ട്. അതായത് ബ്രഹ്മചര്യത്തിന് അടിസ്ഥാനമായുള്ള ഭക്തസങ്കല്‍പ്പത്തില്‍ പ്രാര്‍ത്ഥനക്ക് പോകുന്നവരാണ്, യുവതികള്‍ ശബരിമലയില്‍ കയറിയാല്‍ സന്നിധാനത്ത് വച്ച് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുമെന്നുള്ള ഒരു പുരുഷമേധാവിത്വഭീഷണിയുമായി ഇറങ്ങുന്നത്.

അത് ശരിക്കും ആ നിലയിലെ, ഒരു പുരുഷാധികാരത്തിന്റെയും അതുപോലെ ജാതിമേധാവിത്വത്തിന്റെയും ബ്രാഹ്മണാധിപത്യത്തിന്റെയും എല്ലാം ഒരു സംയോജിതമായൊരു വരവാണ്. അതിനെ ഹിന്ദുത്വം എന്‍ക്യാഷ് ചെയ്യാന്‍ ശ്രമിക്കാണ്. നിര്‍ഭാഗ്യവശാല്‍ ഇവര്‍ കൊണ്ടുപോയി തല അതില്‍ വച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. വാസ്ത്തവത്തില്‍ നാരായണ ഗുരുവിനെ അപ്പോപ്രിയേറ്റ് ചെയ്യാനുള്ള ഹിന്ദുത്വത്തിന്റെ ശ്രമം പാളിയതിന് ശേഷം അവര്‍ അതിന് രണ്ടാമതൊരു സമരമുഖം തുറക്കാന്‍ ശ്രമിക്കുന്നതാണ് ഈ ശബരിമല വിഷയത്തെ മുന്‍നിര്‍ത്തി. അത് അടുത്ത ഒരു സമരമുഖമാണ്. അതിനെ കേരളത്തിന് മറികടക്കാന്‍ കഴിയും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ പല നിലകളില്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇതിന്റെ ചരിത്രം നിയമവുമെല്ലാം മനസിലാക്കുന്നതും അതിനെ കൗണ്ടര്‍ ചെയ്യുന്ന ഒരു സമീപനം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

പക്ഷേ അത്ഭുതകരമായിട്ട് തോന്നുന്നത് കേരളത്തിലെ സാമുദായിക സംഘടനകളെടുക്കുന്ന പ്രതിരോധപരമായിട്ടുള്ള നിലപാടാണ്. ഒരു പക്ഷേ എനിക്ക് തോന്നുന്നു കെ.പി.എം.എസോ മറ്റോ മാത്രമാണ് ഇതിന് അനുകൂലമായിട്ടുള്ള നിലപാട് എടുത്തിട്ടുള്ളത് എന്നാണ്

അത് എന്താണെന്ന് വച്ച് കഴിഞ്ഞാല്‍ നമ്മുടെ ഈ സമുദായപ്രസ്ഥാനങ്ങള്‍ വന്ന സമയത്ത് ജാതീയമായിട്ടാണവ നിലവില്‍ വന്നതെങ്കില്‍ലും ജാതിവിമര്‍ശനമായിരുന്നു അതിന്റെ കേന്ദ്ര താല്‍പര്യം. ഇന്നിപ്പോള്‍ ഈ ജാതിവിമര്‍ശനം പോയി ജാതീയത മാത്രമേ ഉള്ളൂ. ഇന്ന് സമുദായത്തില്‍ സമുദായം എന്ന പേരേ ഉള്ളൂ, ഉള്ളില്‍ ഉളളത് പുനര്‍സംഘടിപ്പിക്കപ്പെട്ട ജാതിയാണ്. അത് പഴയജാതിയല്ല. ആധുനികമായ രൂപത്തില്‍ പുതുതായി സംങ്കല്‍പ്പിക്കപ്പെട്ട ജാതിയാണ്. ഇപ്പോള്‍ എന്‍.എസ്.എസ് തന്നെ നോക്കൂ വൈക്കം സത്യാഗ്രഹത്തിന്റെ കാലത്ത് സവര്‍ണ്ണജാഥയാണ് നടന്നത്. ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് എന്‍.എസ്.എസ് ജാഥ നടത്തിയത്. ഇന്നിപ്പോള്‍ എന്‍.എസ്.എസ് ഈ പ്രവേശനത്തിന് എതിരെ സമരം നടത്തുകയും തിരുത്തല്‍ ഹര്‍ജി കൊടുക്കാനായിട്ട് ശ്രമിക്കുകയും ചെയ്യുകയാണ്. അത് പൊതുവില്‍ നമ്മുടെ സമുദായ പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ചൊരു തകര്‍ച്ചയുണ്ട്. ആ തകര്‍ച്ചയുടെ നല്ലൊരു ഉദാഹരണമാണ്. പിന്നെ എനിക്കി തോന്നിയൊരു കാര്യം കേരളത്തില്‍ ഇതിനെതിരെ ഉയര്‍ന്നു വരേണ്ട അത്ര ശക്തമായ പ്രതികരണം വേണ്ട അളവില്‍ വരുന്നില്ല എന്നൊരു തോന്നല്‍ ഉണ്ട്. ഇപ്പോള്‍ ഫ്രാങ്കോമുളയ്ക്കലിന്റെ കേസിലോ ഉണ്ടായ ഒരു പൊതുബോധത്തിന്റെ അതുപോലയുള്ള ഒരു ഉണര്‍വ്വ് വാസ്തവത്തില്‍ കാണുന്നില്ല.

ശ്രീജിത്ത് ദിവാകരന്‍
ഡൂള്‍ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.