ആലപ്പുഴ: എസ്.എഫ്.ഐക്കും സി.പി.ഐ.എം നേതാക്കള്‍ക്കുമെതിരെ അമ്പലപ്പുഴ മണ്ഡലത്തില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി.സുധാകരന്‍.
കേരള മനസാക്ഷിയെ ഉലച്ച എസ്.എഫ്.ഐ പ്രവര്‍ത്തകനും തന്റെ സഹോദരനുമായ ജി. ഭുവനേശ്വരന്റെ കൊലപാതകത്തിന് സാഹചര്യമൊരുക്കിയത് എസ്.എഫ്.ഐയാണെന്ന് ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സംസാരിക്കവെ ജി. സുധാകരന്‍ ആരോപിച്ചു.
കോളേജ് കലാപമുണ്ടായപ്പോള്‍ പോകേണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. അവന്‍ നേരെ പാര്‍ട്ടി ഓഫീസില്‍ പോയി. അന്ന് പാര്‍ട്ടി പ്രസിഡന്റ് മുന്‍ എം.എല്‍.എയായ പി.കെ. കുമാരന്‍ ആണ്. പെട്ടെന്ന് കോളജില്‍ പോകാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എസ്.എഫ്.ഐ ഗുണ്ടകളാണ് കൊല്ലാന്‍ സാഹചര്യം ഉണ്ടാക്കിയത്.
ഭുവനേശ്വരനെ നിര്‍ബന്ധിച്ച് കോളജില്‍ വിട്ടത് പന്തളത്തെ സി.പി.ഐ.എം നേതാക്കന്മാരാണ്. അന്ന് പ്രശ്‌നമുണ്ടായപ്പോള്‍ അക്രമികളായ എസ്.എഫ്.ഐക്കാര്‍ ഓടി ഭുവനേശ്വരന്റെ മുറിയില്‍ കയറി. പിന്നാലെ അടി കൊണ്ട കെ.എസ്.യുക്കാര്‍ വന്നു. എസ്.എഫ്.ഐക്കാര്‍ ഭുവനേശ്വരനെ ഉപേക്ഷിച്ച് ജനാല തുറന്ന് പൈപ്പു വഴി രക്ഷപ്പെട്ടു. അന്ന് എസ്.എഫ്.ഐ നേതാക്കള്‍ ഓടി അവന്റെ മുറിയില്‍ കയറിയില്ലായിരുന്നുവെങ്കില്‍ കൊലപാതകം നടക്കില്ലായിരുന്നുവെന്നും ജി. സുധാകരന്‍ പറഞ്ഞു.
പിണറായി വിജയന്റെയോ എ. വിജയരാഘവന്റെയോ എം.വി. ഗോവിന്ദന്റെയോ വീട്ടില്‍ രക്ഷസാക്ഷികള്‍ ഉണ്ടോയെന്നും ജി. സുധാകരന്‍ ചോദിച്ചു.
ഇതേ പരിപാടിയില്‍ സംസാരിക്കവെ സി.പി.ഐ.എം കേന്ദ്രക്കമ്മിറ്റി അംഗവും ആലപ്പുഴയുടെ തെരഞ്ഞെടുപ്പ് ചുമതലയുമുള്ള നേതാവ് സി.എസ്. സുജാതക്കെതിരെ സുധാകരന്‍ ജാതി അധിക്ഷേപവും നടത്തി. സുജാത നായരെന്ന് അറിയിക്കാന്‍ മുല്ലയും തുളസിയും തലയില്‍ ചൂടുമെന്നും നായന്മാരുടെ വീട്ടിലേ വോട്ട് തേടി പോകൂവെന്നും ജി. സുധാകരന്‍ അധിക്ഷേപിച്ചു.
അമ്പലപ്പുഴയിലെ ചുമതലക്കാരിയാണെന്നാണ് പറയുന്നത്. അവര്‍ ഇവിടെ മലമറിക്കുകയാണോ? സുജാതയെ ഇവിടെ ആര്‍ക്കെങ്കിലും പരിചയമുണ്ടോ? സുജാത അങ്ങോട്ടു ചെന്നാല്‍ നായന്മാരെല്ലാം വോട്ടു ചെയ്യുമെന്നാണ് ധാരണ. സുജാതയ്ക്ക് നാണമില്ലേയെന്നും ജി. സുധാകരന്‍ ചോദിച്ചു.
ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ല അവരുടെ സ്ഥലം കായംകുളം ആണ്, എന്നിട്ട് അമ്പലപ്പുഴ വന്ന് നിൽക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി നായരെയും ധീവരനെയും തെറ്റിക്കാൻ നടക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
സുധാകരന്റെ വിമര്‍ശനത്തിന് മറുപടിയുമായി സി.എസ്. സുജാതയും രംഗത്തെത്തി. വോട്ട് തേടി എവിടെ വേണമെങ്കിലും പോകാമെന്നും നായന്മാരുടെ വീട്ടില്‍ വോട്ട് ചോദിച്ച് പോയിക്കൂടെയെന്നും അവര്‍ ചോദിച്ചു.
സമൂഹത്തില് ഭിന്നിപ്പുണ്ടാക്കുന്ന പരാമര്‍ശവും അദ്ദേഹം നടത്തി. മത്സ്യത്തിന്റെ മണമുള്ള മണല്‍ ക്ഷേത്രത്തില്‍ അടിച്ചുവെന്നാണ് സുധാകരന്റെ ആരോപണം. കളര്‍കോട് ക്ഷേത്രത്തില്‍ മത്സ്യത്തിന്റെ മണമുള്ള മണല്‍ അടിച്ചെന്ന് സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ലക്ഷ്യം വെച്ചായിരുന്നു ജി. സുധാകരന്റെ പരാമര്‍ശം.
Content Highlight: SFI goons behind Bhuvaneswaran’s murder: G. Sudhakaran