യു.എസില്‍ നാശം വിതച്ച് കൊടുങ്കാറ്റ്; 27 മരണം
World News
യു.എസില്‍ നാശം വിതച്ച് കൊടുങ്കാറ്റ്; 27 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th May 2025, 8:43 am

വാഷിങ്ടണ്‍: യു.എസില്‍ ശക്തമായ കൊടുങ്കാറ്റില്‍ 27 മരണം. മിഡ് വെസ്റ്റ്, ഓഹിയോ റിവര്‍ വാലി പ്രദേശങ്ങളിലുണ്ടായ കൊടുങ്കാറ്റ് വ്യാപകമായ നാശനഷ്ടമാണ് വിതച്ചത്. യു.എസ് സംസ്ഥാനങ്ങളായ മിസൗരി, കെന്റക്കി എന്നിവിടങ്ങളിലാണ്‌ കൊടുങ്കാറ്റ് വീശിയടിച്ചത്. ശക്തമായ കൊടുങ്കാറ്റില്‍ 5000 ത്തോളം കെട്ടിടങ്ങള്‍ തകരുകയും പലസ്ഥലങ്ങളിലും വൈദ്യുതി ബന്ധം തടസപ്പെടുകയും ചെയ്തു.

 കെന്റക്കിയിലെ ലോറല്‍ കൗണ്ടിയില്‍ അര്‍ദ്ധരാത്രിയോടെയുണ്ടായ ചുഴലിക്കാറ്റില്‍ കുറഞ്ഞത് 17 പേര്‍ മരിച്ചുവെന്ന് ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ പറഞ്ഞു. കെന്റക്കിയിലെ പുലാസ്‌കി കൗണ്ടിയില്‍ ഒരാളും കൊല്ലപ്പെട്ടു.

നേരത്തെ മിസൗരി മേയറും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മിസൗരിയില്‍ ഏകദേശം ഏഴോളം പേരാണ് മരണപ്പെട്ടത്. ലോറല്‍ കൗണ്ടിയില്‍ വീടുകളുടെ തകര്‍ന്നുവീണതിന്റേയും, ചുഴലിക്കാറ്റില്‍ കാറുകളും പിക്കപ്പ് ട്രക്കുകളും തകര്‍ന്നതിന്റേയും ആകാശ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ലോറല്‍ കൗണ്ടിയിലെ നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഏറ്റിട്ടുണ്ട്. ചുഴലിക്കാറ്റില്‍ വീടുകള്‍ നഷ്ടപ്പെട്ട 22 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ചുഴലിക്കാറ്റിനെ ഏറ്റവും ശക്തമായ EF5 വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2021 ഡിസംബറില്‍ പടിഞ്ഞാറന്‍ കെന്റക്കിയിലെ മെയ്ഫീല്‍ഡ് പട്ടണത്തിലുണ്ടായ ചുഴലിക്കാറ്റ്‌ ദുരന്തത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് പുതിയ ദുരന്തം. അന്ന് ഗ്രേവ്‌സ് കൗണ്ടിയിലുണ്ടായ ദുരന്തത്തില്‍ 22 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

നേരത്തെ, സെന്റ് ലൂയിസിലുണ്ടായ ചുഴലിക്കാറ്റില്‍ അഞ്ച് പേര്‍ മരിക്കുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മേയര്‍ കാര സ്‌പെന്‍സര്‍ പറഞ്ഞു.

വെള്ളിയാഴ്ച മിസിസിപ്പി, ടെന്നസി, ഒഹായോ താഴ്വരകളുടെ ചില ഭാഗങ്ങളില്‍ ഇടിമിന്നല്‍ ശക്തമായതായി നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചു. മിസൗരിയിലും അയല്‍സംസ്ഥാനമായ ഇല്ലിനോയിസിലും കൊടുങ്കാറ്റ് വീശിയടിച്ചിരുന്നു. ന്യൂജേഴ്സിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു കൊടുങ്കാറ്റ് അറ്റ്‌ലാന്റിക് തീരം വരെ വ്യാപിച്ചിരുന്നു.

Content Highlight: Severe storms kill 25 in US states Kentucky and Missouri