യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി അടക്കം ആറ് കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
Kerala News
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി അടക്കം ആറ് കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st May 2025, 4:03 pm

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈന്‍ ലാല്‍ എം.പി അടക്കമുള്ള യുവനേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.

യൂത്ത് കോണ്‍ഗ്രസ് വെങ്ങാനൂര്‍ മണ്ഡലം പ്രസിഡന്റ് നിതിന്‍ എസ്.ബി, രാജാജി നഗര്‍ മുന്‍ യൂണിറ്റ് പ്രസിഡന്റ് നിതിന്‍ എം.ആര്‍, തൃക്കണ്ണാപുരം വാര്‍ഡ് വൈസ് പ്രസിഡന്റ് അമല്‍ സുരേഷ്, അരുവിക്കര മണ്ഡലം പ്രസിഡന്റ് അഖില്‍ രാജ് പി.വി, കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് ആല്‍ഫ്രഡ് രാജ് എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഷൈന്‍ ലാല്‍ രാജിവെച്ചിരുന്നു. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടും സംഘടന യുവാക്കളെ പരിഗണിക്കുന്നില്ലെന്നും അവഗണിക്കുകയാണെന്നുമായിരുന്നു ഷൈന്‍ നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഷൈന്‍ ലാല്‍ ശശി തരൂരിനെതിരെ സ്വതന്ത്രനായി മത്സരിച്ചിരുന്നു. നോട്ടയ്ക്കും പിന്നില്‍ 1483 വോട്ടുകളായിരുന്നു ഷൈന് അന്ന് ലഭിച്ചത്.

അതേസമയം നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും വികസിത കേരളമെന്ന ലക്ഷ്യവും യുവാക്കളെ ആകര്‍ഷിക്കുന്നു എന്നതിന്റെ തെളിവാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടത്തോടെയുള്ള ബി.ജെ.പി പ്രവേശനമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ അവകാശവാദം.

Content Highlight: Seven Congressmen, including former Youth Congress state secretary, join BJP