ഞാന്‍ പറയുന്നത് കേട്ട് മമ്മൂട്ടി ചിരിച്ചു, അവസാനം ആ സീന്‍ കട്ട് ചെയ്തു; സേതുലക്ഷ്മി
Entertainment
ഞാന്‍ പറയുന്നത് കേട്ട് മമ്മൂട്ടി ചിരിച്ചു, അവസാനം ആ സീന്‍ കട്ട് ചെയ്തു; സേതുലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th May 2025, 1:03 pm

 

നാടകത്തിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമയിലേക്ക് വന്ന നടിയാണ് സേതുലക്ഷ്മി. പിന്നീട് അമ്മ വേഷങ്ങള്‍ ചെയ്തും സ്വഭാവനടിയായും മലയാളസിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം, വിനോദയാത്ര , ഭാഗ്യദേവത, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഹൗ ഓള്‍ഡ് ആര്‍ യു, ഉട്ടോപ്യയിലെ രാജാവ് എന്നീ ചിത്രങ്ങളില്‍ സേതുലക്ഷ്മി വേഷമിട്ടിട്ടുണ്ട്.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹൗ ഓള്‍ഡ് ആര്‍ യു റീമേക്കായ 36 വയദിനിലെയില്‍ ജ്യോതികയുടെ കൂടെ തമിഴിലും സേതുലക്ഷ്മി അരങ്ങേറ്റം നടത്തി. സിനിമയിലെ പ്രകടനത്തിന് മികച്ച സഹ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും അവര്‍ സ്വന്തമാക്കി.

രാജാധിരാജ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോള്‍ സേതുലക്ഷ്മി. സിനിമയില്‍ കഥാപാത്രങ്ങള്‍ മമ്മൂട്ടിയും ലക്ഷ്മി റായിയുമായിരുന്നു എന്നും താന്‍ അതില്‍ ഒരു ജോലിക്കാരിയുടെ വേഷമാണ് ചെയ്തതെന്നും സേതുലക്ഷ്മി പറയുന്നു.

ലക്ഷ്മി റായിയുടെ കഥാപാത്രം തന്നോട് ടിഫിനെടുക്കാന്‍ പറയുകയും താന്‍ എടുത്തുകൊണ്ട് വരുകയും ചെയ്യുന്ന ഒരു രംഗമുണ്ടെന്നും അവിടെ തന്റെ ഡയലോഗ് കേട്ട് മമ്മൂട്ടി ചിരിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. എല്ലാത്തിനും ഒരു സമയവും കാലവുമുണ്ടെന്ന് താന്‍ മമ്മൂട്ടിയോട് പറയുന്ന സീനില്‍ മമ്മൂട്ടി ചിരിച്ചെന്നും ആ സീന്‍ അപ്പോള്‍ കട്ട് ചെയ്‌തെന്നും സേതുലക്ഷ്മി കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന് ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍.

രാജാധിരാജ എന്ന പടത്തില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോള്‍, അതില്‍ ലക്ഷ്മി റായി ആയിരുന്നു നടി. സിനിമയില്‍ ഞാന്‍ ജോലിക്കാരിയാണ്. എന്നെ എന്തോ ഒരു പേര് വിളിച്ചിട്ട് ലക്ഷ്മി റായിയുടെ കഥാപാത്രം പറയും ‘ആ ടിഫിന്‍ എടുത്തോളൂ’എന്ന്. അപ്പോള്‍ ഇപ്പോ കൊണ്ടുവരാം എന്ന് പറഞ്ഞിട്ട് ഞാന്‍ ടിഫിന്‍ എടുത്തുകൊണ്ട് തിരിച്ചു വരുമ്പോള്‍ മമ്മൂട്ടിയും ലക്ഷ്മി റായിയും സ്‌നേഹത്തോടെ കെട്ടിപിടിച്ച് നില്‍ക്കുക ആയിരിക്കും. അപ്പോഴാണ് ഞാന്‍ വരുന്നത്.

ഞാന്‍ ‘ഫുഡ് റെഡിയായി’ എന്ന് പറയുമ്പോള്‍ മമ്മൂട്ടി എന്നെ നോക്കിയിട്ട് ‘ശോ സമയവും കാലവും നോക്കാതെ ഓരോന്ന് ഇറങ്ങി വന്നോളും’ എന്ന് പറയുന്നുണ്ട്. ‘എല്ലാത്തിനും ഒരു സമയവും കാലവുമുണ്ട്’ എന്ന് ഞാനപ്പോള്‍ പറഞ്ഞതിന് ബദലായി പറയുന്നുണ്ട്. അതുകേട്ടപ്പോള്‍ മമ്മൂട്ടി ചിരിച്ചു. ചിരിച്ചപ്പോള്‍ ആ സീന്‍ കട്ട് ചെയ്തു. നിങ്ങളാണ് ഇതിന് കാരണക്കാരിയെന്ന് പറഞ്ഞു,’ സേതുലക്ഷ്മി പറയുന്നു.

Content Highlight: Sethulakshmi  sharing her experience of acting alongside Mammootty in the film Rajadhiraja.