മലയാള സിനിമ ടെലിവിഷൻ രംഗത്ത് വളരെ സജീവമായ നടിയാണ് സേതു ലക്ഷ്മി. 2006ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത ‘സൂര്യോദയം‘ എന്ന സീരിയലിലൂടെയാണ് സേതുലക്ഷ്മി സീരിയൽ രംഗത്തേക്ക് വരുന്നത്. ബാലചന്ദ്രൻ മേനോൻ ആയിരുന്നു അത് സംവിധാനം ചെയ്തത്. രസതന്ത്രം , വിനോദയാത്ര , ഭാഗ്യദേവത, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഹൗ ഓൾഡ് ആർ യു, ഉട്ടോപ്യയിലെ രാജാവ് എന്നീ ചിത്രങ്ങളിൽ സേതുലക്ഷ്മി വേഷമിട്ടിട്ടുണ്ട്.
ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൻ്റെ റീമേക്കായ 36 വയദിനിലെയിൽ ജ്യോതികയുടെ കൂടെ തമിഴിലും സേതുലക്ഷ്മി അരങ്ങേറ്റം നടത്തി. നാല് തവണ സംസ്ഥാന പുരസ്കാരങ്ങൾ നടി നേടിയുണ്ട്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സേതുലക്ഷ്മിക്ക് ലഭിച്ചു.
ഇപ്പോൾ മേജർ രവിയെക്കുറിച്ച് സംസാരിക്കുകയാണ് സേതു ലക്ഷ്മി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അഭിനയം കണ്ട് മേജർ രവി വിളിച്ചെന്നും എന്നാൽ താൻ ആളുമാറി സംസാരിച്ചെന്നും സേതുലക്ഷ്മി പറയുന്നു.
എല്ലാം കേട്ട് ക്ഷമയോടെ നിന്ന ശേഷമാണ് മേജർ രവിയാണെന്ന് തന്നോട് പറഞ്ഞതെന്നും അതുകേട്ടപ്പോൾ താൻ ചമ്മിപ്പോയെന്നും നടി പറഞ്ഞു. പിന്നീട് മേജർ രവിയുടെ 1971 ബിയോണ്ട് ബോർഡേഴ്‌സ് എന്ന ചിത്രത്തിൽ അഭിനയിച്ചെന്നും സേതു ലക്ഷ്മി കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയിൽ സംസാരിക്കുകയായിരുന്നു നടി.
‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അഭിനയം കണ്ട് ഒരുദിവസം മേജർ രവി വിളിച്ചു. ആ സിനിമയിൽ ഒപ്പം അഭിനയിച്ച ശ്രീജിത്ത് രവിയാണെന്ന് കരുതി ഞാൻ ഒരുപാടുനേരം സംസാരിച്ചു. അച്ഛൻ ടി.ജി. രവിയുടെ അഭിനയത്തെക്കുറിച്ചൊക്കെ വാതോരാതെ വെച്ചുകാച്ചി. അദ്ദേഹം ക്ഷമയോടെ എല്ലാം കേട്ടു. എന്നിട്ട് പറഞ്ഞു ‘അമ്മേ, ഞാൻ പട്ടാളക്കാരുടെ സിനിമയെടുക്കുന്ന മേജർ രവിയാണ്’ ഞാൻ ആകെ ചമ്മിപ്പോയി.
‘പൊന്നു സാറേ ആളുമാറിപ്പോയതാണ്. തലക്ക് സുഖമില്ലാത്തയാളാണെന്ന് കരുതി സിനിമയിലേക്ക് വിളിക്കാതിരിക്കരുത്’ എന്ന് ഞാൻ പറഞ്ഞു.
അതുകേട്ട് സാർ കുറെ ചിരിച്ചു. പിന്നീട് 1971 ബിയോണ്ട് ബോർഡേഴ്‌സ് എന്ന അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചു. അവിടെ വെച്ച് എപ്പോൾ കണ്ടാലും എന്നെ മനസിലായോ എന്ന് ചോദിക്കും,’ സേതുലക്ഷ്മി പറയുന്നു.
Content Highlight: Sethu Lakshmi Talking about Major Ravi