ന്യൂദല്‍ഹി: കോണ്‍ഗ്രസ് സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോള്‍ ആര്‍.എസ്.എസ് ബ്രിട്ടീഷുകാരുടെ പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആര്‍.എസ്.എസിന്റെ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അവകാശവാദത്തിനെതിരെയായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത എത്ര ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ജയിലടച്ചിട്ടുണ്ടെന്നും എത്ര പേരെ തൂക്കിലേറ്റിയെന്നും ചോദ്യമുന്നയിക്കുന്ന ഖാര്‍ഗെയുടെ വീഡിയോ കോണ്‍ഗ്രസ് എക്‌സില്‍ പോസ്റ്റ് ചെയ്തു. 1942ല്‍ രാജ്യം മുഴുവന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നിന്നപ്പോള്‍ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനാണ് ആര്‍.എസ്.എസ് ലക്ഷ്യമിട്ടതെന്നും ഖാര്‍ഗെ പറഞ്ഞു.
ഭരണഘടനയ്ക്ക് പകരം മനുസ്മൃതിക്ക് വേണ്ടി വാദിക്കുന്ന, ആര്‍.എസ്.സിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാരില്‍ നിന്ന് എങ്ങനെ നീതി ലഭിക്കുമെന്നും ഖാര്‍ഗെ ചോദിച്ചു. മാത്രമല്ല ഹിന്ദു-മുസ്‌ലീം വിഭജനത്തിലൂടെ ജനങ്ങളുടെ മനസില്‍ ആ സമയത്ത് ആര്‍.എസ്.എസ് വിഷം കലര്‍ത്തുകയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ആര്‍.എസ്.എസ് പോലുള്ള വര്‍ഗീയത പരത്തുന്ന ഒരു സംഘടനയുടെ പ്രവര്‍ത്തകര്‍ നേരിട്ട് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ ദൗര്‍ഭാഗ്യമാണ്. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിക്ക് വേണ്ടി വാദിച്ചവര്‍ ഇപ്പോള്‍ നമ്മുടെ രാജ്യത്ത് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമായി മാറുകയാണ്. അവരില്‍ നിന്ന് സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക നീതി എങ്ങനെ ലഭിക്കും? കോണ്‍ഗ്രസ് പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, മറ്റ് വിപ്ലവ സംഘടനകള്‍ എന്നിവയെ നിരോധിച്ചപ്പോള്‍ ബ്രിട്ടീഷ് ഭരണകൂടം ഒരിക്കലും ആര്‍.എസ്.എസിന് ഒരു നിരോധനവും ഏര്‍പ്പെടുത്തിയിരുല്ല.
അവരുടെ ഒരു പ്രവര്‍ത്തകന്‍ പോലും ജയില്‍വാസം അനുഭവിച്ചിട്ടില്ല. ആര്‍.എസ്.എസ് ഹിന്ദു-മുസ്‌ലീം വിഭജനം കൊണ്ട് ജനങ്ങളുടെ മനസില്‍ വിഷം കലര്‍ത്തുകയാണ് ചെയ്തത്. സ്വാതന്ത്ര്യം ലഭിച്ച് 78 വര്‍ഷങ്ങള്‍ക്ക് ശേഷവും ആര്‍.എസ്.എസിന് ഒരേയൊരു അജണ്ട മാത്രമേയുള്ളൂ അത് ഹിന്ദു-മുസ്‌ലീം സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കുക, സ്ഥാപനങ്ങള്‍ പിടിച്ചടക്കുക, വിദ്വേഷങ്ങള്‍ പ്രചരിപ്പിക്കുക, അധികാരം പിടിച്ചെടുക്കുക എന്നിവയാണ്.
അധികാരം ദുരുപയോഗം ചെയ്ത് ആര്‍.എസ്.എസ് ഇന്ന് രാജ്യത്തെ വില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. രാജ്യത്തുണ്ടാകുന്ന മിക്ക പ്രശ്നങ്ങളുടെയും മൂലകാരണം ആര്‍.എസ്.എസ് ആണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. ഈ സംഘടന രാജ്യത്തെ ഇല്ലാതാക്കുന്നത് തടഞ്ഞാല്‍ തന്നെ പകുതിയിലധികം പ്രശ്നങ്ങളും പരിഹരിക്കപ്പെടും,’ അദ്ദേഹം പറഞ്ഞു.
Content Highlight: Senior Congress leader Mallikarjun Kharge criticized the RSS for siding with the British while the Congress fought for independence