ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോടും ലൈറ്റ് ബോയിയോടുമൊക്കെ വളരെ മാന്യമായേ ആ നടന്‍ സംസാരിക്കാറുള്ളൂ: സീമ
Entertainment
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോടും ലൈറ്റ് ബോയിയോടുമൊക്കെ വളരെ മാന്യമായേ ആ നടന്‍ സംസാരിക്കാറുള്ളൂ: സീമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th June 2025, 8:52 am

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സീമ. എണ്‍പതുകളില്‍ മലയാളത്തിലെ വളരെ തിരക്കേറിയ നായികാ നടിയായിരുന്നു ഇവര്‍. സംവിധായകനായ ഐ.വി. ശശിയാണ് സീമയുടെ ജീവിത പങ്കാളി.

സിനിമയില്‍ വരുന്നതിന് മുമ്പ് ഒരു നര്‍ത്തകിയായിരുന്ന സീമയുടെ അഭിനയത്തില്‍ വഴിത്തിരിവായത് അവളുടെ രാവുകള്‍ എന്ന സിനിമയായിരുന്നു. 1978ല്‍ ഐ.വി. ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്.

ഇപ്പോള്‍ നടന്‍ ജയനെ കുറിച്ച് പറയുകയാണ് സീമ. അദ്ദേഹം ജീവിതത്തില്‍ നല്ല അച്ചടക്കം പുലര്‍ത്തിയിരുന്നെന്നും സൈനികജീവിതം നല്‍കിയതാവാം ഈ ചിട്ടയെന്നും നടി പറയുന്നു. എത്ര ചെറിയ വേഷമാണെങ്കിലും അതിന് തന്റെതായ ഒരു ടച്ച് നല്‍കാന്‍ ജയന്‍ ശ്രമിച്ചിരുന്നുവെന്നും സീമ കൂട്ടിച്ചേര്‍ത്തു.

‘ജയന്‍ എന്ന നടന്‍ ജീവിതത്തില്‍ നല്ല അച്ചടക്കം പുലര്‍ത്തിയിരുന്നു. സൈനികജീവിതം നല്‍കിയതാവാം ഈ ചിട്ട. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോടും എന്തിന് ലൈറ്റ് ബോയിയോട് പോലും വളരെ മാന്യമായേ ജയേട്ടന്‍ സംസാരിക്കാറുണ്ടായിരുന്നുള്ളൂ.

എത്ര ചെറിയ വേഷമാണെങ്കിലും അതിന് തന്റെതായ ഒരു ടച്ച് നല്‍കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ ജയേട്ടന്റെ കഥാപാത്രം പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും ചെയ്യും. അപ്പോഴും വില്ലന്‍വേഷങ്ങള്‍ തുടര്‍ച്ചയായി വന്നതില്‍ ചെറിയൊരു മടുപ്പ് ജയേട്ടനുണ്ടായിരുന്നു.

പലപ്പോഴും ഇക്കാര്യം അദ്ദേഹം ശശിയേട്ടനോട് തുറന്നു പറഞ്ഞിരുന്നു. എന്നാലും വലിയ ക്ഷമയുള്ള മനസായിരുന്നു അദ്ദേഹത്തിന്. ആറ് വര്‍ഷം മാത്രം നീണ്ടു നിന്ന അഭിനയജീവിതത്തില്‍ ഒട്ടേറെ പേര്‍ അദ്ദേഹത്തിന്റെ നായികമാരായി വന്നെങ്കിലും ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികയാവാനുള്ള ഭാഗ്യം ലഭിച്ചത് എനിക്കായിരുന്നു.

അങ്ങാടി, കരിമ്പന, മീന്‍, കാന്തവലയം, ബെന്‍സ് വാസു, മൂര്‍ഖന്‍, തടവറ, സര്‍പ്പം, അന്തഃപ്പുരം, മനുഷ്യമൃഗം, അനുപല്ലവി, അങ്കക്കുറി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഞാന്‍ അദ്ദേഹത്തിന്റെ നായികയായി. എല്ലാ ചിത്രങ്ങളും വമ്പന്‍ ഹിറ്റുകളുമായിരുന്നു,’ സീമ പറയുന്നു.

Content Highlight: Seema Tallks About Actor Jayan