'ഒരു ഷോട്ടെങ്കിലും തരൂ'വെന്ന് കമല്‍ ഹാസന്‍; ആ മലയാള സിനിമയിലെ റോള്‍ അദ്ദേഹം ചോദിച്ചു വാങ്ങിയത്: സീമ
Entertainment
'ഒരു ഷോട്ടെങ്കിലും തരൂ'വെന്ന് കമല്‍ ഹാസന്‍; ആ മലയാള സിനിമയിലെ റോള്‍ അദ്ദേഹം ചോദിച്ചു വാങ്ങിയത്: സീമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th May 2025, 3:31 pm

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സീമ. എണ്‍പതുകളില്‍ മലയാളത്തിലെ വളരെ തിരക്കേറിയ നായികാ നടിയായിരുന്നു ഇവര്‍. സംവിധായകനായ ഐ.വി. ശശിയാണ് സീമയുടെ ജീവിത പങ്കാളി.

സിനിമയില്‍ വരുന്നതിന് മുമ്പ് ഒരു നര്‍ത്തകിയായിരുന്ന സീമയുടെ അഭിനയത്തില്‍ വഴിത്തിരിവായത് അവളുടെ രാവുകള്‍ എന്ന സിനിമയായിരുന്നു. 1978ല്‍ ഐ.വി. ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്.

സീമയുടെ കരിയറിലെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നായാണ് അവളുടെ രാവുകളെ കണക്കാക്കുന്നത്. സിനിമയില്‍ കമല്‍ ഹാസനും ഐ.വി. ശശിയും ഒരു റെയില്‍വേ സ്‌റ്റേഷന്‍ സീനില്‍ കാമിയോ റോള്‍ എന്നോണം വന്നിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് സീമ.

കമല്‍ ഹാസന്‍ ആ സീന്‍ സംവിധായകന്‍ ഐ.വി. ശശിയോട് ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് നടി പറയുന്നത്. ഇരുവരും നല്ല അടുപ്പത്തിലായിരുന്നുവെന്നും അവര്‍ ഒരുമിച്ച് 19 പടങ്ങളോ മറ്റോ ചെയ്തിട്ടുണ്ടെന്നും സീമ കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

അവളുടെ രാവുകള്‍ സിനിമയിലെ ആ കാമിയോ റോള്‍ കമല്‍ ഹാസന്‍ അന്ന് ശശിയേട്ടനോട് ചോദിച്ച് വാങ്ങിയതാണ്. ‘എനിക്ക് എന്തെങ്കിലും ഒന്ന് താ, അല്ലെങ്കില്‍ ഞാന്‍ ഒന്ന് നടക്കട്ടെ’ എന്ന് അദ്ദേഹം പറയുകയായിരുന്നു.

അങ്ങനെയാണ് റെയില്‍വേ സ്റ്റേഷനിലൂടെ നടക്കുന്ന സീനില്‍ കമല്‍ വരുന്നത്. അനുമോദനം എന്ന ഒരു പടം ചെയ്യാനുണ്ടായിരുന്നു. അതിന്റെ ഇടയില്‍ ഗ്യാപിലാണ് അവളുടെ രാവുകള്‍ സിനിമ ചെയ്യുന്നത്.

അന്ന് കമല്‍ വന്നപ്പോള്‍ ‘ശശി എനിക്ക് ഒരു ഷോട്ട് താ’ എന്ന് പറഞ്ഞിട്ടാണ് ആ സിനിമയില്‍ വരുന്നത്. ശശിയേട്ടനും കമലും നല്ല അടുപ്പത്തിലായിരുന്നു. അവര്‍ ഒരുമിച്ച് 19 പടങ്ങളോ മറ്റോ ചെയ്തിട്ടുണ്ട്,’ സീമ പറയുന്നു.


Content Highlight: Seema Talks About Kamal Haasan And Avalude Ravukal Movie