പൃഥ്വിരാജ് സുകുമാരന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ എമ്പുരാന്‍ സിനിമ സംബന്ധിച്ച് വിവാദങ്ങള്‍ കനത്തപ്പോള്‍ സിനിമാമേഖലയില്‍ നിന്ന് ഈ വിഷയത്തെ സംബന്ധിച്ചുള്ള പ്രതികരണങ്ങള്‍ വളരെ വിരളമായിരുന്നു. ചിത്രം തിയേറ്ററില്‍ എത്തിയതിന് പിന്നാലെ പൃഥ്വിരാജിനും മോഹന്‍ലാലിനും മുരളി ഗോപിക്കും എതിരെ വലിയ സൈബര്‍ ആക്രമണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതിനിടയില്‍ നടി സീമ ജി. നായര്‍ എമ്പുരാന്‍ സിനിമ കണ്ട ശേഷം അതിനെ പ്രശംസിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. പിന്നാലെ അവര്‍ക്ക് വലിയ സൈബര്‍ ആക്രമണങ്ങളായിരുന്നു നേരിടേണ്ടി വന്നത്. ഇപ്പോള്‍ കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ച് പറയുകയാണ് സീമ.
‘ലാലേട്ടന്റെ അടുത്ത പടത്തില്‍ ചാന്‍സ് കിട്ടുമെന്നോ പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയില്‍ എന്നെ നായികയാക്കുമെന്നോ കരുതിയിട്ടല്ല ഞാന്‍ എമ്പുരാനെ കുറിച്ച് പോസ്റ്റിട്ടത്. അല്ലെങ്കില്‍ ആന്റണി പെരുമ്പാവൂര്‍ ഇനി നിര്‍മിക്കുന്ന എല്ലാ പടങ്ങളിലും എനിക്ക് അമ്മ വേഷം തരുമെന്നോ ആഗ്രഹിച്ചിട്ടില്ല.
എമ്പുരാന്‍ സിനിമ ഞാന്‍ ആദ്യ ദിവസം തന്നെ കണ്ടിരുന്നു. എനിക്ക് ആ സിനിമ കണ്ടിട്ട് ആദ്യം ഒന്നും തോന്നിയില്ല. എനിക്ക് ബുദ്ധിയും ബോധവും ഉറക്കാത്തത് കൊണ്ടാണോ എന്നറിയില്ല. അതിന്റെ അകത്തുള്ള സംഭവവികാസങ്ങളെ കുറിച്ചൊന്നും ഞാന്‍ നോക്കിയില്ല.
ഞാന്‍ ആ സിനിമയുടെ ടെക്‌നിക്കല്‍ സൈഡാണ് നോക്കിയത്. പൃഥ്വിയും ലാലേട്ടനും ആന്റണി പെരുമ്പാവൂരുമൊക്കെ ഒരുപാട് രാജ്യങ്ങളില്‍ പോയി ഷൂട്ട് ചെയ്ത സിനിമയാണ്. അതിന് അവര്‍ എടുത്ത എഫേര്‍ട്ടുണ്ട്. അതിനെ നമുക്ക് അംഗീകരിക്കാതിരിക്കാന്‍ പറ്റില്ല.
അല്ലാതെ നടന്ന കലാപത്തെ കുറിച്ചൊന്നും ഞാന്‍ ദൈവത്തിനാണേ ചിന്തിച്ചിട്ടില്ല. ഞാന്‍ പടം കണ്ട ശേഷം അതിനെ കുറിച്ച് പറഞ്ഞ് ഒരു പോസ്റ്റിട്ടു. എനിക്ക് പിന്നെ തെറികളുടെ അഭിഷേകമായിരുന്നു. എല്ലാവിധ തെറികളും എന്നെ അവര്‍ വിളിച്ചിട്ടുണ്ട്.
എനിക്ക് എന്റെ അടുത്ത കൂട്ടുകാരോട് പോലും തുറന്നു പറയാന്‍ കഴിയാത്ത രീതിയിലുള്ള തെറികളാണ് കേള്‍ക്കേണ്ടി വന്നത്. ആരാണ് അതെന്നൊന്നും എനിക്ക് അറിയില്ല. ആ വിളിച്ചവര്‍ക്ക് അറിയാം. വെറും തെറി മാത്രമല്ല കമന്റിലൂടെ അവര്‍ പറയുന്നത്.
അവര്‍ ലാലേട്ടന്റെ കഥ മുതല്‍ പറഞ്ഞു തുടങ്ങും. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ഒരു പടത്തിലോ മറ്റോവാണ് അഭിനയിച്ചിരിക്കുന്നത്. മഹാസമുദ്രം എന്ന സിനിമയിലായിരുന്നു അത്. ഞാന്‍ എന്റെ അമ്മൂമയെ കണ്ട ഓര്‍മ പോലുമില്ല. ആ അമ്മൂമ ഈ തെറിവിളി കേട്ടിട്ട് എന്റെ മുന്നില്‍ വന്ന് നിന്നിട്ടുണ്ട്,’ സീമ ജി. നായര്‍ പറയുന്നു.
Content Highlight: Seema G Nair Talks About Empuraan Movie