മോഹന്‍ലാലിന്റെ വില്ലനായി പദ്മരാജന്‍, അമേരിക്കയില്‍ ഷൂട്ട്; ചിത്രത്തിന് സംഭവിച്ച കാര്യങ്ങള്‍ തുറന്നുപറഞ്ഞ് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്
Mollywood
മോഹന്‍ലാലിന്റെ വില്ലനായി പദ്മരാജന്‍, അമേരിക്കയില്‍ ഷൂട്ട്; ചിത്രത്തിന് സംഭവിച്ച കാര്യങ്ങള്‍ തുറന്നുപറഞ്ഞ് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th September 2019, 10:53 am

മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേയ്ക്കുയര്‍ത്തിയ ചിത്രങ്ങളില്‍ നല്ലൊരു വിഭാഗവും ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ പിറന്നതാണ്. 1986ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ മോഹന്‍ലാലിന് താരപരിവേഷം നേടി കൊടുത്ത ആദ്യ ചിത്രമാണെന്ന് പറയാം. അതിന്റെ തിരക്കഥ ഡെന്നിസ് ജോസഫിന്റെതാണ്.

തുടര്‍ന്ന് നമ്പര്‍ 20 മദ്രാസ് മെയില്‍, അപ്പു, ഇന്ദ്രജാലം തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചു. ഹിറ്റു ചിത്രങ്ങളായിരുന്നു ഇവയെല്ലാം.

അപ്പു എന്ന ചിത്രത്തിന് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു വലിയ ചിത്രം താന്‍ പ്ലാന്‍ ചെയ്തിരുന്നതായി ഡെന്നിസ് ജോസഫ് പറയുന്നു. സംവിധായകന്‍ പദ്മരാജനായിരുന്നു ആ സിനിമയില്‍ മോഹന്‍ലാലിന്റെ വില്ലന്‍.

‘ഒരു വലിയ സംഗീതജ്ഞന്‍ അമേരിക്കയില്‍ കച്ചേരിക്ക് പോകുന്നതും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ തിരോധാനവും ഒക്കെയായിരുന്നു ഇതിവൃത്തം. സംഗീതജ്ഞനെ തേടിപോകുന്ന കൊച്ചുമകനായി മോഹന്‍ലാലും. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായിട്ടും ആ സിനിമ യഥാര്‍ത്ഥ്യമായില്ല.’- ഡെന്നിസ് ജോസഫ് പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പ്രസിദ്ധ സംഗീതജ്ഞരെ പീഡിപ്പിച്ചും തടവിലിട്ടും അവരെ മറ്റ് രീതിയില്‍ ബ്ളാക്ക് മെയില്‍ ചെയ്തും അവരുടെ സൃഷ്ടികള്‍ സ്വന്തമാക്കി വിജയിക്കുന്ന ഒരു ക്രിമിനല്‍ ജീനിയസിന്റെ കഥയാണ് ഞാന്‍ എഴുതിയത്. മുത്തച്ഛന്റെ വേഷത്തില്‍ ആദ്യം നെടുമുടി വേണുവിനെയാണ് ഉദ്ദേശിച്ചതെങ്കിലും പിന്നീട് സുബിന്‍ മേത്തയെ പോലൊരാള്‍ വേണമെന്ന് തോന്നി. ഇന്ത്യന്‍ വംശജനായ പാശ്ചാത്യ സംഗീതജ്ഞന്‍.

500 പീസ് ഓര്‍ക്കസ്ട്രയൊക്കെ വച്ച് ഭീകരമായി സംഗീതം ഒരുക്കുന്നു. ഒരു ക്രിമിനല്‍ ജീനിയസ്. ആ റോളില്‍ ആരെ അഭിനയിപ്പിക്കും എന്ന് ആശങ്കയായി. അവസാനം ഒരാള്‍ മനസിലെത്തി. തീരുമാനം സെവന്‍ ആര്‍ട്സ് വിജയകുമാറിനോട് പറഞ്ഞു. വിജയകുമാറിനും സന്തോഷമായി. അദ്ദേഹം സമ്മതിക്കുമെങ്കില്‍ ഓകെ എന്നു പറഞ്ഞു. ഞാന്‍ മനസില്‍ കണ്ടത് പദ്മരാജനെയായിരുന്നു. അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞപ്പോള്‍, പപ്പേട്ടന് ആദ്യം തമാശ തോന്നി പിന്നീട് സമ്മതിച്ചു.’

‘ഒരുദിവസം പപ്പേട്ടന്‍ എന്നെ വിളിച്ചു. എനിക്ക് രാത്രിയില്‍ കിടന്നിട്ട് ഉറക്കം വരുന്നില്ല. അഭിനയിക്കണം എന്ന് നീ പറഞ്ഞപ്പോള്‍ ആദ്യം സമ്മതിച്ചെങ്കിലും പിന്നെ ഒരു സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട റോള്‍ ആദിമധ്യാന്തം ഉള്ള ഒരു വില്ലന്‍ റോള്‍ അഭിനയിക്കുക എന്നു പറഞ്ഞാല്‍ പേടി തോന്നുന്നു. എന്നെ ഒഴിവാക്കണം എന്നു പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഞങ്ങള്‍ നിരാശരായി വേറെ ആളെ നോക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആ സിനിമ നടന്നില്ല. എന്റെ സിനിമയ്ക്ക് കുറച്ചുകൂടി വിപുലമായ സൗകര്യങ്ങള്‍ വേണം. അത്ര സൗകര്യം ഒരുക്കിയെടുത്ത് അമേരിക്കയില്‍ സിനിമ ചെയ്യാന്‍ നിര്‍മ്മാതാവിന്റെ സ്ഥിതിയും സന്നാഹവും പോരാതെ വന്നു. ആ പ്രോജക്ട് അങ്ങനെ ഉപേക്ഷിച്ചു’.- ഡെന്നിസ് ജോസഫ് ഓര്‍ക്കുന്നു.

മനു അങ്കിളിനു ശേഷം ചെയ്യാനിരുന്ന സിനിമ ഇതായിരുന്നെന്നും ഡെന്നിസ് ജോസഫ് പറഞ്ഞു. അമേരിക്കയായിരുന്നു സിനിമയുടെ ലൊക്കേഷനായി തീരുമാനിച്ചിരുന്നത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-ശ്രീനിവാസന്‍ ടീമിന്റെ ‘അക്കരെ അക്കരെ അക്കരെ’ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ തന്നെ ഈ സിനിമയും ഷൂട്ട് ചെയ്യാനായിരുന്നു പ്ലാനെന്നും ഡെന്നിസ് ജോസഫ് പറഞ്ഞു.