ഇന്നാണ് ദേവാസുരം വരുന്നതെങ്കില്‍ ആദ്യ ദിവസം തന്നെ വിമര്‍ശിക്കപ്പെടും: അഭിലാഷ് പിള്ള
Entertainment
ഇന്നാണ് ദേവാസുരം വരുന്നതെങ്കില്‍ ആദ്യ ദിവസം തന്നെ വിമര്‍ശിക്കപ്പെടും: അഭിലാഷ് പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th June 2025, 4:12 pm

ഇന്നത്തെ സിനിമകള്‍ക്ക് വേണ്ടി ഡയലോഗുകള്‍ എഴുതുമ്പോള്‍ ഭയങ്കരമായി ശ്രദ്ധിക്കേണ്ട അവസ്ഥയാണെന്നും സ്ത്രീവിരുദ്ധത പോലുള്ള കാര്യങ്ങള്‍ സിനിമകളില്‍ ഉള്‍പ്പെടുത്താന്‍ ആവില്ലെന്നും  തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.

ദേവാസുരം പോലൊരു സിനിമ ഇന്നെഴുതുകയാണെങ്കില്‍ ഉറപ്പായും നമ്മള്‍ വിമര്‍ശിക്കപ്പെടുമെന്നും അഭിലാഷ് പിള്ള പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിലാഷ് പിളള.

‘ഞാന്‍ ഒരു സിനിമ എഴുതിക്കഴിഞ്ഞാല്‍ ആ സിനിമയുമായി ഒരു ബന്ധവുമില്ലാത്തവരെ വിളിച്ച് അത് കാണിക്കാനാണ് ആഗ്രഹിക്കുക. എവിടെയാണ് നെഗറ്റീവ് എന്ന് അറിയാന്‍ വേണ്ടിയാണ് അത്.

അങ്ങനെയുള്ളവരെ കാണിച്ചാല്‍ കൃത്യമായ സാധനം കിട്ടും. എന്റെ കൂടെയുള്ളവര്‍ അടിപൊളി ചേട്ടാ, ഉഗ്രന്‍ സാധനം എന്നുപറയും, അത് നമ്മളെ വിഷമിപ്പിക്കാതെ ഇരിക്കാന്‍ പറയുന്നതാണ്.

നമ്മള്‍ എന്ത് വലിയ ബാഹുബലി ചെയ്താലും ആദ്യ ദിവസം ജനങ്ങള്‍ തരുന്ന റിവ്യൂ ആണ് യഥാര്‍ത്ഥ റിവ്യൂ. അത് കിട്ടണമെങ്കില്‍ നമ്മള്‍ നല്ല പണിയെടുക്കണം. അതുകൊണ്ടാണ് സിനിമ നല്ല സമയമെടുത്ത് ചെയ്യുന്നത്.

പണ്ട് ഒരു സിനിമ ഇറങ്ങിയാല്‍ മൗത്ത് പബ്ലിസിറ്റി മതി. ഇന്നത്തെ പോലെ സോഷ്യല്‍മീഡിയ ഇല്ല. റിവ്യൂ ഇല്ല. റിവ്യൂവേഴ്‌സ് ഇല്ല. ഇന്ന് ഒരു സിനിമ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എങ്ങനെ ഇവരെയൊക്കെ തൃപ്തിപ്പെടുത്താമെന്നാണ്.

ഞാന്‍ ആലോചിക്കുന്നുണ്ട് ഒരു സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞാല്‍ റിവ്യൂവേഴ്‌സിനെ മൊത്തം വിളിച്ചിട്ട് ഒരു നരേഷന്‍ സെഷന്‍ വെച്ചാലോ എന്ന്. അല്ല ഇവര്‍ പറയുമല്ലോ എന്തൊക്കെയാണ് പ്രശ്‌നമെന്ന്. ഇത് മോശമായിട്ട് പറഞ്ഞതല്ല.

ശരിക്കും ഇതൊക്കെ നല്ലതാണെന്നേ ഞാന്‍ പറയൂ. അപ്പോള്‍ നമ്മള്‍ നല്ലതാക്കാന്‍ ശ്രമിക്കും. ഇപ്പോള്‍ നമ്മള്‍ പേടിച്ചാണല്ലോ സിനിമ ചെയ്യുന്നത്. ആരും കുറ്റം പറയരുത്, സിനിമ ഹിറ്റാകണം, പ്രൊഡ്യൂസര്‍ക്ക് കാശ് കിട്ടണം ഇങ്ങനെയുള്ള കാര്യങ്ങളൊക്കെയുണ്ട്.

പ്രത്യേകിച്ച് ഡയലോഗ് എഴുതുമ്പോള്‍ ഭയങ്കര ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. കാരണം പണ്ട് ദേവാസുരം എഴുതുമ്പോള്‍ രഞ്ജിത്തേട്ടന്‍ അതില്‍ മംഗലശേരി നീലകണ്ഠന്‍ സ്ത്രീവിരുദ്ധത പറയുന്ന ഡയലോഗ് വെച്ചിട്ടുണ്ട്.

ഇന്നൊരു ദേവാസുരം എഴുതുകയാണെങ്കില്‍ ആദ്യ ദിവസം തന്നെ നമ്മള്‍ വിമര്‍ശിക്കപ്പെടും. നാളെ ഞാന്‍ എഴുതുന്ന ഒരു കഥാപാത്രം ഒരു സ്ത്രീ വിരുദ്ധനാണെങ്കില്‍ എനിക്ക് അയാളെ കൊണ്ട് മഹാഭാരതത്തിലെ ശ്ലോകം പറയിപ്പിക്കാന്‍ പറ്റില്ല.

പക്ഷേ ഇന്നത്തെ ഒരു അവസ്ഥയില്‍ ഇങ്ങനെ ഡയലോഗ് എഴുതാനും പറ്റില്ല. അപ്പോള്‍ പിന്നെ അങ്ങനെയുള്ള പടം ചെയ്യാതിരിക്കുക എന്നേയുള്ളൂ. പിന്നെ ഇതൊക്കെ മാറും.

കാലഘട്ടത്തിനനുസരിച്ച് സിനിമ മാറുകയാണ്. ഇന്ന് ന്യൂജന്‍ തരംഗം വന്നു. വീണ്ടും കൊമേഴ്ഷ്യല്‍ സിനിമകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള സിനിമകള്‍ ഹിറ്റടിച്ചിരിക്കും.

ഇതൊരു സര്‍ക്കിളാണ്. ഒരിടയ്ക്ക് റിയലസ്റ്റിക് സിനിമകളുടെ അതിപ്രസരമായിരുന്നു. ഇപ്പോള്‍ അത് മാറി. റിയലിസ്റ്റിക് അല്ലേ ഒ.ടി.ടിയില്‍ കണ്ടോളാം എന്ന രീതിയിലേക്ക് പോയി. വീണ്ടും കൊമേഴ്ഷ്യല്‍ സിനിമകള്‍ എത്തി. ഞാന്‍ സിനിമയെ കാണുന്നത് കൊമേഴ്‌സ്യല്‍ ആസ്‌പെക്ടിലാണ്,’ അഭിലാഷ് പിള്ള പറഞ്ഞു.

Content Highlight: Script Writer Abhilash Pillai about Devasuram Movie and Reviewers