പശ്ചിമ ബം​ഗാളിൽ സ്കൂളുകൾ അടച്ചുപൂട്ടുന്നു; എണ്ണായിരത്തോളം സ്കൂളുകൾ പട്ടികയിൽ
national news
പശ്ചിമ ബം​ഗാളിൽ സ്കൂളുകൾ അടച്ചുപൂട്ടുന്നു; എണ്ണായിരത്തോളം സ്കൂളുകൾ പട്ടികയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th March 2023, 10:40 am

കൊൽക്കത്ത: പ്രൈമറി, അപ്പർ പ്രൈമറി തുടങ്ങി എണ്ണായിരത്തോളം സ്കൂളുകൾ പൂട്ടാനൊരുങ്ങി പശ്ചിമ ബം​ഗാൾ സർക്കാർ. 30 കുട്ടികളിൽ താഴെയുള്ള സ്കൂളുകളുടെ പട്ടിക കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ടിരുന്നു.

കൊവിഡിന് ശേഷം സ്കൂളുകളിലെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ആൺകുട്ടികൾ തൊഴിലന്വേഷിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറ്റപ്പെടുകയും പെൺകുട്ടികൾ വിവാഹിതരാകുകയും ചെയ്യുന്ന പ്രവണതയാണ് നിലവിൽ സംസ്ഥാനത്തുള്ളതെന്ന് ന്യൂസ് ക്ലിക്ക് റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിലും മറ്റ് സർക്കാർ മേഖലകളിലും നടക്കുന്ന അഴിമതികളാകാം വിദ്യാഭ്യാസ മേഖലയിലെ തകർച്ചക്ക് കാരണമെന്നും റിപ്പോർട്ടുകളുണ്ട്.

സംസ്ഥാന വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പത്ത് വർഷത്തിനിടെ 7018 സ്കൂളുകൾ അടച്ചുപൂട്ടിയതായി പരാമർശിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാ​ഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ സ്കൂളുകളാണ്.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്നും ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായതാണ് പലപ്പോഴും വിദ്യാർത്ഥികൾ പാതിവഴിയിൽ പഠനം ഉപേക്ഷിക്കാൻ കാരണമായതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

മുൻപ് സംസ്ഥാനത്തെ സ്കൂളുകൾക്ക് സ്വതന്ത്രമായ മാനേജ്മെന്റുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഭരണകക്ഷിയിലെ നേതാക്കളും മറ്റ് അം​ഗങ്ങളും പിന്നീട് മാനേജേമെന്റുകളിൽ കയറിക്കൂടിയെന്നും ​ഗോര്ഖർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായി ബികാഷ് ദേയിയെ ഉദ്ധരിച്ച് ന്യൂസ് ക്ലിക്ക് റിപ്പോർട്ട് ചെയ്യുന്നു.

8000 സ്കൂളുകളാണ് നിലവിൽ സംസ്ഥാനത്ത് പൂട്ടിയിരിക്കുന്നത്. ഇതിൽ 6845 എണ്ണം എയ്ഡഡ് സ്ഥാപനങ്ങളാണ്. 1362 സ്കൂളുകൾ ഹൈയൽ പ്രൈമറി സ്ഥാപനങ്ങളുമാണ്. കൊൽക്കത്തയിൽ നിന്നുള്ള 531 സ്കൂളുകളാണ് പൂട്ടിയത്.

നദിയ ജില്ലയിലാണ് ഏറ്റവും അധികം സ്കൂളുകൾ പൂട്ടിയത്. 1100 ആണ് ജില്ലയിലെ കണക്ക്. നോർത്ത് 24 പർ​ഗാന 538, ബൻകുര 886, ഭീർബും 320, ഡാർജിലിങ് 418, ഹൂ​ഗ്ലി 303, ഹൗറ 273, ജൽപൗ​ഗുർ 216, ജാർ​ഗ്രാം 478, കലിംപോങ് 312, മാൽഡ 146, മുർഷിദാബാദ് 326 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.

 

Content Highlight: Schools close in West Bengal; About eight thousand schools in the list