ന്യൂദല്‍ഹി: അനില്‍ അംബാനി പ്രൊമോട്ടര്‍ ഡയറക്ടറായിക്കുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെ ഫ്രോഡായി പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). അനില്‍ അംബാനിയെയും കമ്പനിയെയും എസ്.ബി.ഐ വഞ്ചക ലിസ്റ്റിലേക്ക് തരംതിരിക്കുകയായിരുന്നു.
ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. റിസര്‍വ് ബാങ്കിന്റെ ഫ്രോഡ് റിസ്‌ക് മാനേജ്‌മെന്റ് നിര്‍ദേശം അനുസരിച്ചാണ് എസ്.ബി.ഐയുടെ നടപടി.
ജൂണ്‍ 24ന് അനില്‍ അംബാനിക്കെതിരായ നടപടി എസ്.ബി.ഐ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ അറിയിച്ചിരുന്നു. ജൂലൈ ഒന്നിന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെയും വിവരം അറിയിച്ചു. നിലവില്‍ സാമ്പത്തിക തട്ടിപ്പില്‍ എസ്.ബി.ഐ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ സമീപിക്കാനിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
റിലയന്‍സിന് ലഭിച്ച 31000 കോടി രൂപയുടെ വായ്പ തന്റെ നിയന്ത്രണത്തിലുള്ള മറ്റു കമ്പനികള്‍ ഉപയോഗിച്ച് അനില്‍ അംബാനി ദുരുപയോഗം ചെയ്തുവെന്നാണ് എസ്.ബി.ഐയുടെ വാദം.
2227.64 കോടി രൂപയാണ് അനില്‍ അംബാനിക്ക് എസ്.ബി.ഐ വായ്പയായി നല്‍കിയത്. കൂടാതെ 786 കോടി രൂപ ഗ്യാരണ്ടിയായും നല്‍കിയിരുന്നു. എക്‌സ്‌ചേഞ്ച് ഫയലിങ് പ്രകാരം, മറ്റ് ബാങ്കുകളില്‍ നിന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന് ലഭിച്ച വായ്പകളുടെ ആകെ തുക 31580 കോടി രൂപയുമാണ്.
എന്നാല്‍ ഇതില്‍ നിന്ന് 13667 കോടി സ്റ്റേറ്റ് ബാങ്കിലെ പഴയ വായ്പ തിരിച്ചടിക്കുന്നതിനായാണ് അനില്‍ അംബാനി ഉപയോഗിച്ചത്. 12692 കോടി രൂപ അനില്‍ അംബാനിയുടെ കീഴിലുള്ള മറ്റു കമ്പനികളിലേക്കും അയച്ചു.
നിയമപരമായ കടം വീട്ടാന്‍ ദേനാ ബാങ്ക് നല്‍കിയ 250 കോടി അനില്‍ അംബാനി മറ്റു അക്കൗണ്ടുകളിലേക്ക് തിരിച്ചുവിട്ടതായി റിപ്പോർട്ടുകളുണ്ട്. ഏകദേശം 41683 കോടി രൂപ ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 28422 കോടി രൂപയുടെ കൈമാറ്റം സംബന്ധിച്ച വിവരങ്ങള്‍ ആഭ്യന്തര അന്വേഷണത്തിലൂടെ എസ്.ബി.ഐ കണ്ടെത്തി.
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് പുറമെ മൊബൈല്‍ ടവര്‍ സ്ഥാപനമായ റിലയന്‍സ് ഇന്‍ഫ്രാടെല്‍ (ആര്‍.ഐ.ടി.എല്‍), ടെലികോം സേവന കമ്പനിയായ റിലയന്‍സ് ടെലികോം (ആര്‍.ടി.എല്‍), റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (ആര്‍.സി.ഐ.എല്‍), നെറ്റിസണ്‍, റിലയന്‍സ് വെബ്സ്റ്റോര്‍ (ആര്‍.ഡബ്ല്യു.എസ്.എല്‍) എന്നീ കമ്പനികളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
അതേസമയം 2019 മുതല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പാപ്പരത്വ നടപടി നേരിടുന്നുണ്ട്. നിലവില്‍ എസ്.ബി.ഐ നേരിട്ട് വിഷയത്തില്‍ ഇടപെട്ടതോടെ അനില്‍ അംബാനി അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. 2020 നവംബര്‍ പത്തിനും എസ്.ബി.ഐ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെ ഫ്രോഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2021 ജനുവരി അഞ്ചിന് സ്റ്റേറ്റ് ബാങ്ക് സി.ബി.ഐയില്‍ പരാതി നൽകുകയും ചെയ്തു.
എന്നാല്‍ 2021 ജനുവരി ആറിന് ദല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച സ്റ്റാറ്റസ് കോ ഉത്തരവിനെ തുടര്‍ന്ന് ഈ പരാതി തള്ളപ്പെടുകയായിരുന്നു. പിന്നീട് 2023 സെപ്റ്റംബര്‍ രണ്ടിന് ഫ്രോഡ് പട്ടികയില്‍ നിന്ന് അനില്‍ അംബാനിയുടെ കമ്പനിയെ എസ്.ബി.ഐ മാറ്റിയിരുന്നു.
ഏതെങ്കിലും ഒരു കമ്പനിയെയോ അതിന്റെ പ്രൊമോട്ടറെയോ ഒരു ബാങ്ക് ഫ്രോഡായി തരംതിരിച്ചാല്‍ പിന്നീട് ഈ കമ്പനിക്ക് ബാങ്ക് വായ്പകള്‍ നിഷേധിക്കപ്പെടും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭിക്കാതെ വരും.
Content Highlight: SBI has classified Reliance Communications, Anil Ambani as fraud