ഐ.പി.എല്ലില്‍ ചരിത്രനേട്ടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബൗളര്‍ സുയാഷ് ശര്‍മ. ഒരു ഐ.പി.എല്‍ മത്സരത്തില്‍ ഏറ്റവുമധികം ഡോട്ട് ബോളുകള്‍ എറിയുന്ന ബൗളറായി മാറിയാണ് താരം പുതിയ മൈല്‍സ്റ്റോണ്‍ കൈവരിച്ചത്. ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 20 ഡോട്ട് ബോളുകളാണ് താരം എറിഞ്ഞത്. മത്സരത്തില്‍ നാല് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം ഏഴ് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് സുയാഷ് ശര്‍മ ഞെട്ടിച്ചത്. നിലവില്‍ ഈ നേട്ടത്തില്‍ ഇന്ത്യന്‍ പേസര്‍ ദീപക് ചഹറിനൊപ്പമാണ് സുയാഷ്.
19 മെയ്ഡന്‍ ഡോട്ട് ബോളുകളെറിഞ്ഞ എട്ട് താരങ്ങളെ ഒരുമിച്ച് മറികടന്നാണ് സുയാഷ് ഒന്നാമനായത്. ഇതില്‍ മലയാളി താരം എസ്. ശ്രീശാന്തും ഇടം നേടിയിട്ടുണ്ട്. 2011ല്‍ ദല്‍ഹിക്കെതിരെയാണ് ശ്രീശാന്ത് 19 ഡോട്ട് ബോളുകള്‍ എറിഞ്ഞത്. ഫിഡല്‍ എഡ്വേര്‍ഡ്സ്, ആശിഷ് നെഹ്‌റ, മുനാഫ് പട്ടേല്‍, സഹീര്‍ ഖാന്‍, ഹര്‍ഷന്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, മുഹമ്മദ് ഷമി എന്നിവരാണ് ഈ പട്ടികയിലെ മറ്റ് താരങ്ങള്‍. 2019ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ചഹര്‍ 20 ഡോട്ട് ബോളുകള്‍ എറിഞ്ഞത്.
അതേസമയം ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ബെംഗളൂരു വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 75 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ബെംഗളൂരു ഈ സ്‌കോര്‍ 81 പന്തുകള്‍ ബാക്കി നില്‍ക്കെ തന്നെ മറികടന്നു.
മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിന്റെയും ജോഷ് ഹേസല്‍വുഡ്ഡിന്റെയും തകര്‍പ്പന്‍ ബൗളിങ്ങിന് മുന്നില്‍ ദല്‍ഹി തകരുകയായിരുന്നു. ഇരുവരും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയാണ് തിളങ്ങിയത്. സുയാഷ് ശര്‍മക്ക് പുറമെ ക്രുണാല്‍ പാണ്ഡ്യയും ഒരു വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിക്ക് 20 റണ്‍സിന് ജേക്കബ് ബേഥലിനെ നഷ്ടപ്പെട്ടെങ്കിലും ദേവ്ദത്ത് പടിക്കലും വിരാട് കോഹ്ലിയും ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. പടിക്കല്‍ 13 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 34* റണ്‍സ് നേടിയപ്പോള്‍ വിരാട് 15 പന്തില്‍ 23* റണ്‍സും നേടി. രണ്ട് സിക്‌സും ഒരു ഫോറുമാണ് വിരാട് നേടിയത്.
നിലവില്‍ ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബെംഗളൂരു. എട്ട് മത്സരങ്ങളില്‍ നിന്നും ആറ് ജയവും രണ്ട് തോല്‍വിയുമടക്കം 12 പോയിന്റാണ് ആര്‍.സി.ബിയുടെ അക്കൗണ്ടിലുള്ളത്. ഏപ്രില്‍ 30ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ദല്‍ഹിയുടെ അടുത്ത മത്സരം.
Content Highlight: Sayush Sharma create a historical record in IPL