ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ നടപടി; 'സേവ് അവര്‍ സിസ്റ്റേഴ്‌സ്' വീണ്ടും സമരത്തിലേക്ക്
Gender Equity
ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ നടപടി; 'സേവ് അവര്‍ സിസ്റ്റേഴ്‌സ്' വീണ്ടും സമരത്തിലേക്ക്
ന്യൂസ് ഡെസ്‌ക്
Friday, 8th February 2019, 8:25 am

കോട്ടയം: ലൈംഗിക പീഡന കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരെ സ്ഥലം മാറ്റി പ്രതികാര നടപടി സ്വീകരിച്ച സഭയ്ക്കെതിരെ വീണ്ടും സമരം. സ്ഥലം മാറ്റ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് “സേവ് അവര്‍ സിസ്റ്റേഴ്‌സ്” സമരം ആരംഭിക്കുന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ കോട്ടയം പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്താണ് ഐക്യദാര്‍ഢ്യസമിതി കണ്‍വെന്‍ഷന്‍ നടക്കുക. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച കന്യാസ്ത്രീകളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തേക്കുമെന്ന് “എസ്.ഒ.എസ്” ജോയിന്റ് കണ്‍വീനര്‍ ഷൈജു ആന്റണി പറഞ്ഞു.

അതേസമയം നാളെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സ്ഥലം മാറ്റ നടപടി നേരിട്ട സിസ്റ്റര്‍ അനുപമ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“സമരത്തിന് പൂര്‍ണ്ണമായ പിന്തുണയുണ്ട്. എന്നാല്‍ നാളെ സമരത്തില്‍ പങ്കെടുക്കാന്‍ കഴിയുമോയെന്ന കാര്യമറിയില്ല. അക്കാര്യത്തില്‍ ഞങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്.” സിസ്റ്റര്‍ അനുപമ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പ്രതി ബിഷപ്പ് സ്ഥാനത്ത് തുടരുന്നത് കേസിന്റെ തുടര്‍ നടപടികളെ ബാധിക്കുന്നതാണ്. അതുകൊണ്ട് ഫ്രാങ്കോയെ ബിഷപ്പ് സ്ഥാനത്തുനിന്ന് നീക്കാന്‍ ജലന്ധര്‍ രൂപതയുടെ ഭരണച്ചുമതലയുള്ള അഡ്മിനിസ്ട്രേറ്റര്‍ ഇടപെടണമെന്നും “എസ്.ഒ.എസ്” ജോയിന്റ് കണ്‍വീനര്‍ ഷൈജു ആന്റണി ആവശ്യപ്പെട്ടു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സംസ്ഥാനവ്യാപക സമരം നടത്തുമെന്ന മുന്നറിയിപ്പുമുണ്ട്.

ജാമ്യത്തിലുള്ള ഫ്രാങ്കോയ്ക്ക് കേരളത്തിലേക്ക് വരാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കന്യാസ്ത്രീകളെ കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റി ശാരീരികവും മാനസികവുമായി തളര്‍ത്തി പ്രതിക്ക് അനൂകൂലസാഹചര്യം സൃഷ്ടിക്കാനാണ് ശ്രമമെന്നും സമിതി നേതൃത്വം കുറ്റപ്പെടുത്തി. അതിനായുള്ള ബിഷപ്പ് ഫ്രാങ്കോയുടെ ഇടപെടലാണ് കന്യാസ്ത്രീകളെ സ്ഥലം മാറ്റിയതിന് പിന്നില്‍.പുരോഹിതരുള്‍പ്പെട്ട ലൈംഗികപീഡന കേസുകള്‍ ഉയര്‍ത്തിയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വത്തിക്കാനില്‍ ഈ മാസം ചേരുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ സംഘാടകരിലൊരാളായ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രശ്നത്തില്‍ ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു.

സമരനേതാവായ സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെ നാലുപേരെയാണ് വെവ്വേറെ സ്ഥലങ്ങളിലേക്ക് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. സമരത്തിന് നേതൃത്വം നല്‍കിയ അനുപമയെ പഞ്ചാബിലേക്കാണ് സ്ഥലം മാറ്റിയത്. ജോസഫിന്‍, ആല്‍ഫി, നീന റോസ് എന്നിവരില്‍ ഒരാള്‍ ഒഴിച്ച് ബാക്കിയെല്ലാവര്‍ക്കും കേരളത്തിന് പുറത്തേക്കാണ് സ്ഥലംമാറ്റം. മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറാല്‍ റജീന കടംതോട്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സഭാ നിയമങ്ങള്‍ അനുസരിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്നും ഇത് ലംഘിച്ചെന്നും കാണിച്ചാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്. പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നു.

ALSO READ: ന്യൂസ് റൂമുകളുടെ ആണ്‍ബോധത്തിന് ഇന്നും ഒരു മാറ്റവുമില്ല: അഭിമുഖം: കെ.ആര്‍.മീര / മനില സി.മോഹന്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയും സാക്ഷികളും താമസിക്കുന്ന കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിന് സുരക്ഷയൊരുക്കണമെന്ന് പൊലീസ് നിര്‍ദേശം നേരത്തെ മിഷണറീസ് ഓഫ് ജീസസ് തളളിയിരുന്നു.

ബിഷപ്പ് ഫ്രാങ്കോക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയും അവര്‍ക്ക് പിന്തുണ നല്‍കിയ മറ്റ് അഞ്ച് കന്യാസ്ത്രീകളും താമസിക്കുന്നത് കുറവിലങ്ങാട് മഠത്തിലാണ്. ബിഷപ്പ് ജാമ്യത്തിലിറങ്ങിയപ്പോള്‍ തന്നെ ജീവന് ഭിഷണിയുണ്ടെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു.

ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭാ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്നുമായിരുന്നു സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ പറഞ്ഞത്.

എന്നാല്‍ കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റിയത് കേസ് ദുര്‍ബലമാക്കാനാണെന്നായിരുന്നു സിസ്റ്റര്‍മാര്‍ ആരോപിച്ചത്. അതേസമയം ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ നിലവില്‍ സ്ഥലം മാറ്റിയിട്ടില്ല. ഇവര്‍ കുറുവിലങ്ങാട് മഠത്തില്‍ തന്നെയാണ് ഉള്ളത്.

WATCH THIS VIDEO: