കോഴിക്കോട്: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചന ശ്രമത്തിനിടെ ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ യെമനില്‍ പ്രചരിച്ചത് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് പ്രതികൂലമായി ബാധിച്ചെന്ന് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍.
കോഴിക്കോട്: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചന ശ്രമത്തിനിടെ ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ യെമനില്‍ പ്രചരിച്ചത് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് പ്രതികൂലമായി ബാധിച്ചെന്ന് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍.
കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിനെതിരെ യുവാക്കള്‍ പ്രതിഷേധം നടത്തുന്ന സ്ഥിതി വിശേഷം പോലും ഇതിന്റെ ഭാഗമായി യെമനിലുണ്ടായെന്നും ഇത് അങ്ങേയറ്റം വേദനാജനകമായ കാര്യമാണെന്നു സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. ചിലരുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും നിമിഷയുടെ മോചന ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത് മലയാളികള്‍ക്ക് തന്നെ അപമാനകരമായ കാര്യമാണെന്നും ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ സുഗമമായി നടന്നിരുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് പ്രയാസം നേരിടുന്നുവെന്നും ദയവു ചെയ്ത് നിമിഷയുടെ ജീവന്‍ പണയം വെച്ചുകൊണ്ടുള്ള ക്രെഡിറ്റിന് വേണ്ടിയുള്ള തര്‍ക്കങ്ങളും റേറ്റിങ് വര്‍ദ്ധിപ്പിക്കാനുള്ള വാര്‍ത്തകളും നടത്തരുതെന്നും ആക്ഷന്‍ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.
അത്തരം താത്പര്യമുള്ള ആളുകള്‍ക്ക് ദൃശ്യത നല്‍കാതെ മാറ്റി നിര്‍ത്താനും സോഷ്യല്‍ മീഡിയയിലും മറ്റും നടത്തുന്ന അനാവശ്യമായ ഇടപെടലുകളും സംവാദങ്ങളും ദയവു ചെയ്ത് ഒഴിവാക്കണമെന്നും ആക്ഷന്‍ കൗണ്‍സിലിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
നിമിഷ പ്രിയയുടെ മോചനത്തിനായി അഞ്ച് വര്‍ഷമായി ആക്ഷന്‍ കൗണ്‍സില്‍ നിയമ പോരാട്ടങ്ങളും നയതന്ത്ര ഇടപെടലുകളും നടത്തിയെന്നും എന്നാല്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിലൂടെയാണ് ചര്‍ച്ചകള്‍ ഫലം കണ്ടതെന്നും കൗണ്‍സില്‍ വ്യക്തമാക്കി. ഉസ്താദിന്റെ ശ്രമങ്ങള്‍ക്ക് ഒരുമിച്ച് പിന്തുണ നല്‍കണമെന്നും മറ്റെല്ലാ അപസ്വരങ്ങളെയും ഒഴിവാക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
പി.എം. ജാബിര്‍ (ചെയര്‍പേഴ്‌സണ്‍), ജയന്‍ എടപ്പാള്‍ (ജനറല്‍ കണ്‍വീനര്‍), ആഷിക് മുഹമ്മദ് നാസര്‍ (ജോ. കണ്‍വീനര്‍), കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് (ട്രഷറര്‍), അഡ്വ. സുഭാഷ് ചന്ദ്രന്‍ (നിയമ സമിതി കണ്‍വീനര്‍), സജീവ് കുമാര്‍ (കോര്‍കമ്മിറ്റി അംഗം), ആസാദ് എം. തിരൂര്‍ (കോര്‍ കമ്മിറ്റി അംഗം), റഫീഖ് റാവുത്തര്‍ (കോര്‍ കമ്മിറ്റി അംഗം) എന്നിവര്‍ സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രസ്താവനയില്‍ ഒപ്പുവെച്ചു.
Content Highlight: Save Nimishapriya Action Council urges not to complicate Nimishapriya’s rescue efforts further