ഖഷോഗ്ജി വധത്തില്‍ ഒച്ചപ്പാടുണ്ടാക്കുന്ന യു.എസാണ് ഷിറീന്‍ അബു അഖ്‌ലേയുടെ കൊലപാതകത്തെ കുറച്ചുകാണുന്നത്; യു.എസിന്റേത് ഇരട്ടത്താപ്പെന്ന് സൗദി
World News
ഖഷോഗ്ജി വധത്തില്‍ ഒച്ചപ്പാടുണ്ടാക്കുന്ന യു.എസാണ് ഷിറീന്‍ അബു അഖ്‌ലേയുടെ കൊലപാതകത്തെ കുറച്ചുകാണുന്നത്; യു.എസിന്റേത് ഇരട്ടത്താപ്പെന്ന് സൗദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th July 2022, 8:10 am

റിയാദ്: സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധത്തെക്കുറിച്ച് സംസാരിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നീക്കത്തെ വിമര്‍ശിച്ച് സൗദി അധികൃതര്‍.

നാല് ദിവസത്തെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദിയിലെത്തിയ ബൈഡന്‍ സല്‍മാന്‍ രാജാവുമായും മകന്‍ എം.ബി.എസുമായും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. എം.ബി.എസുമായുള്ള കൂടിക്കാഴ്ചയില്‍ ഖഷോഗ്ജി വധക്കേസ് താന്‍ പരാമര്‍ശിച്ചു എന്ന് പിന്നാലെ ബൈഡന്‍ വെളിപ്പെടുത്തുകയായിരുന്നു.

ഇതിനെതിരെയാണ് സൗദി അധികൃതരുടെ ഭാഗത്ത് നിന്നും വിമര്‍ശനമുയരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഖഷോഗ്ജി വിഷയം ഉന്നയിച്ചതിലൂടെ യു.എസിന്റെ ഇരട്ടത്താപ്പാണ് വെളിപ്പെട്ടത് എന്നാണ് വിമര്‍ശനമുയരുന്നത്.

അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെയും സൗദി ഒഫീഷ്യല്‍സ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

”സൗദി ഭരണകൂടം ഈ ക്രൈമില്‍ അന്വേഷണം നടത്തിയിട്ടുണ്ട്. അതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു, അവര്‍ അതിനുള്ള ശിക്ഷ അനുഭവിക്കുകയാണ്.

ഞങ്ങള്‍ അന്വേഷിച്ചു, ശിക്ഷ വിധിച്ചു, ഇത്തരമൊരു സംഭവം ഇനി നടക്കില്ല എന്ന് ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ സാധാരണ രാജ്യങ്ങള്‍ ചെയ്യുന്നത് ഇതാണ്,” സൗദി വിദേശകാര്യ മന്ത്രി അദെല്‍ അല്‍- ജുബൈര്‍ പ്രതികരിച്ചു.

ഖഷോഗ്ജിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും സംഭവത്തെ സൗദി ഭരണകൂടം അനിവാര്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”യു.എസിന്റെ ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് നിലപാടുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു എം.ബി.എസ് വിഷയത്തില്‍ ബൈഡനോട് പ്രതികരിച്ചത്. സൗദി പൗരനായ ഖഷോഗ്ജിയുടെ വധത്തില്‍ വലിയ ഒച്ചപ്പാടുണ്ടാക്കുന്ന യു.എസ് ഫലസ്തീന്‍- അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയായ ഷിറീന്‍ അബു അഖ്‌ലേയെ ഇസ്രഈല്‍ സൈന്യം വെടിവെച്ച് കൊന്ന സംഭവത്തെ കുറച്ചുകാണാനാണ് ശ്രമിക്കുന്നത്,” സൗദി അനലിസ്റ്റായ അലി ഷിഹാബി പറഞ്ഞു.

ഖഷോഗ്ജി കേസ് എം.ബി.എസിനോട് ഉന്നയിച്ചെന്നും വിമതര്‍ക്കെതിരായി ഭാവിയിലുണ്ടാകാവുന്ന ആക്രമണങ്ങള്‍ക്കെതിരെ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയെന്നുമായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം ബൈഡന്‍ പ്രതികരിച്ചത്.

ഇരു നേതാക്കളും വിഷയം ‘പെട്ടെന്ന് സംസാരിച്ച് തീര്‍ത്തെന്നും’, ‘സംഭവിച്ചത് വേദനാജനകമാണ്, തെറ്റാണ്, അത് ആവര്‍ത്തിക്കാതിരിക്കാന്‍ തങ്ങള്‍ എല്ലാ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഇത്തരം സംഭവങ്ങള്‍ ലോകത്ത് എവിടെ വേണമെങ്കിലും നടക്കാം എന്നും ബൈഡനോട് എം.ബി.എസ് പ്രതികരിച്ചതായി അല്‍- അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ അന്വേഷണം നടത്തിയതും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിച്ചതും എം.ബി.എസ് ചൂണ്ടിക്കാണിച്ചുവെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. മറ്റ് രാജ്യങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതും എം.ബി.എസ് ചൂണ്ടിക്കാണിച്ചു.

തുര്‍ക്കിയിലെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചായിരുന്നു 2018ല്‍ സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടത്.

ഖഷോഗ്ജിയെ കൊല്ലാനുള്ള ഓപ്പറേഷന് എം.ബി.എസാണ് ഉത്തരവിട്ടതെന്ന് നേരത്തെ യു.എസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ സൗദി സര്‍ക്കാരും എം.ബി.സും ഇതെല്ലാം നിഷേധിക്കുകയായിരുന്നു.

ജൂലൈ 13 മുതല്‍ 16 വരെ നീണ്ടുനില്‍ക്കുന്ന ബൈഡന്റ സൗദി അറേബ്യ, ഇസ്രഈല്‍ സന്ദര്‍ശനം ശനിയാഴ്ച അവസാനിച്ചു. പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള ബൈഡന്റെ ആദ്യ ഗള്‍ഫ് സന്ദര്‍ശനമായിരുന്നു ഇത്.

Content Highlight: Saudi officials hit Back After Joe Biden highlights Khashoggi Killing, pointing out double standards of US