റിയാദ്: ഗസയിലെ ഇസ്രഈൽ വംശഹത്യ നിയന്ത്രിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുന്നത് പ്രാദേശിക ആഗോള സ്ഥിരതയെ തകർക്കുന്നുവെന്ന് സൗദി അറേബ്യ. ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കാനും സംഘർഷം അവസാനിപ്പിക്കാനും നിർണായക നടപടി സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.
‘ഗസയിലെ ആക്രമണം തടയുന്നതിൽ അന്താരാഷ്ട്ര സമൂഹം കാണിക്കുന്ന നിഷ്‌ക്രിയത്വം പ്രാദേശികമായും ആഗോളമായുമുള്ള സുരക്ഷയെയും സ്ഥിരതയെയും തകർക്കുന്നതിന് കാരണമാകും,’ സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ യു.എൻ പൊതുസഭയിൽ പറഞ്ഞു. സംഘർഷം പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ ശക്തമായ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
‘സംഘർഷങ്ങളും പ്രതിസന്ധികളും കുറയ്ക്കുന്നതിൽ ലോക സംഘടനകൾ കൂടുതൽ കാര്യക്ഷമമായി ഇടപെടണം. ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനും ഗസയിലെ ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിനും എല്ലാവരും ഗൗരവമായി പ്രവർത്തിക്കണം,’ അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് രണ്ട് മുതൽ ഗസ അതിർത്തി ഇസ്രഈൽ പൂർണമായും അടക്കുകയും ഭക്ഷണങ്ങൾ എത്തിക്കുന്ന വാഹനങ്ങൾ തടഞ്ഞ് പരിമിതമായ സാധനങ്ങൾ മാത്രം എത്തിക്കുകയും ചെയ്തത് ഗസയിലെ ക്ഷാമം രൂക്ഷമാക്കി.