തൊണ്ടിമുതലില്‍ കള്ളന്റെ റോളിലേക്ക് ആദ്യം തീരുമാനിച്ചത് സൗബിനെ; ഫഹദിലേക്ക് എത്തിയത് ഇങ്ങനെ
Film News
തൊണ്ടിമുതലില്‍ കള്ളന്റെ റോളിലേക്ക് ആദ്യം തീരുമാനിച്ചത് സൗബിനെ; ഫഹദിലേക്ക് എത്തിയത് ഇങ്ങനെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th May 2023, 3:00 pm

ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍, നിമിഷ സജയന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ബസില്‍ യാത്ര ചെയ്ത നായികയുടെ മാല ഒരു കള്ളന്‍ മോഷ്ടിക്കുന്ന സംഭവത്തെ കേന്ദ്രീകരിച്ച് നടന്ന സിനിമ വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ചിത്രത്തില്‍ ആദ്യം കേന്ദ്രകഥാപാത്രങ്ങളുടെ റോളിലേക്ക് ആലോചിച്ചിരുന്നത് സൗബിനേയും ഫഹദിനേയുമാണെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. സുരാജ് അവതരിപ്പിച്ച കഥാപാത്രം അവതരിപ്പിക്കാന്‍ ഫഹദിനേയും കള്ളന്റെ വേഷത്തിലേക്ക് സൗബിനേയുമാണ് ആലോചിച്ചത്.

എന്നാല്‍ അന്ന് സൗബിന്റെ ഡേറ്റ് നീണ്ട് പോയതോടെ കള്ളന്റെ റോള്‍ ഫഹദിലേക്ക് തന്നെ എത്തുകയായിരുന്നു. മറ്റേ കഥാപാത്രത്തിലേക്ക് സുരാജുമെത്തി. ഇതിനെ പറ്റി ചിത്രത്തിന്റെ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ സംസാരിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാസ്റ്റിങ് മാറിയതിനെ പറ്റി സജീവ് സംസാരിച്ചത്.

‘ദിലീഷ് പോത്തനോട് കഥ പറയുമ്പോള്‍ അദ്ദേഹം ഇത് ചെയ്യുമെന്ന് ഒന്നും എനിക്കറിയില്ല. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ വേറെ ആരോടും കഥ പറയണ്ട, ഇത് നമുക്ക് ചെയ്യാമെന്ന് പോത്തന്‍ പറഞ്ഞു. ഫഹദ് ആണ് എന്റെ മനസില്‍ ഉള്ളതെന്ന് ഞാന്‍ പറഞ്ഞു. ഫഹദ് ഓക്കെയാണ്, ഞാന്‍ സംസാരിക്കാം, ഏത് കഥാപാത്രമാണെന്ന് പോത്തന്‍ ചോദിച്ചു. രണ്ട് കഥാപാത്രവും നമുക്ക് ചെയ്യാം ഏതായാലും ഓക്കെയാണെന്ന് ഞാന്‍ പറഞ്ഞു.

ഫഹദിനോട് പോത്തന്‍ കഥ പറഞ്ഞു. ഫഹദിനെ ആദ്യം തീരുമാനിക്കുന്നത് സുരാജ് ചെയ്ത കഥാപാത്രത്തിലേക്കാണ്. കള്ളന്റെ കഥാപാത്രമായി വരുന്നത് സൗബിനാണ്. സൗബിന് ആ സമയത്ത് പറവയുടെ ഷൂട്ട് കഴിയാതെ നീണ്ടു പോയി.

അങ്ങനെ പോയപ്പോഴാണ് ഒരു ഘട്ടത്തില്‍ ഈ കഥാപാത്രമായി സുരാജിനെ ആലോചിച്ചാലോ എന്ന് പോത്തന്‍ പറയുന്നത്. അങ്ങനെയായാല്‍ നല്ല രസമുള്ള വേറൊരു വശം കിട്ടും. സുരാജ് നല്ലൊരു ആര്‍ട്ടിസ്റ്റ് ആണല്ലോ. ഭയങ്കര രസകരമായി ചെയ്യും. ആ സമയത്ത് കള്ളനായി ഫഹദ് മാറുന്നു. മറ്റേ കഥാപാത്രമായി സുരാജും വന്നു. അങ്ങനെയാണ് സംഭവിച്ചത്,’ സജീവ് പാഴൂര്‍ പറഞ്ഞു.

Content Highlight: saubin shahir was the first choice for theif in thondimuthalum driksakshiyum