'ഞങ്ങളുടെ ക്ലബ്ബിലേക്ക് വരൂ, ഇവിടെ മികച്ച സ്‌ക്വാഡിനൊപ്പം നിങ്ങള്‍ കളിക്കാനാകും'; നെയ്മര്‍ക്ക് റയല്‍ മാഡ്രിഡിലേക്ക് ക്ഷണം
Football
'ഞങ്ങളുടെ ക്ലബ്ബിലേക്ക് വരൂ, ഇവിടെ മികച്ച സ്‌ക്വാഡിനൊപ്പം നിങ്ങള്‍ കളിക്കാനാകും'; നെയ്മര്‍ക്ക് റയല്‍ മാഡ്രിഡിലേക്ക് ക്ഷണം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th May 2023, 1:50 pm

ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറിയ നെയ്മര്‍ക്ക് ലോകകപ്പിന് ശേഷം തന്റെ പഴയ മികവിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ലീഗ് വണ്ണില്‍ ലോസ്‌ക് ലില്ലിക്കെതിരായ മത്സരത്തില്‍ ഗുരുതരമായി പരിക്കേറ്റതോടെ ശസ്ത്രക്രിയക്ക് വിധേയനാവുകയും ഈ സീസണില്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ താരം നാട്ടില്‍ പാര്‍ട്ടി ചെയ്ത് ഉല്ലസിക്കുകയാണെന്ന് ആരോപിച്ച് പി.എസ്.ജി ആരാധകര്‍ താരത്തിന്റെ വീട്ടിനുമുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇത് പി.എസ്.ജിക്ക് വലിയ തലവേദന സൃഷ്ടിക്കുകയും മാനേജ്മെന്റ് താരത്തിന് വേണ്ട സുരക്ഷ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

നെയ്മര്‍ റയല്‍ മാഡ്രിഡില്‍ കളിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രസീല്‍ രാജ്യാന്തര ടീമിലെ നെയ്മറുടെ സഹതാരമായ റോഡ്രിഗോ. റയല്‍ മാഡ്രിഡ് ക്ലബ്ബിന്റെ ഫസ്റ്റ് സ്‌ക്വാഡിലെ ഒഴിവാക്കാന്‍ കഴിയാത്ത സാന്നിധ്യമായ റോഡ്രിഗോ വേഗത കൊണ്ടും സ്‌കില്ല് കൊണ്ടും തന്റെ പ്രതിഭ തെളിയിച്ച താരമാണ്.

‘എനിക്ക് നെയ്മര്‍ റയലില്‍ കളിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. ഞാന്‍ ഞങ്ങളുടെ കോച്ചിനോടും ഇതിനെപ്പറ്റി പറയാറുണ്ട്. പക്ഷെ എന്നോട് ശാന്തനാവാനാണ് അദ്ദേഹം എപ്പോഴും പറയുക,’ ക്ലബ്ബ് ഡെല്‍ ഡിപോര്‍ട്ടസീവക്ക് നല്‍കിയ അഭിമുഖത്തില്‍ റോഡ്രിഗോ പറഞ്ഞതായി മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു.

പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയോട് തനിക്ക് വലിയ ബഹുമാനമാണെന്നും അദ്ദേഹത്തിന്റെ പക്കല്‍ മികച്ച താരങ്ങള്‍ ഉണ്ടെന്നും റോഡ്രിഗോ പറഞ്ഞു. അവര്‍ക്കൊപ്പം തന്റെ ഇഷ്ടതാരങ്ങളും ക്ലബ്ബില്‍ കളിക്കണമെന്ന് ആഗ്രഹമുണ്ടെന്നും റോഡ്രിഗോ കൂട്ടിച്ചേര്‍ത്തു. അറ്റാക്കിങ്ങിലെ ഏത് പൊസിഷനില്‍ വേണമെങ്കിലും തനിക്ക് കളിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ പ്ലേ മേക്കറുടെ റോളാണ് തനിക്ക് ഏറ്റവും അനുയോജ്യം എന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Rodrigo invites Neymar to sign with Real Madrid