ശ്രീനിയുടെ തിരക്കഥകള്‍ തീയിട്ടുകളയണമെന്നൊരു പ്രസ്താവന അയാള്‍ നടത്തി; അതിന് ശ്രീനി കൊടുത്ത മറുപടി... സത്യന്‍ അന്തിക്കാട്
Entertainment
ശ്രീനിയുടെ തിരക്കഥകള്‍ തീയിട്ടുകളയണമെന്നൊരു പ്രസ്താവന അയാള്‍ നടത്തി; അതിന് ശ്രീനി കൊടുത്ത മറുപടി... സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th June 2025, 2:38 pm

മലയാളികള്‍ക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമകള്‍ക്കും ആരാധകര്‍ ഏറെയാണ്.

ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, ടി.പി. ബാലഗോപാലന്‍ എം.എ, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ്, തലയണമന്ത്രം, സന്ദേശം തുടങ്ങി നിരവധി സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ എത്തിയിട്ടുണ്ട്. ഒപ്പം മൈ ഡിയര്‍ മുത്തച്ഛന്‍, ഗോളാന്തര വാര്‍ത്ത, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഞാന്‍ പ്രകാശന്‍ തുടങ്ങിയ സിനിമകളും ശ്രീനിവാസന്‍ – സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റേതാണ്.

ഇപ്പോള്‍ ശ്രീനിവാസനെ കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. നടനായതുകൊണ്ട് ശ്രീനിവാസന്‍ എന്ന എഴുത്തുകാരന്‍ വേണ്ടവിധത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ല എന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരിക്കലൊരു ന്യൂജെന്‍ ഫിലിം മേക്കര്‍ ശ്രീനിവാസന്റെ തിരക്കഥകള്‍ തീയിട്ടുകളയണം എന്നൊരു പ്രസ്താവന നടത്തി. ശ്രീനി തിരിച്ചൊന്നും പറയാതായപ്പോള്‍ തുടരെത്തുടരെ ശ്രീനിവാസന്റെ സിനിമകളെ അധിക്ഷേപിച്ചു. ഒടുവില്‍ ഒരൊറ്റ വാചകം മാത്രം ശ്രീനി പറഞ്ഞു, ‘ജനിക്കുമ്പോള്‍ കിട്ടാത്തത് വലിക്കുമ്പോള്‍ കിട്ടില്ല’ എന്ന്. പിന്നീട് ഇന്നുവരെ എതിര്‍കക്ഷിയുടെ ശബ്ദം കേട്ടിട്ടില്ല.

നടനായതുകൊണ്ട് ശ്രീനിവാസന്‍ എന്ന എഴുത്തുകാരന്‍ വേണ്ടവിധത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി സാര്‍ ഈയിടെ പറഞ്ഞു, ‘ഒരു മേഖലയില്‍ പേരെടുത്ത് കഴിഞ്ഞാല്‍ അതിന്റെപേരില്‍ മാത്രമേ അവര്‍ വിലയിരുത്തപ്പെടൂ’ എന്ന്. ഇരുട്ടിന്റെ ആത്മാവും നീലക്കുയിലും പോലെ അതിമനോഹരമായ സിനിമകള്‍ സംവിധാനം ചെയ്ത പി. ഭാസ്‌കരന്‍ ഇപ്പോഴും ഗാനരചിതാവായി മാത്രമാണ് അറിയപ്പെടുന്നത്.

എത്ര വ്യത്യസ്തമായ തിരക്കഥകളാണ് ശ്രീനിവാസന്‍ എഴുതിയിട്ടുള്ളത്. പുറമെ ചിരിക്കുമ്പോഴും അകം വിങ്ങുന്ന കഥകള്‍. സാധാരണക്കാരന്റെ മനസിനെ ഇതുപോലെ തൊട്ടറിയുന്ന എഴുത്തുകാര്‍ മലയാളസിനിമയില്‍ അധികമില്ല. വരും തലമുറ അത് തിരിച്ചറിയും, എനിക്കുറപ്പുണ്ട്,’ സത്യന്‍ അന്തിക്കാട് പറയുന്നു.

Content  Highlight: Sathyan Anthikkad Talks About Sreenivasan