മലയാള സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂര്‍വ്വം. അനൗണ്‍സ്മെന്റ് മുതല്‍ തന്നെ വലിയ ഹൈപ്പുണ്ടായിരുന്ന സിനിമ ഓണം റിലീസായിട്ടാണ് എത്തുന്നത്.
സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്റെ കഥയെ ആസ്പദമാക്കി സോനു ടി.പിയുടെ തിരക്കഥയിലാണ് ഹൃദയപൂര്‍വ്വം ഒരുങ്ങുന്നത്.
ഇപ്പോള്‍ മോഹന്‍ലാല്‍ എന്ന വ്യക്തി തന്നെ അത്ഭുതമാണെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്. നമുക്ക് എത്ര കണ്ടാലും എത്ര അഭിനയിച്ചാലും മതിവരാത്ത ആളാണ് അദ്ദേഹമെന്നും അത് ശരിക്കും നേരിട്ട് കണ്ട് തന്നെ അനുഭവിച്ചറിയേണ്ട കാര്യമാണെന്നും സംവിധായകന്‍ പറയുന്നു.
‘മോഹന്‍ലാല്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ ഏറ്റവും എളുപ്പമുള്ള കാര്യം അഭിനയമാണെന്ന് നമുക്ക് തോന്നും. ആ രീതിയിലാണ് ലാലിന്റെ പകര്‍ന്നാട്ടം. ഈ കാര്യം ഞാന്‍ മുമ്പ് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. നമ്മള്‍ ഒരു കഥാപാത്രത്തെ മോഹന്‍ലാലിന്റെ കയ്യില്‍ ഏല്‍പ്പിക്കുകയാണ്.
ടേക്കിന് മുമ്പ് വരെ എന്തൊക്കെ തമാശകള്‍ പറഞ്ഞാലും എന്തൊക്കെ കുസൃതികള്‍ കാണിച്ചാലും ‘സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍’ പറഞ്ഞാല്‍ മോഹന്‍ലാല്‍ ആ കഥാപാത്രമായി മാറും. ആ കാഴ്ച വളരെ രസകരമാണ്,’ സത്യന്‍ അന്തിക്കാട് പറയുന്നു.
തന്റെ മക്കളായ അഖില്‍, അനൂപ് എന്നിവരെ കുറിച്ചും അദ്ദേഹം സംസാരിച്ചു. അഖിലായിരുന്നു അസോസിയേറ്റ് ആയതെന്നും അവന്‍ മോഹന്‍ലാലിന്റെ കൂടെ മുമ്പ് വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും സത്യന്‍ പറഞ്ഞു. എന്നാല്‍ അനൂപ് ആദ്യമായിട്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്.
‘ഇത് നിനക്കൊരു അനുഭവമാകും എന്നായിരുന്നു ഞാന്‍ അനൂപിനോട് പറഞ്ഞത്. കാരണം മോഹന്‍ലാല്‍ എന്ന നടനാണ് മുന്നില്‍ വന്ന് അഭിനയിക്കുന്നത്. എന്നാല്‍ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയ ദിവസങ്ങളില്‍ അവന് ആകെ കണ്‍ഫ്യൂഷനായിരുന്നു.
ലാല്‍ അഭിനയിക്കുന്നുണ്ടോ എന്നായിരുന്നു അവന്റെ സംശയം. ‘ഇതാണ് ലാലിന്റെ അഭിനയം’ എന്ന് ഞാന്‍ അവനോട് പറഞ്ഞു. കാരണം നമ്മള്‍ സ്‌ക്രീനിലാണല്ലോ ലാലിന്റെ മാജിക് കാണുന്നത്,’ സത്യന്‍ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad Talks About Mohanlal’s Acting