ഹൃദയപൂര്‍വം; 'ലാല്‍ ഇനി ഇതുതന്നെ മതിയെന്ന് പറഞ്ഞേക്കു'മെന്ന് മമ്മൂക്ക പറഞ്ഞു: സത്യന്‍ അന്തിക്കാട്
Malayalam Cinema
ഹൃദയപൂര്‍വം; 'ലാല്‍ ഇനി ഇതുതന്നെ മതിയെന്ന് പറഞ്ഞേക്കു'മെന്ന് മമ്മൂക്ക പറഞ്ഞു: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th August 2025, 10:47 pm

സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രമാണ് ഹൃദയപൂര്‍വം. മോഹന്‍ലാല്‍ ആദ്യമായി സിങ്ക് സൗണ്ടില്‍ ചെയ്യുന്ന സിനിമ കൂടിയാണ് ഇത്. എന്നാല്‍ അദ്ദേഹത്തോട് താന്‍ ആദ്യം സിങ്ക് സൗണ്ടാണെന്ന കാര്യം പറഞ്ഞിരുന്നില്ലെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്.

പറഞ്ഞാല്‍ ചിലപ്പോള്‍ മോഹന്‍ലാല്‍ സമ്മതിക്കില്ലെന്ന് പറയുന്ന സംവിധായകന്‍ മോഹന്‍ലാല്‍ ഡബ്ബിങ്ങില്‍ മാജിക്ക് കാണിക്കുന്ന ആളാണെന്നും കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് വോയിസ് മോഡുലേഷനൊക്കെ മാറ്റാന്‍ സാധിക്കുമെന്നും കാലങ്ങളായി ഡബ്ബ് ചെയ്യുന്ന ആളാണ് മോഹന്‍ലാലെന്നും പറഞ്ഞു.

‘ഞാന്‍ അദ്ദേഹത്തോട് സിങ്ക് സൗണ്ടിനെ കുറിച്ച് പറഞ്ഞില്ല. കാരണം എക്‌സ്പീരിയന്‍സ് ചെയ്താല്‍ മാത്രമേ ഇതിന്റെ ഗുണം മനസിലാകുകയുള്ളൂ. സിനിമയുടെ ഷൂട്ടിങ് തുടങ്ങിയതിന്റെ അഞ്ചാം ദിവസമാണ് ലാല്‍ സെറ്റില്‍ ജോയിന്‍ ചെയ്യുന്നത്.

വന്നയുടനെ സിങ്ക് സൗണ്ടിന്റെ കാര്യം ലാല്‍ അറിഞ്ഞു. എനിക്ക് വലിയ പരിചയമില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെയ്ത് നോക്കൂവെന്നായിരുന്നു ഞാന്‍ നല്‍കിയ മറുപടി. അങ്ങനെ രണ്ടുമൂന്ന് ദിവസം കൊണ്ട് ലാല്‍ അതില്‍ വളരെ കംഫേര്‍ട്ടബിളായി. സിനിമ കഴിയാന്‍ ആയപ്പോഴേക്കും ലാല്‍ അതിന് വളരെ യൂസ്ഡായി,’ സത്യന്‍ അന്തിക്കാട് പറയുന്നു.

സിങ്ക് സൗണ്ടിന്റെ ഗുണം ഹൃദയപൂര്‍വം സിനിമയില്‍ കാണാന്‍ സാധിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. ഡബ്ബ് ചെയ്യുമ്പോള്‍ മോഹന്‍ലാലിന്റെ ശ്വാസവും ലിപ് നോയിസും സ്വാഭാവികമായി വരുന്ന ഇടര്‍ച്ചകളും റീക്രിയേറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്.

ഞാന്‍ പ്രകാശന്‍ സിനിമ മുതല്‍ക്കാണ് എന്റെ സിനിമകളില്‍ സിങ്ക് സൗണ്ട് ചെയ്ത് തുടങ്ങുന്നത്. ഇതിന്റെ ഇടയില്‍ ഞാന്‍ മമ്മൂട്ടിയുമായി സംസാരിച്ചിരുന്നു. ‘അവനത് പരിചയമില്ലാത്തതല്ലേ’ എന്നാണ് അദ്ദേഹം ചോദിച്ചത്. പരിചയമില്ലെന്ന് ഞാന്‍ പറഞ്ഞതും. ‘ലാല്‍ ഇനി ഇത് തന്നെ മതിയെന്ന് പറഞ്ഞേക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.


Content Highlight: Sathyan Anthikkad Talks About Mohanlal, Mammootty And Hridayapoorvam Movie