മലയാളികളുടെ പ്രിയപ്പെട്ട കോംബോ ആണ് മോഹൻലാൽ – സത്യൻ അന്തിക്കാട് എന്നിവരുടേത്. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റായിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവ്വം.
ഇപ്പോൾ മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്. അപ്പുണ്ണി എന്ന തന്റെ സിനിമയിലാണ് മോഹൻലാൽ ആദ്യമായി അഭിനയിക്കുന്നതെന്ന് സത്യൻ അന്തിക്കാട് പറയുന്നു.
‘മോഹൻലാലിനോടൊപ്പം തന്നെ ഭരത് ഗോപിയും നെടുമുടി വേണുവുമുണ്ട് ഒപ്പത്തിനൊപ്പം. ആദ്യദിവസം തന്നെ കഥാപാത്രത്തിൻ്റെ സ്വഭാവം ഞാൻ പറഞ്ഞുകൊടുത്തു. വി.കെ.എന്നിൻ്റെ തിരക്കഥയാണ്. മുരടനായ അപ്പുണ്ണിയുടെ മുറപ്പെണ്ണ് അമ്മു മാന്യനും സുന്ദരനുമായ മേനോൻ മാഷിൽ വീണു പോകണം.
വൃത്തിയുള്ള വേഷം, മര്യാദയുള്ള പെരുമാറ്റം സ്നേഹം തുളുമ്പുന്ന സംസാരം! ഇതൊക്കെയാണ് മേനോൻ മാഷിനെ അപ്പുണ്ണിയിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ചിത്രീകരിച്ചുകൊണ്ടിരുന്നപ്പോൾ പ്രത്യേകതയൊന്നും എനിക്ക് തോന്നിയില്ല. ഭരത് ഗോപിയോടും നെടുമുടിയോടും ഒടുവിലിനോടും ശങ്കരാടിയോടുമൊക്കെ ചേർന്നു പോകുന്ന അഭിനയം,’ സത്യൻ അന്തിക്കാട് പറഞ്ഞു.
ഇന്നത്തെപ്പോലെ ഷൂട്ട് ചെയ്യുന്ന ദൃശ്യങ്ങൾ അപ്പോൾ തന്നെ കാണാനുള്ള സാങ്കേതികവിദ്യയൊന്നും സിനിമയിൽ അന്ന് വന്നിട്ടില്ലെന്നും ഷൂട്ടിങ്ങും എഡിറ്റിങ്ങും കഴിഞ്ഞ് ഒരു മാസത്തിനുശേഷം മദ്രാസിലെ ഡബ്ബിങ് തിയേറ്ററിലാണ് താൻ ആദ്യമായി സിനിമ മൊത്തം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. വലിയ സ്ക്രീനിൽ മോഹൻലാൽ അവതരിപ്പിച്ച മേനോൻ മാഷിനെ കണ്ടപ്പോൾ താൻ അതിശയിച്ച് പോയെന്നും എത്ര മനോഹരമായാണ് ഈ നടൻ കഥാപാത്രമായി മാറുന്നതെന്ന് തോന്നിയെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
‘ലാലിന്റെ ഓരോ നോട്ടവും ഓരോ ചലനവും വിസ്മയിപ്പിക്കുന്നതായിരുന്നു. പിന്നീടുള്ള സിനിമകളിൽ മോഹൻലാലിനെ മുൻനിർത്തിയാണ് ഞാൻ കഥകൾ പോലും ആലോചിച്ചത്.
മോഹൻലാൽ അഭിനയിക്കുന്നതുകാണുമ്പോൾ നമുക്ക് തോന്നും ലോകത്തിലെ ഏറ്റവും എളുപ്പമുള്ള ജോലി അഭിനയമാണെന്ന്. അത്രയ്ക്ക് അനായാസമായാണ് ക്യാമറയ്ക്ക് മുന്നിൽ ലാൽ പെരുമാറുക. പലപ്പോഴും ഇയാൾ അഭിനയിക്കുന്നുണ്ടോ എന്ന സംശയം പോലും തോന്നിപ്പോവും.,’ സത്യൻ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad Talks About Mohanlal