ബച്ചനും മമ്മൂട്ടിക്കും മോഹന്‍ലാലിനുമെല്ലാം പറ്റിയ അബദ്ധമാണ് ജയറാമും ചെയ്തത്; എന്തിനാണ് അതിനെല്ലാം നിന്നതെന്ന് തോന്നിയിട്ടുണ്ട്: സത്യന്‍ അന്തിക്കാട്
Entertainment
ബച്ചനും മമ്മൂട്ടിക്കും മോഹന്‍ലാലിനുമെല്ലാം പറ്റിയ അബദ്ധമാണ് ജയറാമും ചെയ്തത്; എന്തിനാണ് അതിനെല്ലാം നിന്നതെന്ന് തോന്നിയിട്ടുണ്ട്: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd June 2025, 12:23 pm

കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനാണ് ജയറാം. പദ്മരാജന്റെ അപരനിലൂടെ സിനിമാജീവിതം ആരംഭിച്ച ജയറാം വളരെ വേഗത്തില്‍ മലയാളത്തിലെ നിറസാന്നിധ്യമായി. കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ ജയറാം അന്യഭാഷയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത ജയറാം കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഓസ്ലര്‍ എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു.

ജയറാമിന്റെ ചില സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ജയറാം മലയാള സിനിമയില്‍ കാണുന്നില്ലായിരുന്നെങ്കിലും മറ്റ് ഭാഷകളില്‍ സജീവമായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. നല്ലതല്ലാത്ത ചില സിനിമകളില്‍ ജയറാം പോയി തല വെച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം നേരിട്ട വെല്ലുവിളി കൂടിയായിരുന്നു അതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

എന്നും നല്ലകഥാപാത്രങ്ങളും നല്ല സിനിമകളും മാത്രം ലഭിക്കണമെന്നില്ലല്ലോയെന്നും അമിതാഭ് ബച്ചനും മമ്മൂട്ടിക്കും മോഹന്‍ലാലിനുമെല്ലാം പറ്റിയ അതേ അബദ്ധം തന്നെയാണ് ജയറാമും ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജയറാം ഇവിടെത്തന്നെയുണ്ടായിരുന്നു. മലയാള സിനിമയില്‍ കാണുന്നില്ലെങ്കിലും മറ്റുഭാഷകളില്‍ സജീവമായിരുന്നു. നല്ലതല്ലാത്ത ചില സിനിമകളില്‍ ജയറാം പോയി തല വെച്ചുകൊടുത്തിട്ടുണ്ട്. നടന്‍ നേരിടുന്ന വലിയ വെല്ലുവിളി കൂടിയാണത്. എന്നും നല്ലകഥാപാത്രങ്ങളും നല്ല സിനിമകളും മാത്രം ലഭിക്കണമെന്നില്ലല്ലോ.

അമിതാഭ് ബച്ചനും മമ്മൂട്ടിക്കും മോഹന്‍ലാലിനുമെല്ലാം സമാന അനുഭവങ്ങളുണ്ടായിട്ടുണ്ട്. അവര്‍ക്ക് പറ്റിയ അതേ അബദ്ധമാണ് ജയറാമും ചെയ്തത്. എന്തിനാണ് ജയറാം അതിനെല്ലാം നിന്നുകൊടുക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ന്യായീകരണങ്ങളുണ്ടാകാം. ജയറാമിന് ചെയ്യാന്‍ പറ്റുന്ന വേഷങ്ങള്‍ ഇനിയുമൊരുപാടുണ്ട്, അതിലേക്കെല്ലാം ശ്രദ്ധപതിയുകയേ വേണ്ടൂ,’ സത്യന്‍ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad Talks About Jayaram