ദാസനും വിജയനും വീരപ്പനെ പിടിക്കാന്‍ വേണ്ടി പോകുന്ന നാലാം ഭാഗം മനസിലുണ്ടായിരുന്നു, ചെയ്യാത്തതിന് കാരണമുണ്ട്: സത്യന്‍ അന്തിക്കാട്
Malayalam Cinema
ദാസനും വിജയനും വീരപ്പനെ പിടിക്കാന്‍ വേണ്ടി പോകുന്ന നാലാം ഭാഗം മനസിലുണ്ടായിരുന്നു, ചെയ്യാത്തതിന് കാരണമുണ്ട്: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th August 2025, 5:25 pm

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന് അന്തിക്കാട്. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള ചിത്രങ്ങള്‍ ചെയ്ത് ഇന്നും ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ നില്‍ക്കാന്‍ സത്യന്‍ അന്തിക്കാടിന് സാധിക്കുന്നുണ്ട്. സമകാലികരായ പലരും കാലത്തിനൊത്ത് മാറാനാകാതെ നില്‍ക്കുമ്പോള്‍ സ്ഥിരം ശൈലി പിന്തുടര്‍ന്നാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്.

സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ ഏറ്റവുമധികം ആരാധരകരുള്ള ഒന്നാണ് നാടോടിക്കാറ്റ് ട്രിലോജി. മൂന്ന് ചിത്രങ്ങളും സൂപ്പര്‍ഹിറ്റാവുകയും ഇന്നും പലരുടെയും ഫേവറെറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്തു. മൂന്ന് സിനിമകളിലെയും പല ഡയലോഗുകളും ഇന്നും ട്രോള്‍ പേജുകള്‍ ഭരിക്കുന്നവയാണ്. ദാസന്റെയും വിജയന്റെയും നാലാം വരവ് ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സത്യന്‍ അന്തിക്കാട്. ഇപ്പോഴത്തെ അവസ്ഥയില്‍ നാടോടിക്കാറ്റിന്റെ നാലാം ഭാഗം ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

നാടോടിക്കാറ്റിന് നാലാം ഭാഗം ഇനിയുണ്ടാകില്ല. കാരണം, ദാസനും വിജയനും മാറിപ്പോയി. നമ്മുടെ മനസില്‍ ഇപ്പോഴുമുള്ളത് ‘എടാ വിജയാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാത്തത്, എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’ എന്നൊക്കെ പറയുന്ന ദാസന്റെയും വിജയന്റെയും മുഖമാണ്. ഇപ്പോള്‍ അവര്‍ക്ക് പ്രായമായി. ഈ ദാസനെയും വിജയനെയും വെച്ച് ഇപ്പോള്‍ സിനിമ ചെയ്യാന്‍ പറ്റില്ല.

ഞാന്‍ ചെയ്ത ബാക്കി സിനിമകളുടെ തുടര്‍ഭാഗം ചെയ്യണമെന്ന് വിചാരിച്ചിട്ടില്ലായിരുന്നു. എന്നാല്‍ അന്ന് നാടോടിക്കാറ്റിന്റെ നാലാം ഭാഗമെന്ന രീതിയില്‍ ഒരു പടം പ്ലാന്‍ ചെയ്തിരുന്നു. ദാസനും വിജയനും കൂടി വീരപ്പനെ പിടിക്കാന്‍ പോയാല്‍ എങ്ങനെയുണ്ടാകുമെന്ന തരത്തില്‍ ഒരു കഥ തയാറാക്കിയിട്ടുണ്ടായിരുന്നു. സത്യവനം കാട്ടില്‍ പോയി വീരപ്പനെ പിടിക്കുന്ന ദാസനും വിജയനും എന്നൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അക്കരെയക്കരെയക്കരെ ചെയ്ത് നില്‍ക്കുന്ന സമയമായിരുന്നു അത്. എന്നാല്‍ അന്ന് അത് വര്‍ക്കൗട്ടായില്ല. പിന്നീട് ലാലും ശ്രീനിയും കൂടി ആലോചിച്ചിട്ട് നാലാം ഭാഗത്തിന്റെ ഒരു ത്രെഡ് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. അത് അത്ര ശരിയായി എനിക്ക് തോന്നിയില്ല. നാടോടിക്കാറ്റും പട്ടണപ്രവേശവും ഇപ്പോഴും ആളുകളുടെ മനസിലുണ്ടല്ലോ. അത് അങ്ങനെത്തന്നെ നില്‍ക്കട്ടെ. അടുത്തൊരു സിനിമ ചെയ്തിട്ട് അതിനെക്കാള്‍ നല്ലത് പഴയതായിരുന്നു എന്ന് ആളുകള്‍ പറയണ്ട എന്നായിരുന്നു അന്ന് ഞാന്‍ പറഞ്ഞത്,’ സത്യന്‍ അന്തിക്കാട് പറയുന്നു.

മൂന്ന് ചിത്രങ്ങളാണ് നാടോടിക്കാറ്റ് ഫ്രാഞ്ചൈസിയില്‍ നിന്ന് പുറത്തിറങ്ങിയത്. ആദ്യ ഭാഗമായ നാടോടിക്കാറ്റ് 1987ലും രണ്ടാം ഭാഗമായ പട്ടണപ്രവേശം 1988ലും പുറത്തിറങ്ങി. രണ്ട് വര്‍ഷത്തിന് ശേഷം 1990ല്‍ മൂന്നാം ഭാഗമായ അക്കരെയക്കരെ തിയേറ്ററുകളിലെത്തി. മൂന്ന് ഭാഗവും വന്‍ വിജയമായി മാറുകയും ചെയ്തു.

Content Highlight: Sathyan Anthikkad saying he planned to do the fourth part for Nadodikkattu movie