ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് ആ നടനെ കാണുമ്പോള്‍ തോന്നിപ്പോകും, വല്ലാത്തൊരു മാജിക്കാണത്: സത്യന്‍ അന്തിക്കാട്
Malayalam Cinema
ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് ആ നടനെ കാണുമ്പോള്‍ തോന്നിപ്പോകും, വല്ലാത്തൊരു മാജിക്കാണത്: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st August 2025, 10:06 am

മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. സമകാലികരായ പലരും കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാകാതെ പിന്‍വാങ്ങിയപ്പോഴും തന്റെ സ്ഥിരം ശൈലിയില്‍ സിനിമകളൊരുക്കി കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ സത്യന്‍ അന്തിക്കാടിന് സാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഹൃദയപൂര്‍വം തിയേറ്ററുകളിലേക്കെത്തുകയാണ്.

പത്ത് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. ഇരുവരും ഒന്നിച്ച 20ാമത്തെ സിനിമയെന്ന പ്രത്യേകതയും ഹൃദയപൂര്‍വത്തിനുണ്ട്. മലയാളികള്‍ നെഞ്ചിലേറ്റിയ കോമ്പോ വീണ്ടുമൊന്നിക്കുമ്പോള്‍ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ ആവേശത്തിലാണ്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്.

സന്മനസ്സുള്ളവര്‍ക്ക് സമാധാനം ചെയ്യുമ്പോഴുള്ള മോഹന്‍ലാല്‍ തന്നെയാണ് ഹൃദയപൂര്‍വം ചെയ്യുമ്പോഴും ഉള്ളത്. അയാള്‍ക്ക് കൂടുതലായി അഭിനയം പഠിക്കേണ്ടി വന്നിട്ടില്ല. കാരണം, ക്യാമറക്ക് മുന്നില്‍ ഏറ്റവും നാച്ചുറലായി ബിഹേവ് ചെയ്യുന്ന നടനാണ് മോഹന്‍ലാലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിന് ഒരുപാട് കാരണങ്ങളുണ്ട്.

ലാല്‍ ക്യാമറക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ലോകത്ത് ഏറ്റവും എളുപ്പമുള്ള ജോലി അഭിനയമാണോ എന്ന് തോന്നിപ്പോകും. ‘ഇത് ആര്‍ക്കും ചെയ്യാവുന്ന കാര്യമല്ലേ’ എന്ന് നമുക്ക് തോന്നും. അത് ലാലിന് മാത്രം പറ്റുന്ന ഒരു മാജിക്കാണ്. ഈയടുത്ത് ഞാന്‍ ഒരു ലേഖനമെഴുതിയിരുന്നു. പണ്ട് മണിച്ചിത്രത്താഴിന്റെ സമയത്ത് ഫാസില്‍ പുള്ളിയെപ്പറ്റി പറഞ്ഞ ഒരു കാര്യമായിരുന്നു അത്.

ആ പടത്തില്‍ ‘ഗംഗയെ എന്നെന്നേക്കുമായി നഷ്ടപ്പെടും, നകുലന്റെ ജീവന് ആപത്താണ്’ എന്നൊക്കെയുള്ള ലെങ്തി ഡയലോഗ് മോഹന്‍ലാല്‍ പറയുന്നുണ്ട്. ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ലാല്‍ ഭയങ്കരമായി ഗ്യാപ്പിടുന്നതുപോലെ ഫാസിലിന് തോന്നി. റീടേക്ക് എടുക്കാമെന്ന് പറഞ്ഞപ്പോള്‍ ‘വേണേല്‍ ചെയ്യാം, പാച്ചിക്ക ആക്ഷന്‍ പറഞ്ഞപ്പോള്‍ ഡയലോഗ് പറഞ്ഞു. പിന്നെ നടന്നത് ഓര്‍മയില്ല’ എന്നായിരുന്നു ലാല്‍ പറഞ്ഞത്. അയാള്‍ ആ കഥാപാത്രമായി വലരെ വേഗം മാറുകയായിരുന്നു,’ സത്യന്‍ അന്തിക്കാട് പറയുന്നു.

ഏത് ജോലിയും ഒരുപാട് കാലം ചെയ്താല്‍ മടുക്കുമെന്നും എന്നാല്‍ മോഹന്‍ലാലിന് അഭിനയം അങ്ങനെയല്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ഹൃദയപൂര്‍വത്തില്‍ ഓരോ സീനിലും മോഹന്‍ലാല്‍ കാണിക്കുന്ന കൃത്യത വളരെ മികച്ചതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് അഭിനയിപ്പിച്ച് കൊതി തീരാത്ത നടനാണ് മോഹന്‍ലാലെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad explains the behavior of Mohanlal in front of camera