മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റുന്ന ഒരുപിടി മികച്ച സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. 1982ല്‍ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെയാണ് സത്യന്‍ അന്തിക്കാട് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, നാടോടിക്കാറ്റ് തുടങ്ങിയ ക്ലാസിക് ചിത്രങ്ങള്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയിട്ടുണ്ട്.
അച്ചുവിന്റെ അമ്മ എന്ന സിനിമയിലേക്ക് ഉർവശിയെ വിളിക്കാൻ പോയ അനുഭവം പറയുകയാണ് സത്യൻ അന്തിക്കാട്. സിനിമയിൽ നിന്ന് ഇടവേളയെടുത്ത സമയത്താണ് ഉർവശിയെ കാണാൻ പോയതെന്നും മീര ജാസ്മിനിന്റെ അമ്മയായി അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ ഒരു പ്രശ്നവുമില്ല എന്നാണ് ഉർവശി പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. അത്രയും നാൾ നായികയായി അഭിനയിച്ച നടികൾക്ക് ഒരാളുടെ അമ്മയായി അഭിനയിക്കണമെന്ന് കേൾക്കുമ്പോൾ മടിയുണ്ടാവുമെന്നും പിന്നീട് മകൾ എന്ന സിനിമയുടെ സമയത്ത് മീര ജാസ്‌മിനും ഇത്തരത്തിൽ മറുപടി തന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഉർവശി സിനിമയിൽ നിന്ന് പോയിട്ട് എട്ടു വർഷം കഴിഞ്ഞിരുന്നു. ഇടയ്ക്ക് അന്വേഷിച്ചപ്പോൾ അഭിനയിക്കുന്നില്ലെന്നായിരുന്ന മറുപടി ‘അച്ചുവിന്റെ അമ്മ’ മനസിലേക്ക് വന്നപ്പോൾ ഉർവശിയെ വിളിച്ച് ‘ഞാനൊന്നു കാണാൻ വരട്ടെ’ എന്നു ചോദിച്ചു. ചെന്നൈയിലെ ഫ്ലാറ്റിലെത്തി വീണ്ടു അഭിനയിക്കുമോ എന്നു ചോദിച്ചു.
‘സത്യേട്ടൻ പറയുകയാണെങ്കിൽ ഞാൻ വരാമെന്നായിരുന്നു’ മറുപടി. കഥ പറയും മുന്നേ ഞാൻ ചോദിച്ചു. ‘പക്ഷേ, മീരാ ജാസ്‌മിൻ്റെ അമ്മയായിട്ട് അഭിനയിക്കണം. പറ്റുമോ’ നായികയായിട്ട് അഭിനയിച്ചിരുന്ന നടികൾ പെട്ടെന്നിത് കേൾക്കുമ്പോൾ മനസ് മാറും. ഉർവശിയുടെ ആദ്യ ഡയലോഗ് ഇങ്ങനെയായിരുന്നു. ‘സത്യേട്ടൻ്റെ സിനിമയാണെങ്കിൽ സുകുമാരി ചേച്ചിയുടെ അമ്മയായിട്ട് ആണെങ്കിലും അഭിനയിക്കും.’
അന്ന് ഉർവശിയോടു ചോദിച്ച അതേ ചോദ്യമാണ് ‘മകൾ’ എന്ന സിനിമയിലേക്ക് വിളിച്ചപ്പോൾ മീരാ ജാസ്‌മിനോടും ചോദിച്ചത്. ‘പ്ലസ് ടു കുട്ടിയുടെ അമ്മയായി അഭിനയിക്കണം പറ്റുമോ?’ ‘എനിക്ക് അതിനുള്ള മെച്യൂരിറ്റി ആയി സത്യൻ അങ്കിൾ’ എന്നായിരുന്നു മീരയുടെ ഉത്തരം. എനിക്ക് മൂന്ന് ആൺകുട്ടികളാണ്. പെൺമക്കളുള്ള കുറെ സുഹൃത്തുക്കളുണ്ട്. തിരക്കഥാക്യത്ത് ഇക്ബാൽ കുറ്റിപ്പുറത്തിന് ഒരു മകളുണ്ട്. അവർക്കുള്ള ഇഷ്‌ടവും ആശങ്കയും എല്ലാം അറിയാറുമുണ്ട്. ടീനേജ് പെൺകുട്ടിയുടെ പ്രശ്‌നങ്ങൾ അച്ഛൻ കൈകാര്യം ചെയ്യുന്നതിൽ കഥയുണ്ടെന്ന് തോന്നി.
ചെറുപ്പം വിടാത്ത ഒരു അച്ഛൻ വേണമായിരുന്നു. കാളിദാസൻ്റെയും മാളവികയുടെയും അച്ഛനാണല്ലോ ജയറാം. പതിനൊന്നു വർഷമായി എൻ്റെ സിനിമയിൽ ജയറാം വന്നിട്ട്. കുറച്ചു വർഷമായി തമിഴിലും തെലുങ്കിലുമാണ് സജീവം. ഒരു നല്ല പ്രൊജക്‌ടിനായാണ് കാത്തിരുന്നതെന്ന് ജയറാമും പറഞ്ഞു. അതാണ് മകൾ,’സത്യൻ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad About urvashi And Achuvinte Amma Movie