സ്വാഭാവിക അഭിനയത്തിന്റെ ഉസ്താദുമാരാണ് മോഹന്‍ലാലും സംഗീത് പ്രതാപും, ലാലിന്റെ ഒപ്പം നില്‍ക്കാന്‍ അവന് സാധിച്ചു: സത്യന്‍ അന്തിക്കാട്
Malayalam Cinema
സ്വാഭാവിക അഭിനയത്തിന്റെ ഉസ്താദുമാരാണ് മോഹന്‍ലാലും സംഗീത് പ്രതാപും, ലാലിന്റെ ഒപ്പം നില്‍ക്കാന്‍ അവന് സാധിച്ചു: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th August 2025, 9:43 pm

ഓണം റിലീസുകള്‍ക്കായി മലയാളി സിനിമാപ്രേമികള്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. വ്യത്യസ്ത ഴോണറുകളിലുള്ള സിനിമകളാണ് ഇത്തവണ ഓണം കളറാക്കാനെത്തുന്നത്. മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കോമ്പോയിലൊരുങ്ങുന്ന ഹൃദയപൂര്‍വമാണ് ഇത്തവണത്തെ ഹൈലൈറ്റ്. അനൗണ്‍സ്‌മെന്റ് മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ്.

10 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒരു സിനിമക്ക് വേണ്ടി ഒന്നിക്കുന്നത്. ആക്ഷന്‍ റോളുകളില്‍ നിന്ന് മാറി സാധാരണക്കാരിലൊരാളായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ആരാധകരും സന്തോഷത്തിലാണ്. പ്രേമലുവിലൂടെ പ്രേക്ഷകസ്‌നേഹം സ്വന്തമാക്കിയ സംഗീത് പ്രതാപും ഹൃദയപൂര്‍വത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മോഹന്‍ലാല്‍- സംഗീത് പ്രതാപ് കോമ്പോയെക്കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്.

‘മോഹന്‍ലാലിന്റെ കൂടെ സംഗീത് പ്രതാപ് വരുമ്പോള്‍ ഒരു വ്യത്യസ്തമായ കോമ്പിനേഷനുണ്ടാവുകയാണ്. പണ്ട് മോഹന്‍ലാലും ജഗതിയും ഉണ്ടായിരുന്നതുപോലെ അല്ലെങ്കില്‍ മോഹന്‍ലാലും ശ്രീനിവാസനും ഉണ്ടായിരുന്നതുപോലെ ഒരു കോമ്പോയാണിത്. അമല്‍ ഡേവിസ് എന്ന കഥാപാത്രം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും.

പ്രേമലുവില്‍ തന്റെ കഥാപാത്രത്തിലൂടെ ഒരുപാട് ശ്രദ്ധ നേടിയ നടനാണ് സംഗീത്. അപ്പോള്‍, സംഗീതും ലാലും വരുന്ന സീനുകള്‍ ഈ പടത്തിന്റെ ഹൈലൈറ്റാണ്. കാരണം, സ്വാഭാവികമായ അഭിനയത്തിന്റെ ഉസ്താദുമാരാണ് രണ്ടാളും. ലാലിന്റെ ഒപ്പം ഇവന്‍ കട്ടക്ക് പിടിച്ചുനിന്നിട്ടുണ്ട്. ആ കാര്യത്തില്‍ ഞാന്‍ എല്ലാ ക്രെഡിറ്റും കൊടുക്കുന്നത് മോഹന്‍ലാലിനാണ്,’ സത്യന്‍ അന്തിക്കാട് പറയുന്നു.

മോഹന്‍ലാലിന്റെ കൂടെ നില്‍ക്കുക എന്ന കാര്യത്തില്‍ സംഗീതിന് ആദ്യം ചെറിയൊരു അകല്‍ച്ചയുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ആദ്യദിവസം കൊണ്ട് തന്നെ മോഹന്‍ലാല്‍ അത് മാറ്റിയെടുത്തെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. മാളവികയുടെയും സംഗീതിന്റെയും അച്ഛന്മാരുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് മോഹന്‍ലാല്‍ അവരോട് പറഞ്ഞെന്നും അദ്ദേഹം പറയുന്നു.

‘മാളവികയുടെ അച്ഛന്‍ കെ.യു മോഹനന്‍ ക്യാമറാമാനായിരുന്നു. സംഗീതിന്റെ അച്ഛന്‍ പ്രതാപ് ജെയിംസ് എന്നയാളുടെ ക്യാമറ യൂണിറ്റിലുണ്ടായിരുന്നു. ആദ്യത്തെ ദിവസം തന്നെ ലാലും സംഗീതും ഫ്രണ്ട്‌സായി. സംഗീത് ഏറ്റവും കൂടുതല്‍ ചിരിച്ചത് ലാലിന്റെ കൂടെയുള്ള സീക്വന്‍സിലായിരുന്നു. അവര്‍ ഫ്രീയായപ്പോള്‍ നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ അവരില്‍ നിന്ന് കിട്ടി,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Sathyan Anthikkad about Mohanlal Sangeeth Prathap combo in Hridayapoorvam