മലയാളികൾക്ക് എന്നും ഓർത്തിരിക്കാവുന്ന സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് – ശ്രീനിവാസൻ എന്നിവരുടേത്. കുടുംബപ്രേക്ഷർക്കിടയിൽ മോഹൻലാലിന് വലിയ സ്വീകാര്യത നേടിക്കൊടുക്കാൻ ഇവരുടെ സിനിമകൾക്ക് കഴിഞ്ഞു. നാടോടിക്കാറ്റ്, സന്മനസുള്ളവർക്ക് സമാധാനം, വരവേല്പ് തുടങ്ങിയ മികച്ച സിനിമകൾ ഇരുവരും അണിയിച്ചൊരുക്കി.
ശ്രീനിവാസനെ കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്. തന്റെ ആത്മാവിനോട് ഏറ്റവും ചേർന്ന് നിൽക്കുന്ന വ്യക്തിയാണ് ശ്രീനിവാസനെന്ന് പറയുകയാണ് സത്യൻ അന്തിക്കാട്. തന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകളെല്ലാം ശ്രീനിവാസന്റെ തൂലികയിൽ പിറന്നതാണെന്നും സൗഹൃദം കൂടിയുള്ളതുകൊണ്ടാണ് തങ്ങളുടെ സിനിമകൾ നന്നായി വരുന്നതെന്നും സത്യൻ അന്തിക്കാട് പറയുന്നു. ശ്രീനിവാസൻ വ്യക്തിപരമായിട്ടും എഴുത്തുകാരൻ എന്ന നിലയിലും തന്റെതന്നെ മറ്റൊരു പകുതിയാണെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.
‘എന്റെ ആത്മാവിനോട് ഏറെ ചേർന്നു നിൽക്കുന്നയാളാണ് ശ്രീനിവാസൻ. കാരണം, ശ്രീനിവാസനെന്ന എഴുത്തുകാരനില്ലെങ്കിൽ, ശ്രീനിവാസനെന്ന കുട്ടുകാരനില്ലെങ്കിൽ ഇത്രയും കൂടുതൽ സിനിമകൾ ഇത്രയും രസകരമായിട്ട് ചെയ്യാൻ എനിക്ക് പറ്റില്ലായിരുന്നു. എന്റെ കരിയറിൽ ശ്രീനി പതിനാറോ പതിനേഴോ സ്ക്രിപ്റ്റാണ് ചെയ്തത്, ഞാൻ 57 സിനിമ ചെയ്തുകഴിഞ്ഞിട്ടുണ്ട്.
ഏറ്റവും നോട്ടബിളായിട്ടുള്ള, എന്നും റിലവൻ്റായിട്ടുള്ള സിനിമകൾ ശ്രീനിയാണെഴുതിയത്. ശ്രീനിവാസന്റെ എന്നോടുകൂടിയിട്ടുള്ള കോമ്പിനേഷൻ, അത് എനിക്ക് വലിയൊരു ഊർജമാണ്. അത് വ്യക്തി എന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും. ഇത് രണ്ടും മാറിനിൽക്കുന്നില്ല. ശ്രീനിവാസനും ഞാനും കൂടി സ്ക്രീൻപ്ലേയിൽ വർക്ക് ചെയ്യാനിരിക്കുമ്പോൾ അതിന്റെ ആദ്യത്തെ സീൻ എഴുതുമ്പോൾ തൊട്ട് ഞങ്ങൾ ചർച്ചചെയ്താണ് പോവുന്നത് അതിൽ സൗഹൃദം കൂടിയുള്ളതു കൊണ്ടാണ്.
ഒരു എഴുത്തുകാരനും സംവിധായകനും എന്നത് മാറ്റിവെച്ച് ഞങ്ങൾ തമ്മിലുള്ള സൗഹൃദവും വ്യക്തിപരമായ അടുപ്പവും കൂടിയുണ്ടാവുമ്പോഴാണ് സിനിമ നന്നാവുന്നത്. അത് വലിയൊരു ഘടകമാണ്. എന്തുകൊണ്ടാണ് സിനിമ നന്നാവുന്നത്, എന്തൊക്കെ സീൻസാണ് നന്നാവുന്നത്. ഇപ്പോൾ മോഹൻലാലിന്റെ സിനിമകൾ നന്നാവുന്നു. പ്രിയൻ്റെ സിനിമകൾ നന്നാവുന്നു. ഞങ്ങൾ തമ്മിലുള്ള വ്യക്തിപരമായ അടുപ്പംകൂടി അതിൽ കോൺട്രിബ്യൂട്ട് ചെയ്യുന്നുണ്ട്.
ആ വ്യക്തിബന്ധമുണ്ടാവുമ്പോഴാണ് സിനിമ നന്നാവുന്നത്. എന്തുകൊണ്ടാണ് ഇന്നസെന്റ് എന്റെയും പ്രിയന്റെയുമൊക്കെ സിനിമകളിൽ നല്ല രസകരമായിട്ട് ചെയ്യുന്നത്. ഞങ്ങൾ തമ്മിൽ വ്യക്തിബന്ധം ഉള്ളതുകൊണ്ടാണ്.
ശ്രീനിവാസൻ എന്നുള്ളത് വ്യക്തിപരമായിട്ടും എഴുത്തുകാരൻ എന്ന നിലയിലും എൻ്റെതന്നെ മറ്റൊരു പകുതിയാണ്.
ഞാൻ പൂർണനാവുന്നത് പലപ്പോഴും ശ്രീനിവാസനുള്ളതുകൊണ്ടാണ്. ശ്രീനിവാസൻ എഴുതാത്ത സ്ക്രിപ്റ്റും പലപ്പോഴും ശ്രീനിവാസനോട് ചർച്ച ചെയ്‌തിട്ടാണ് ഞാൻ ചെയ്യാറുള്ളത്,’സത്യൻ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad About Friendship With Sreenivasan