അന്ന് ഒരൊറ്റ സീനില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ ലാല്‍ വരുമോ എന്ന് സംശയിച്ചു: സത്യന്‍ അന്തിക്കാട്
Malayalam Cinema
അന്ന് ഒരൊറ്റ സീനില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ ലാല്‍ വരുമോ എന്ന് സംശയിച്ചു: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th August 2025, 3:23 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. തന്റെ സിനിമാജീവിതത്തില്‍ ഒട്ടനവധി മികച്ച സിനിമകള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ ആദ്യ സിനിമയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സത്യന്‍ അന്തിക്കാട്. 43 വര്‍ഷം മുന്‍പ് കുറുക്കന്റെ കല്യാണത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയമെന്ന് പറഞ്ഞാണ് സത്യന്‍ അന്തിക്കാട് തുടങ്ങിയത്.

‘സുകുമാരനാണ് സിനിമയില്‍ നായകന്‍. ജഗതി ശ്രീകുമാറും ബഹദൂറുമൊക്കെ സജീവമായി കൂടെയുണ്ട്. ഒരു പെണ്‍കുട്ടി മുന്നില്‍ വന്നു പെട്ടാല്‍ മുട്ടു വിറയ്ക്കുന്ന ശിവസുബ്രഹ്‌മണ്യ ഹരിരാമചന്ദ്രന്‍ എന്ന പാവത്താനായാണ് സുകുമാരന്‍ അഭിനയിക്കുന്നത്. മനസു കൊണ്ട് ആരാധിക്കുന്ന നായികയോട് ഇഷ്ടമാണെന്ന് പറയാനുള്ള ധൈര്യം ആ കഥാപാത്രത്തിനില്ല. അയാളെ അതിന് പ്രേരിപ്പിക്കാനും ധൈര്യം കൊടുക്കാനും മറ്റൊരു ചെറുപ്പക്കാരന്‍ വേണം,’ സത്യന്‍ അന്തിക്കാട് പറയുന്നു.

തിരക്കഥാകൃത്ത് ഡോ. ബാലകൃഷ്ണനും നിര്‍മാതാവ് റഷീദും ആത്മസുഹൃത്ത് ഭാസി മാങ്കുഴിയും താനും ആരെ കാസ്റ്റ് ചെയ്യണെന്ന് തലപുകഞ്ഞ് ആലോചിച്ചെന്നും പെട്ടെന്നാണ് മോഹന്‍ലാല്‍ എന്ന യുവനടന്‍ മനസിലേക്ക് കയറിവന്നതെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ആദ്യസിനിമയിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ്. ഒരൊറ്റ സീനില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ വരുമോ എന്ന സംശയം ഉണ്ടായിരുന്നു. അതും ഒരു സംവിധായകന്റെ ആദ്യത്തെ സിനിമയില്‍. സീന്‍ ഒന്നേ ഉള്ളു എങ്കിലും അതൊരു പ്രധാനപ്പെട്ട രംഗമാണ്.

മോഹന്‍ലാല്‍ സമ്മതിച്ചു. ബഹദൂറിന്റെ മകളുടെ ഭര്‍ത്താവാണ് കഥാപാത്രം. അത് വ്യക്തമാക്കുന്ന ഒരു ചെറിയ സീന്‍ ആദ്യം തന്നെ ഷൂട്ട് ചെയ്തു. സത്യ സ്റ്റുഡിയോയിലായിരുന്നു ആ സിനിമയുടെ സെറ്റ്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Sathyan Anthikad talks about the movie Kurukanta Kalyanam and Mohanlal