ഇപ്പോള്‍ പല കഥാപാത്രങ്ങളുടെയും രൂപം മനസില്‍ തെളിയുന്നില്ല; തിരക്കഥ എഴുതുമ്പോള്‍ ഉള്ള വെല്ലുവിളി അതാണ്: സത്യന്‍ അന്തിക്കാട്
Malayalam Cinema
ഇപ്പോള്‍ പല കഥാപാത്രങ്ങളുടെയും രൂപം മനസില്‍ തെളിയുന്നില്ല; തിരക്കഥ എഴുതുമ്പോള്‍ ഉള്ള വെല്ലുവിളി അതാണ്: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st August 2025, 5:44 pm

മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റിയ വിജയരഹസ്യമാണ് സത്യന്‍-മോഹന്‍ലാല്‍ സിനിമകള്‍. ടി.പി.ബാലഗോപാലന്‍, ഗോപാലകൃഷ്ണ പണിക്കര്‍, ദാസന്‍, തുടങ്ങി ഈ കൂട്ടുകെട്ടില്‍ പിറന്ന കഥാപാത്രങ്ങളെല്ലാം ഹിറ്റാണ്. ഇപ്പോള്‍ മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹൃദയപൂര്‍വത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെപ്പറ്റി സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്.

‘സന്ദീപ് ബാലകൃഷ്ണന്‍ എന്നാണ് ഹൃദയപൂര്‍വ്വത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ടി.പി.ബാലഗോപാലനില്‍ നിന്നും ഗോപാലകൃഷ്ണ പണിക്കരില്‍ നിന്നുമൊക്കെ ഏറെ വ്യത്യസ്തനാണ് സന്ദീപ് ബാലകൃഷ്ണന്‍.

അന്നത്തെ കഥാപാത്രങ്ങളുടെ ജീവിതസാഹചര്യമല്ല സന്ദീപിന്റേത്. സാമ്പത്തിക പ്രതിസന്ധികളോ, കുടുംബപ്രാരബ്ദങ്ങളോ ഒന്നും അയാള്‍ക്കില്ല. പക്ഷേ അതിനേക്കാള്‍ തീവ്രമായ അനുഭവങ്ങളിലൂടെയാണ് സന്ദീപ് കടന്നുപോകുന്നത്. അത് സരസമായി അവതരിപ്പിക്കുന്നതാണ് ഈ സിനിമയിലെ ലാല്‍ മാജിക്,’ സത്യന്‍ അന്തിക്കാട് പറയുന്നു.

സത്യന്‍ അന്തിക്കാട് സിനിമാ കുടുംബത്തിലെ അനശ്വര പ്രതിഭകളെല്ലാം മണ്‍ മറഞ്ഞിരിക്കുന്നു, പുതിയ സിനിമകള്‍ എഴുതുമ്പോള്‍ അവരെ മിസ് ചെയ്യാറുണ്ടോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.

‘ഇന്നസെന്റ്‌റിനെയും ഒടുവിലിനെയും ലളിതചേച്ചിയെയും മാമുക്കോയയെയുമൊക്കെ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. അവരൊക്കെ എന്റെ സിനിമാ കുടുംബത്തിലെ അംഗങ്ങളായിരുന്നു. ഇപ്പോള്‍ തിരക്കഥ രൂപപ്പെടുത്തുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി പല കഥാപാത്രങ്ങളുടെയും രൂപം മനസ്സില്‍ തെളിയു ന്നില്ല എന്നതാണ്. പണ്ടൊക്കെ എഴുത്തു തുടങ്ങുമ്പോള്‍ത്തന്നെ ഈ കഥാപാത്രം ലളിത ചേച്ചി, ഇത് ഇന്നസെന്റ്, ഇത് ഒടുവില്‍ എന്നൊക്കെ മനസ്സില്‍ സങ്കല്‍പ്പിക്കാന്‍ പറ്റും.

ആ നിമിഷം മുതല്‍ ആ കഥാപാത്രങ്ങളായി അവരെത്തന്നെ ഞാന്‍  കണ്ടുതുടങ്ങുകയും ചെയ്യും. ഹൃദയപൂര്‍വ്വത്തിന്റെ കഥ നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലത്തില്‍ അല്ലാത്തതു കൊണ്ട് വലിയ പ്രശ്‌നമുണ്ടായില്ല. പുനെയിലായിരുന്നു പ്രധാന ചിത്രീകരണം. സിദ്ദിഖും ലാലു അലക്‌സും ജനാര്‍ദ്ദനനുമൊക്കെ കൂടെ യുണ്ടായിരുന്നു. ഒപ്പം പുതിയ തലമുറയിലെ മികച്ച താരങ്ങളും,’ സതയന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

Content highlight: Sathyan Anthikad talks about Mohanlal’s character in Hridayapoorvam  and the actors he miss in cinema