സിങ്ക് സൗണ്ട് ഉപയോഗിക്കുന്നതില്‍ ലാല്‍ ആദ്യം വിമുഖത പ്രകടിപ്പിച്ചു: സത്യന്‍ അന്തിക്കാട്
Malayalam Cinema
സിങ്ക് സൗണ്ട് ഉപയോഗിക്കുന്നതില്‍ ലാല്‍ ആദ്യം വിമുഖത പ്രകടിപ്പിച്ചു: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th August 2025, 10:58 pm

നാളെ(28.08.2025) റിലീസ് ചെയ്യാനിരിക്കുന്ന ഹൃദയപൂര്‍വം സിനിമയില്‍ മോഹന്‍ലാലിന്റെ സിങ്ക് സൗണ്ടാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ക്യൂസ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാലിനെ വെച്ച് ഇത് ചെയ്യുമ്പോള്‍ ഞാന്‍ ആദ്യം ആലോചിച്ചത് സിങ്ക് സൗണ്ട് ചെയ്യാം എന്നാണ്. ലാലിന് അതില്‍ കുറച്ച് വിമുഖത ഉണ്ടായിരുന്നു. എന്നെ പോലെ എന്തും പറയാന്‍ സ്വാതന്ത്ര്യം ഉള്ള ആളായതുകൊണ്ടാണ് ലാല്‍ അതിന് സമ്മതിച്ചത്. പക്ഷേ ചെയ്ത് കഴിഞ്ഞപ്പോള്‍ ഉണ്ടായ ഇംപാക്ട് വളരെ വലുതാണ്.

മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിന്റെ ഒരു പൂര്‍ണത കൈ വരുന്നത് ഈ സിങ്ക് സൗണ്ടും കൂടി കൊണ്ടാണ് എന്നത് ഓഡിയന്‍സിന് മനസിലാകും. എന്താണ് പ്രത്യേകത എന്ന് പെട്ടന്ന് മനസിലാകില്ല. പക്ഷേ ഒരു ഇംപാക്ട് ഉണ്ടാകും. അങ്ങനെ ചെയ്യുമ്പോള്‍ അക്ഷരത്തെറ്റുകള്‍ പോലും ഭംഗിയാണ്. തെറ്റുന്നതും തപ്പും, തടയലുമൊക്കെ സിനിമയുടെ റിയാലിറ്റിക്ക് ഒരുപാട് ഗുണം ചെയ്യുന്നതാണ്.

ഞാന്‍ സൗണ്ടില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന ആളാണ്. ഈ സിനിമയിലേക്ക് വരുകയാണെങ്കില്‍ മോഹന്‍ലാലിന്റെ ആദ്യത്തെ സിങ്ക് സൗണ്ട് എന്ന് തന്നെ വേണമെങ്കില്‍ പറയാം. ഈ സിനിമ ചെയ്യുമ്പോള്‍ ലാല്‍ എന്നോട് ചോദിച്ചു, ഞാന്‍ ഡബ്ബ് ചെയ്യുകയേ വേണ്ടയെന്ന്. ഞാന്‍ പറഞ്ഞു. സിനിമാ കഴിഞ്ഞാല്‍ ഡബ്ബ് ചെയ്യാനായിട്ട് ലാല്‍ വരികയേ വേണ്ട എന്ന്. അതുകൊണ്ട് ഡബ്ബിങ് തിയേറ്ററില്‍ സിനിമ കണ്ടിട്ടില്ല,’ സത്യന്‍ അന്തിക്കാട് പറയുന്നു.

സത്യന്‍ ലാല്‍ കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ സിനിമാലോകത്തിനും പ്രതീക്ഷ ഏറെയാണ്. നീണ്ട ഇടവേളക്ക് ശേഷമാണ് ഇവര്‍ ഒന്നിക്കുന്നത്. ഇന്നലെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സോനു ടി.പി തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. സിനിമയില്‍ മോഹന്‍ലാലിന് പുറമേ മാളവിക മോഹന്‍, സംഗീത് പ്രതാപ് തുടങ്ങിയവരും അഭിനയിക്കുന്നു.

Content highlight: Sathyan Anthikad says that Mohanlal initially expressed reluctance to use sync sound