ശശികുമാര വര്‍മയും മോഹന്‍ലാലും; പൊതു സ്വതന്ത്രരുടെ സാധ്യതാ പട്ടികയുമായി ആര്‍.എസ്.എസ്
Kerala News
ശശികുമാര വര്‍മയും മോഹന്‍ലാലും; പൊതു സ്വതന്ത്രരുടെ സാധ്യതാ പട്ടികയുമായി ആര്‍.എസ്.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th February 2019, 10:09 am

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊതു സ്വതന്ത്രരുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയുമായി ആര്‍.എസ്.എസ്. പത്ത് മണ്ഡലങ്ങളില്‍ സ്വതന്ത്രരെ മത്സരിപ്പിക്കാനാണ് ആര്‍.എസ്. എസ് നേതൃത്വത്തിന്റെ ആലോചന.

സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി രാംലാല്‍ ബി.ജെ.പി നേതൃത്വത്തിന് കൈമാറി. തിരുവനന്തപുരം മണ്ഡലത്തില്‍ നടന്‍ മോഹന്‍ലാലിന്റേയും സുരേഷ് ഗോപിയുടേയും കുമ്മനം രാജശേഖരന്റേയും പേരുകളാണ് ഉള്‍പ്പെടുന്നത്.

പത്തനംതിട്ടയില്‍ പൊതുസ്വതന്ത്രനായി പന്തളം കുടുംബാഗം ശശികുമാര വര്‍മയുള്‍പ്പെടെയുള്ളവരുടെ ലിസ്റ്റ് ബി.ജെ.പി നേതൃത്വത്തിന് കൈമാറി.


ധൈര്യമുണ്ടെങ്കില്‍ അവിശ്വാസപ്രമേയം കൊണ്ടുവരൂ; കര്‍ണാടകയില്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്


ബി.ജെ.പി നേതാക്കളെ പൂര്‍ണമായും മാറ്റിനിര്‍ത്തി 20 മണ്ഡലങ്ങളുടേയും ചുമതല ആര്‍.എസ്.എസ് ഏറ്റെടുത്തതിന് പിന്നാലെയാണ് പത്തോളം മണ്ഡലങ്ങളില്‍ പൊതുസ്വതന്ത്രരെ നിര്‍ത്താന്‍ ആര്‍.എസ്.എസ് തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി മണ്ഡലങ്ങളുടെ മനസറിയാന്‍ സ്വകാര്യ ഏജന്‍സികള്‍ വഴി ആര്‍.എസ്.എസ് സര്‍വേ നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥികളുടെ സാധ്യതയും ന്യൂനതകളും സര്‍വേയില്‍ തേടിയിരുന്നു.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മോഹന്‍ലാലിന് വേണ്ടി ആര്‍.എസ്.എസിന്റെ ശ്രമം ഇപ്പോഴും തുടരുകയാണെന്നാണ് സൂചന.