എന്നെ ഒരുപാട് സ്വാധീനിച്ച മലയാള സിനിമ; സുബ്രമണ്യപുരം ചെയ്യുമ്പോള്‍ അതെന്റെ മൈന്‍ഡിലേക്ക് വന്നു: ശശികുമാര്‍
Entertainment
എന്നെ ഒരുപാട് സ്വാധീനിച്ച മലയാള സിനിമ; സുബ്രമണ്യപുരം ചെയ്യുമ്പോള്‍ അതെന്റെ മൈന്‍ഡിലേക്ക് വന്നു: ശശികുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th June 2025, 3:15 pm

 

അഭിനയത്തിന് പുറമെ സംവിധായകനായും നിര്‍മാതാവായും തിരക്കഥാകൃത്തായും പിന്നണി ഗായകനായും ഏറെ ശ്രദ്ധിക്കപ്പെട്ട തമിഴ് നടനാണ് ശശികുമാര്‍. സംവിധായകരായ ബാല, അമീര്‍ എന്നിവരുടെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത് കൊണ്ടാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്.

എന്നാല്‍ ശശികുമാര്‍ തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത് 2008ല്‍ പുറത്തിറങ്ങിയ സുബ്രഹ്‌മണ്യപുരം എന്ന തന്റെ ആദ്യ സംവിധാന ചിത്രത്തിലൂടെയാണ്. അതുവരെ കാണാത്ത തരത്തിലുള്ള സിനിമാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു അത്. ഇപ്പോള്‍ തന്നെ ഒരുപാട് സ്വാധീനിച്ച താഴ്‌വാരം എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ശശികുമാര്‍.

മലയാളത്തിലെ താഴ്‌വാരം എന്ന സിനിമ തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണെന്നും ആ സിനിമ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും ശശികുമാര്‍ പറഞ്ഞു. സിനിമയിലെ ക്ലൈമാക്‌സ് ഫൈറ്റ് തന്നെ എവിടെയൊക്കെയോ സ്വാധീനിച്ചിട്ടുണ്ടെന്നും സുബ്രമണ്യപുരം ചെയ്യുമ്പോള്‍ ആ സീന്‍ തന്റെ മൈന്‍ഡിലേക്ക് വന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ശശികുമാര്‍.

‘മലയാളത്തില്‍ താഴ്‌വാരം എന്നൊരു സിനിമയുണ്ട്. അതെന്റെ വളരെ പ്രിയപ്പെട്ട സിനിമയാണ്. ആ സിനിമ എവിടയൊക്കെയൊ എന്നെ ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്‌സില്‍ മോഹന്‍ലാലിന്റെയും വില്ലന്റെയും ഫൈറ്റ് സീനുണ്ട്. ഒരു ലാന്‍ഡില്‍ വെച്ചിട്ട് അടിനടക്കുന്ന സീനാണ്. അതെന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. സുബ്രമണ്യപുരത്തില്‍ എന്നെ കൊല്ലുന്ന സീനുണ്ട്. എന്റെ മൈന്‍ഡിലേക്ക് അപ്പോള്‍ താഴ്‌വാരം സിനിമ വന്നിരുന്നു. ഭരതന്‍ സാറിന്റെ എല്ലാ സിനിമകളും എനിക്ക് ഇഷ്ടമാണ്,’ ശശികുമാര്‍ പറയുന്നു.

താഴ്‌വാരം

എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി, ഭരതന്റെ സംവിധാനത്തില്‍ 1990 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് താഴ്വാരം. മോഹന്‍ലാല്‍, സലിം ഗൗസ്, സുമലത, അഞ്ജു, ശങ്കരാടി എന്നിവര്‍ ഇതില്‍ പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്നു.

Content highlight:  Sasikumar talks about the movie Tahvaaram, which influenced him a lot.