ഇത്ര സിനിമയില്‍ അഭിനയിച്ചിട്ടും ഞാന്‍ സീനിയറാണ് എന്ന ചിന്തയേ ആ നടിക്കില്ല, പുതിയ കാര്യം പഠിക്കാന്‍വന്ന ഒരാളെപോലെയാണ്: ശശികുമാര്‍
Entertainment
ഇത്ര സിനിമയില്‍ അഭിനയിച്ചിട്ടും ഞാന്‍ സീനിയറാണ് എന്ന ചിന്തയേ ആ നടിക്കില്ല, പുതിയ കാര്യം പഠിക്കാന്‍വന്ന ഒരാളെപോലെയാണ്: ശശികുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th May 2025, 1:02 pm

സിനിമ പ്രേമികള്‍ക്ക് പ്രിയപ്പെട്ട നടനാണ് ശശികുമാര്‍. അഭിനയത്തിന് പുറമെ സംവിധായകനായും നിര്‍മാതാവായും തിരക്കഥാകൃത്തായും പിന്നണി ഗായകനായും ഏറെ ശ്രദ്ധിക്കപ്പെട്ട തമിഴ് നടനാണ് ശശികുമാര്‍. സംവിധായകരായ ബാല, അമീര്‍ എന്നിവരുടെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത് കൊണ്ടാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്.

എന്നാല്‍ ശശികുമാര്‍ തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത് 2008ല്‍ പുറത്തിറങ്ങിയ സുബ്രഹ്‌മണ്യപുരം എന്ന തന്റെ ആദ്യ സംവിധാന ചിത്രത്തിലൂടെയാണ്. അതുവരെ കാണാത്ത തരത്തിലുള്ള സിനിമാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു അത്.

ശശികുമാര്‍ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. നവാഗതനായ അബിഷാന്‍ ജീവിന്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ നടി സിമ്രാനും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ സിമ്രാനെ കുറിച്ച് സംസാരിക്കുകയാണ് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ശശികുമാര്‍.

‘ഞാന്‍ സീനിയറാണ്, നിങ്ങള്‍ ജൂനിയര്‍ ആണ് എന്നൊന്നും കാണിക്കാതെയാണ് സിമ്രാന്‍ അഭിനയിച്ചിരുന്നത്. ഞാന്‍ 100 സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്, ഇത്രയും ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുണ്ട് എന്നൊരു ആറ്റിട്യൂഡും ഒന്നും അവര്‍ക്ക് ഉണ്ടായിരുന്നില്ല.

ഒരു സ്ഥലത്ത് പോലും അതൊന്നും കാണിച്ചിട്ടും ഇല്ല. പുതിയ സംവിധായകന്‍ ആയിരുന്നു ആ സിനിമയില്‍. അവനും ഓരോ കാര്യങ്ങളും പഠിക്കുകയല്ലേ. എന്നാല്‍ എല്ലാം അറിയുന്ന ആളാണ് ഞാന്‍ എന്ന ഒരു ഭാവവും സിമ്രാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എല്ലാം പഠിക്കാന്‍ വന്ന പുതിയ ഒരാളെ പോലെ തന്നെയാണ് സിമ്രാനും സെറ്റില്‍ ഉണ്ടായിരുന്നത്.

ഭയങ്കര അച്ചടക്കത്തോടെയാണ് അവര്‍ സെറ്റില്‍ പെരുമാറിയത്. അത് ഇത്രയും വര്‍ഷമായിട്ടും മാറാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ ഞാന്‍ അടക്കമുള്ള എല്ലാവര്ക്കും സിമ്രാന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഭയങ്കര ഇഷ്ടമായിരുന്നു, കംഫര്‍ട്ടബിള്‍ ആയിരുന്നു,’ ശശികുമാര്‍ പറയുന്നു.

Content Highlight: Sasikumar Talks About Simran