ഈ സര്‍ക്കാരിനുവേണ്ടി ഇന്ത്യന്‍ താരങ്ങള്‍ പാശ്ചാത്യപ്രമുഖരോട് പ്രതികരിക്കുകയെന്നത് ലജ്ജാകരം: തരൂര്‍
India
ഈ സര്‍ക്കാരിനുവേണ്ടി ഇന്ത്യന്‍ താരങ്ങള്‍ പാശ്ചാത്യപ്രമുഖരോട് പ്രതികരിക്കുകയെന്നത് ലജ്ജാകരം: തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th February 2021, 10:58 am

ന്യൂദല്‍ഹി: വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ ഇന്ത്യയിലെ പ്രമുഖരെ അണിനിരത്തുകയെന്നത് ബാലിശമായ ഏര്‍പ്പാടാണെന്നും ഒരു സര്‍ക്കാരിനെ സംബന്ധിച്ച് അത് മോശമാണെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.

ഇന്ത്യയിലെ മുഴുവന്‍ പ്രമുഖതാരങ്ങളെയും ഉപയോഗിച്ചുകൊണ്ട് സര്‍ക്കാരിന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍നടത്തുന്ന ശ്രമങ്ങളൊന്നും റിഹാനയുടെയും ഗ്രെറ്റയുടെയും പ്രതികരണങ്ങളെ മറികടക്കാന്‍പോന്നവയല്ലെന്നും തരൂര്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

ഇരുവരുടെയും ആരാധകരില്‍ ഏറിയപങ്കും ഇന്ത്യക്കാര്‍ തന്നെയെന്നതാണ് ഇതിനുപിന്നിലെ വസ്തുത. അതുകൊണ്ട് ഇന്ത്യന്‍ താരങ്ങളെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ ‘പ്രതിരോധം’ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഇല്ലാതാക്കുന്നതിലേക്കേ നയിക്കൂവെന്നും തരൂര്‍ പറഞ്ഞു.

കര്‍ഷകപ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന നടപടികളിലൂടെ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ സത്‌പേര് കളങ്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന വാസ്തവം സര്‍ക്കാര്‍ ഉള്‍ക്കൊള്ളേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. എന്നാല്‍, അത് അംഗീകരിക്കാനോ ആ കോട്ടം പരിഹരിക്കാനോ നമ്മുടെ അധികാരികള്‍ തയ്യാറല്ല. ഇങ്ങനെയൊരു നില സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്നറിയാതെ തലകറങ്ങിയിരിക്കുകയാണ് ജനങ്ങളെന്നും തരൂര്‍ പറഞ്ഞു.

റിഹാനയുടേയും ഗ്രെറ്റയുടേയും പ്രതികരണത്തിനെതിരെ മൂന്ന് സമാന്തരരീതികളിലാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണമെത്തിയത്. അന്താരാഷ്ട്രതലത്തിലും നയതന്ത്രതലത്തിലും മറ്റ് ലോകരാജ്യങ്ങളുമായി ഇടപെടാന്‍ ചുമതലപ്പെട്ട വിദേശകാര്യമന്ത്രാലയം ധാര്‍മികരോഷത്തോടെ പ്രസ്താവനയിറക്കിയതാണ് ഇതില്‍ ആദ്യത്തേതെന്ന് തരൂര്‍ പറയുന്നു.

വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരായ രണ്ടുമന്ത്രിമാരടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ ട്വിറ്ററില്‍ പ്രതിഷേധിച്ചതാണ് രണ്ടാമത്തേത്.

കാലാവസ്ഥാസംരക്ഷണ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗുള്‍പ്പെടെയുള്ള അന്താരാഷ്ട്രതലത്തിലെ ചങ്കൂറ്റമുള്ള പ്രതിഭകളും റിഹാനയ്ക്കു പിന്നാലെ രംഗത്തെത്തിയതോടെ ചലച്ചിത്ര-ക്രിക്കറ്റ് താരങ്ങളടങ്ങുന്ന സംഘത്തെ വിദേശപ്രതികരണങ്ങള്‍ക്കെതിരായി രംഗത്തിറക്കിയതാണ് മൂന്നാമത്തേത്. ഒട്ടേറെ തലങ്ങളില്‍ വലിയ നാണക്കേടുണ്ടാക്കിയ നടപടിയായിരുന്നു ഇതെന്നും തരൂര്‍ പറഞ്ഞു.

‘ഇതേക്കുറിച്ച് നമ്മളെന്താണ് സംസാരിക്കാത്തത്’ എന്ന റിഹാനയുടെ മൂന്നുവാക്കിലെ ചോദ്യത്തിനുള്ള മറുപടിയായി #India Together, #India Against Propaganda എന്നീ രണ്ട് ഹാഷ്ടാഗുകളുടെ അകമ്പടിയോടെ ആറു ഖണ്ഡികയില്‍ വിദേശകാര്യമന്ത്രാലയത്തിന് മറുപടി പറയേണ്ടിവന്നുവെന്നതില്പരം നാണക്കേടെന്താണെന്നും തരൂര്‍ ചോദിക്കുന്നു.

ലോകരാജ്യങ്ങള്‍ ഗൗരവത്തോടെ കാണുന്ന ഒരു മന്ത്രാലയം, സെലിബ്രിറ്റികളോട് പ്രതികരിക്കുന്നതിനുമുമ്പ് വിഷയങ്ങള്‍ പരിശോധിക്കണമായിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ പ്രതിച്ഛായ നേടാനുള്ള ശ്രമങ്ങളില്‍നിന്ന് അകന്നുനില്‍ക്കണമായിരുന്നു.

ചിദംബരം ചൂണ്ടിക്കാട്ടിയതുപോലെ ‘ഇന്ത്യയിലെ പുതിയ സാഹചര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളില്‍ വിദേശികള്‍ പ്രതികരിക്കുന്നതില്‍ അപകീര്‍ത്തികരമായി ഒന്നുമില്ല’.

വിദേശരാജ്യങ്ങളിലെ ഇത്തരം സംഭവവികാസങ്ങളില്‍ നമ്മളും എല്ലായ്‌പ്പോഴും പ്രതികരിക്കാറുണ്ട്. മ്യാന്‍മാറിലെ സൈനിക അട്ടിമറിയില്‍ കഴിഞ്ഞദിവസം നാം പ്രതികരിച്ചില്ലേ, വാഷിങ്ടണിലെ ക്യാപിറ്റോള്‍ മന്ദിരം ആക്രമിക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എന്തിനാണ് അതില്‍ അഭിപ്രായം പറഞ്ഞത്? എന്ന ചിദംബരത്തിന്റെ ചോദ്യം പ്രസക്തമാണ്.

ഉപജീവനവും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മനുഷ്യര്‍ ദേശാതിര്‍ത്തികള്‍ നോക്കാറില്ലെന്ന വസ്തുത എന്നാണ് വിദേശകാര്യമന്ത്രാലയത്തിന് ബോധ്യമാകുകയെന്നും തരൂര്‍ ചോദിച്ചു.

‘ഇന്ത്യന്‍ സര്‍ക്കാരിനുവേണ്ടി ഇന്ത്യന്‍ താരങ്ങള്‍ പാശ്ചാത്യപ്രമുഖരോട് പ്രതികരിക്കുകയെന്നത് ലജ്ജാകരമാണ്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ജനാധിപത്യരഹിതവും പിടിവാശിയും കലര്‍ന്ന പെരുമാറ്റത്തിലൂടെ ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്കുണ്ടായ കളങ്കത്തെ ഒരു ക്രിക്കറ്റ് താരത്തിന്റെ ട്വീറ്റുകൊണ്ട് പരിഹരിക്കാനാവില്ല (ക്രിക്കറ്റിനെക്കുറിച്ച് അധികമൊന്നും അറിയാത്ത നാട്ടില്‍നിന്നുള്ളവരാണ് റിഹാനയും ഗ്രെറ്റയുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവര്‍ക്ക് ക്രിക്കറ്റ് എന്നാല്‍, ഒരു ജീവി മാത്രമത്രെ)’, തരൂര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: