എഡിറ്റര്‍
എഡിറ്റര്‍
നമ്മുടെ പശുക്കളെ ചെര്‍ണോബിലിലേക്കും ഫുക്കുഷിമയിലേക്കും അയച്ചുകൂടേ?’ ; പശുക്കളുടെ കൊമ്പുകള്‍ക്ക് റേഡിയോ ആക്ടീവ് കിരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന വാദത്തെ പരിഹസിച്ച് തരൂര്‍
എഡിറ്റര്‍
Tuesday 18th July 2017 12:18pm

ന്യൂദല്‍ഹി: ചാണകത്തില്‍ റെഡിയോ ആക്ടീവായ പ്ലൂട്ടോണിയമുണ്ടെന്നും പശുക്കളുടെ കൊമ്പുകള്‍ക്ക് റേഡിയോ ആക്ടീവ് കിരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും എന്നും പറഞ്ഞ ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യക്കെതിരെ പരിഹാസവുമായി ശശി തരൂര്‍ എം.പി.

നമ്മുടെ നാട്ടിലെ പശുക്കളെ ചെര്‍ണോബിലിലേക്കും, ഫുക്കുഷിമയിലേക്കും അയച്ചുകൂടേയെന്നായിരുന്നു ശശി തരൂരിന്റെ ചോദ്യം.

അങ്ങനെ നമ്മുടെ പശുക്കളെ അയച്ചാല്‍ ഉക്രെയിനും ജപ്പാനും ആയുള്ള ബന്ധം മെച്ചപ്പെടും എന്ന് മാത്രമല്ല നമ്മുടെ ക്ഷീര കര്‍ഷര്‍ക്ക് അത് സഹായകരമാവുമെന്നും ശശി തരൂര്‍ പറയുന്നു.


Dont Miss ദളിത് വിഷയം ചര്‍ച്ച ചെയ്തില്ലെങ്കില്‍ രാജിവെക്കും; രാജ്യസഭയില്‍ നിന്നും മായാവതി ഇറങ്ങിപ്പോയി


പശുക്കളുടെ കൊമ്പുകള്‍ക്ക് റേഡിയോ ആക്ടിവിറ്റികളെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ടെന്നും ചാണകത്തില്‍ പ്ലൂട്ടോണിയം ഉണ്ടെന്നും പറയുന്ന സ്വാമി ഉദിത് ചൈതന്യയുടെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു തരൂരിന്റെ ചോദ്യം.

‘ഗോവധ നിരോധനവും പശുവിന്റെ ഗുണങ്ങളും’ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഉദിത് ചൈതന്യ ചാണകത്തില്‍ റേഡിയോ ആക്ടീവായ പ്ലൂട്ടോണിയമുണ്ടെന്നും ക്യാന്‍സര്‍ മാറ്റാന്‍ ഗോമൂത്രത്തിന് സാധിക്കുമെന്നുമുള്ള കണ്ടെത്തലുമായി എത്തിയത്.

പശുവുണ്ടെങ്കില്‍ നമുക്ക് ജീവിതത്തെ അപ്പാടെ മാറ്റിമറിക്കാന്‍ പറ്റും എന്ന് അവകാശപ്പെട്ടുകൊണ്ടാണ് അദ്ദേഹം പശുവിന്റെ ‘ഗുണങ്ങള്‍’ വിവരിക്കുന്നത്. നേരത്തെ സോഷ്യല്‍ മീഡിയകളില്‍ സഞ്ജീവനി എന്ന ട്രോള്‍ പേജ് പുറത്തുവിട്ട വീഡിയോയിലെ ട്രോളുകള്‍ ആധികാരികമായ ഗവേഷണങ്ങള്‍ എന്ന രീതിയില്‍ പ്രസംഗത്തിലൂടെ അവതരിപ്പിക്കുകയാണ് ഉദിത് ചൈതന്യ.

അദ്ദേഹത്തിന്റെ പ്രധാന ‘കണ്ടെത്തലുകള്‍’ ഇങ്ങനെയായിരുന്നു…

‘നാടന്‍ പശുക്കളുടെ കൊമ്പുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അതിന് ഏറ്റവും കൂടുതല്‍ റേഡിയോ ആക്ടിവിറ്റി അബ്സോര്‍ബ് ചെയ്യാനുള്ള കഴിവുണ്ട്. ‘ എന്നു പറഞ്ഞ അദ്ദേഹം ഇതിനെ ഒരു പരീക്ഷണത്തിലൂടെ തെളിയിക്കാമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
‘ഒരു എഫ്.എം റേഡിയോ ഓണാക്കിയിട്ട് പശുവിന്റെ കൊമ്പിന്റെ ഇടയില്‍ വെച്ചുകഴിഞ്ഞാല്‍ പ്രോഗ്രാം നിങ്ങള്‍ കേള്‍ക്കില്ല. പകരം ഓം എന്നുള്ള ശബ്ദം മാത്രമാണ് കേള്‍ക്കുക. അത്രയും ആ ശബ്ദ തരംഗങ്ങളെ നിയന്ത്രിച്ച് മൂളക്കം മാത്രമാക്കിയെടുക്കാന്‍ പശുവിന്റെ കൊമ്പിന് കഴിവുണ്ടെങ്കില്‍ അന്തരീക്ഷത്തില്‍ നമുക്ക് ഹാനികരമായ പല കാന്തിക തരംഗങ്ങളെയും മാറ്റാനുള്ള കഴിവുണ്ട്.’ എന്നതാണ് ‘ഗവേഷണം’ ആയി സ്വാമി അവതരിപ്പിക്കുന്നത്.

ഈ ചാണകത്തെ ഒരു വിലയും ഇല്ലാത്ത സാധനായിട്ടാണ് ഇപ്പോള്‍ സര്‍ക്കാര് കാണുന്നത്. എന്നാല്‍ ഇന്ന് നമുക്ക് അട്ടോമിക്ക് പവര്‍ സ്റ്റേഷനിലേക്ക് വേണ്ടുന്ന പ്ലൂട്ടോണിയം…, നിങ്ങക്കറിയ്വോ.., ഏറ്റവും അധികം ഈ ആറ്റങ്ങള്‍ വിഘടിപ്പിക്കാന്‍ വേണ്ടുന്ന സാധനാ അത്…ഇത് ചാണകത്തില്‍ ഉണ്ട് ന്നാ പറയണത്…. ‘ അദ്ദേഹം പറയുന്നു.

ഗോമൂത്രത്തിന് ക്യാന്‍സര്‍ ഭേദമാക്കാന്‍ കഴിയുമെന്ന വാദം അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നത് തന്റെ സുഹൃത്തിന്റെ രോഗം ഭേദമായിട്ടുണ്ടെന്ന അവകാശവാദത്തോടെയാണ്.ട’നാടന്‍ പശുവിന്റെ ഗോമൂത്രത്തിന് ക്യാന്‍സര്‍ മാറ്റാനുള്ള കഴിവുണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഞാന്‍ ഗോമൂത്രം ഡിസ്റ്റില്‍ ചെയ്യുന്നയാളാണ്. ഗോമൂത്രത്തില്‍ തുളസിയൊക്കെ ചേര്‍ത്ത് എത്രയോ ആള്‍ക്ക് ഷുഗര്‍ ഭേദമായിട്ടുണ്ട്. എനിക്ക് ആസ്മയുടെ പ്രശ്നമുണ്ടായിരുന്നു. ഞാനത് കഴിച്ച് എന്റെ ആസ്ത്മയെ മാറ്റിയിട്ടുണ്ട്.
എന്റെ ഒരു സുഹൃത്ത് ജയിംസ് അദ്ദേഹം ക്രിസ്ത്യാനിയാണ്. അദ്ദേഹം ബ്ലഡ് ക്യാന്‍സറാണ്. അദ്ദേഹം ഗോമൂത്രം കഴിച്ച് അത് ഭേദമായി എനിക്കത് ആധികാരികമായി പറയാന്‍ കഴിയും. ‘

പശുവിന്‍ പാല്‍ കഴിച്ചാല്‍ ശരീരത്തിന് സൗന്ദര്യവും ബുദ്ധിയും ആരോഗ്യവും ഉണ്ടാകുമെന്നതാണ് സ്വാമിയുടെ അടുത്ത ‘കണ്ടെത്തല്‍’
‘അമ്മയുടെ മുലപ്പാലിന് തുല്യം നില്‍ക്കാവുന്ന സാധനം പശുവിന്റെ പാല്‍ മാത്രമാണ്. ഈ പാലിന് ബുദ്ധിയും ശക്തിയും ആരോഗ്യവും ഉണ്ടാക്കിതരാന്‍ കഴിവുണ്ട്. പശുക്കള്‍ എപ്പോഴും സുന്ദരികളാണല്ലോ. നമ്മുടെ ശരീരത്തിനും ആ സൗന്ദര്യമുണ്ടാക്കാന്‍ ഈ പാലുകൊണ്ട് സാധിക്കും. പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന ക്രീമുകളെല്ലാം പാലിന്റെ പ്രോഡക്ടുകളാണ്. അതുകൊണ്ടുതന്നെ പാലിന് ആ കഴിവുണ്ട്. ‘
പശുവുമായി ബന്ധപ്പെട്ട വിഷയങ്ങളെ വൈകാരികമായി കാണാതെ ബുദ്ധിപരമായി കാണമെന്നു പറഞ്ഞാണ് ഈ വിഡ്ഢിത്തങ്ങള്‍ ഉദിത് ചൈതന്യ അവതരിപ്പിക്കുന്നത്.

Advertisement