ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുഖ്യാതിഥി ശശി തരൂർ; ചർച്ചയായി തരൂരിന്റെ പഴയ ഇസ്രഈലി പ്രശംസ
Kerala News
ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുഖ്യാതിഥി ശശി തരൂർ; ചർച്ചയായി തരൂരിന്റെ പഴയ ഇസ്രഈലി പ്രശംസ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th October 2023, 5:00 pm

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ മനുഷ്യാവകാശ റാലിയിൽ കോൺഗ്രസ്‌ നേതാവ് ശശി തരൂർ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ടിരിക്കെ ശശി തരൂർ 2009ൽ ഇസ്രഈലിന് അനുകൂലമായി ഇസ്രഈലി ദിനപത്രം ഹാരെറ്റ്സിൽ എഴുതിയ ലേഖനം ചർച്ചയാകുന്നു.

2009 ജനുവരി 23ന് പ്രസിദ്ധീകരിച്ച ‘ഇന്ത്യയുടെ ഇസ്രഈൽ അസൂയ’ എന്ന ലേഖനത്തിൽ ഇന്ത്യക്കും ഇസ്രഈലിനുമുള്ളത് ഒരേ ശത്രുക്കളാണെന്നും പറയുന്നുണ്ട്.

ഗസക്കെതിരെയുള്ള ഇസ്രഈൽ ആക്രമണത്തെ പ്രകീർത്തിക്കുകയും അതിൽ വിസ്മയം രേഖപ്പെടുത്തുകയും ചെയ്ത തരൂരിന്റെ ലേഖനം ഇന്ത്യയിലെ ബി.ജെ.പി നേതാക്കളെ പോലും നാണം കെടുത്തുന്നതാണെന്ന് 2009 മാർച്ചിൽ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഹമാസിന്റെ ആക്രമണം ഇല്ലാതാക്കാൻ തീരുമാനിച്ച ഇസ്രഈൽ ‘നിശ്ചയദാർഢ്യത്തെ’ പുകഴ്ത്തിയ തരൂർ മുംബൈ തീവ്രവാദ ആക്രമണം നേരിടുന്ന ചില ഇന്ത്യക്കാർക്ക് ഇതിൽ അസൂയയുണ്ടെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.

ഇതേവർഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച് ജയിച്ച തരൂർ കേരളത്തിനകത്തും പുറത്തും നിന്ന് വ്യാപകമായ പ്രതിഷേധങ്ങൾക്ക് വിധേയനായിരുന്നു.

അതേസമയം നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രഈൽ – ഫലസ്തീൻ സംഘർഷത്തിൽ ഒരു സംഘടനയെ തീവ്രവാദ സംഘടനയെന്ന് പറയുമ്പോൾ വളരെയധികം സൂക്ഷിക്കണമെന്ന് അഭിമുഖത്തിൽ തരൂർ പറഞ്ഞിരുന്നു.

ഇസ്രഈലും അമേരിക്കയും ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും താൻ ഇന്ത്യക്കൊപ്പമാണ് എന്നുമായിരുന്നു ശശി തരൂർ പറഞ്ഞത്‌.

ഇതിനെതിരെ ഇന്ത്യയിലെ മുൻ ഇസ്രഈൽ അംബാസിഡർ രംഗത്ത് വന്നതിന് പിന്നാലെ, ഹമാസിന്റേത് തീവ്രവാദ പ്രവർത്തനങ്ങൾ തന്നെയാണെന്നും താൻ അതിനെ അപലക്കുന്നുവെന്നും തരൂർ പറഞ്ഞിരുന്നു. ഇന്ത്യ അങ്ങനെയൊരു വിശേഷണം നൽകിയിട്ടില്ല എന്ന് മാത്രമാണ് താൻ പറഞ്ഞതെന്നായിരുന്നു തരൂരിന്റെ വാദം.

Content Highlight: Sasi Tharoor Chief Guest in Muslim League’s Palestine solidarity rally; His Pro Israel article in discussion