പാ.രഞ്ജിത്ത് സംവിധാനത്തില്‍ 2021ല്‍ പുറത്തിറങ്ങിയ സ്പോര്‍ട്സ് ആക്ഷന്‍ ഡ്രാമ ചിത്രമാണ് സര്‍പ്പാട്ട പരമ്പരൈ. ആര്യ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് തമിഴകത്ത് മാത്രമല്ല കേരളത്തിലും ഒട്ടേറെ ആരാധകരുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നെങ്കിലും സിനിമയെ കുറിച്ചുള്ള മറ്റ് അപ്‌ഡേഷനുകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല.
ഇപ്പോള്‍ ‘സര്‍പ്പാട്ട പരമ്പരൈ 2’വിന്റെ പുത്തന്‍ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് നടന്‍ ആര്യ. അടുത്ത വര്‍ഷം സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നും ഇപ്പോള്‍ താന്‍ പാ രഞ്ജിത്തിന്റെ തന്നെ വെട്ടുവം എന്ന സിനിമയില്‍ അഭിനയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഈ ഗെറ്റപ്പ് പാ രഞ്ജിത്തിന്റെ വെട്ടുവം എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ലുക്ക് ആണ്. അതിന് ശേഷം സര്‍പ്പാട്ട പരമ്പരൈ 2 ഷൂട്ടിങ് ആരംഭിക്കും. ഈ വര്‍ഷം എന്റെ ഒരു സ്‌പൈ ത്രില്ലര്‍ സിനിമ വരുന്നുണ്ട് മിസ്റ്റര്‍ എക്‌സ്. നവംബര്‍ അവസാനം റിലീസ് ആകുമായിരിക്കും’, ആര്യ പറഞ്ഞു.
ആര്യ, ദുഷാര വിജയന്‍ തുടങ്ങിയ വന്‍താര നിര അണിനിരന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഒ.ടി.ടി റീലീസായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. 1970 കളുടെ പശ്ചാത്തലത്തില്‍, വടക്കന്‍ ചെന്നൈയിലെ രണ്ട് കുലങ്ങളായ ഇടിയപ്പ പരമ്പരയും സര്‍പ്പട്ട പരമ്പരൈയും തമ്മിലുള്ള ഏറ്റുമുട്ടലിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് സര്‍പ്പാട്ട പരമ്പരൈ.