മറഡോണയുടെ സെറ്റില്‍ ടൊവിനോയെ കാണുമ്പോള്‍ തന്നെ ഞാന്‍ പേടിച്ച് ഓടുമായിരുന്നു: ശരണ്യ നായര്‍
Entertainment
മറഡോണയുടെ സെറ്റില്‍ ടൊവിനോയെ കാണുമ്പോള്‍ തന്നെ ഞാന്‍ പേടിച്ച് ഓടുമായിരുന്നു: ശരണ്യ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th June 2024, 8:18 pm

മറഡോണ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ശരണ്യാ നായര്‍. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനമാണ് ശരണ്യ കാഴ്ചവെച്ചത്. ടൊവിനോ നായകനായ ചിത്രത്തില്‍ ആശ എന്ന കഥാപാത്രമായാണ് താരം എത്തിയത്. ഗോദ തിയേറ്ററില്‍ നിന്ന് കണ്ട് ടൊവിനോയോട് ആരാധന തോന്നിയെന്നും, മറഡോണയുടെ ഷൂട്ടിന്റെ സമയത്ത് ടൊവിനോയോട് സംസാരിക്കാന്‍ പോലും പേടിയായിരുന്നുവെന്ന് ശരണ്യ പറഞ്ഞു.

താരത്തിന്റെ പുതിയ ചിത്രമായ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പോപ്പര്‍‌സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശരണ്യ ഇക്കാര്യം പറഞ്ഞത്. ടൊവിനോ സെറ്റിലെത്തുന്ന സമയത്ത് താന്‍ പേടിച്ച് ഓടുമായിരുന്നെന്ന് ശരണ്യ പറഞ്ഞു. പിന്നീട് തന്നെ അടുത്ത് വിളിച്ചിരുത്തി തമാശയൊക്കെ പറഞ്ഞ് കമ്പനിയായ ശേഷമാണ് അഭിനയിച്ചതെന്നും നല്ല എക്‌സ്പീരിയന്‍സായിരുന്നു അതെന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു.

‘തിയേറ്ററില്‍ നിന്ന് ഗോദ കണ്ടപ്പോള്‍ തൊട്ട് എനിക്ക് ടൊവിനോയോട് ആരാധനയായി. പിന്നീടാണ് ഞാന്‍ മറഡോണയിലേക്ക് എത്തുന്നത്. ടൊവിനോയെ നേരിട്ട് കാണുന്നതിന്റെ എല്ലാ എക്‌സൈറ്റ്‌മെന്റും ഉണ്ടായിരുന്നു. ടൊവിയുടെ കൂടെ എങ്ങനെ അഭിനയിക്കും, എങ്ങാനും തെറ്റിക്കുമോ എന്നൊക്കെ നല്ല പേടിയുണ്ടായിരുന്നു. എന്റെ ഭൂരിഭാഗം സീനുകളും ടൊവിയുടെ കൂടെയായിരുന്നു. എനിക്കാണെങ്കില്‍ മൊത്തം ടെന്‍ഷനായിരുന്നു.

സെറ്റിലേക്ക് ടൊവിനോ വരുന്നത് കാണുമ്പോള്‍ തന്നെ ഞാന്‍ പേടിച്ച് ഓടും. എന്ത് പറയും, എങ്ങനെ കമ്പനിയാവും എന്നൊക്കെയുള്ള ടെന്‍ഷനായിരുന്നു. പക്ഷേ പുള്ളി ഭയങ്കര കൂളായിരുന്നു. എന്നെ അടുത്തേക്ക് വിളിച്ചിരുത്തി സംസാരിക്കും. തമാശയൊക്കെ പറഞ്ഞ് വളരെ പെട്ടെന്ന് കമ്പനിയായി. ഓരോ സീനിലും എങ്ങനെ ചെയ്യണമെന്നൊക്കെയുള്ള ടിപ്‌സ് തരും. നല്ല അനുഭവമായിരുന്നു ആ സിനിമ,’ ശരണ്യ പറഞ്ഞു.

Content Highlight: Saranya R Nair shares the experience with Tovino in Maradona movie