കോഴിക്കോട്: സ്‌ക്രിപ്റ്റഡ് ആണെങ്കിലും അല്ലെങ്കിലും ബിഗ് ബോസ് നല്ലതാണെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഒരുപക്ഷെ താന്‍ ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകയായി മാറിയേക്കാമെന്നും ശാരദക്കുട്ടി പറയുന്നു. ഇന്നല (ശനി) സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ബിഗ് ബോസ് എപ്പിസോഡിനെ അടിസ്ഥാനമാക്കിയാണ് ശാരദക്കുട്ടിയുടെ പ്രതികരണം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശാരദക്കുട്ടി പ്രതികരിച്ചത്.
കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എപ്പിസോഡില്‍ ഷോയുടെ അവതാരകനും നടനുമായ മോഹന്‍ലാല്‍ ഉയര്‍ത്തിപ്പിടിച്ച നിലപാടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ത്ഥികളും ലെസ്ബിയന്‍ പങ്കാളികളുമായ ആദില-നൂറ എന്നിവര്‍ക്കെതിരായ അധിക്ഷേപത്തില്‍ മോഹന്‍ലാല്‍ നടത്തിയ പ്രതികരണം ശാരദക്കുട്ടി ഉള്‍പ്പെടെയുള്ളവരില്‍ സ്വാധീനമുണ്ടാക്കി.
ആദിലയ്ക്കും നൂറയ്ക്കുമെതിരെ യുവനടിയും സഹമത്സരാര്‍ത്ഥിയുമായ വേദ് ലക്ഷ്മി നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്.
‘ഇവിടെ സമൂഹത്തില്‍ ഇറങ്ങി ജീവിക്കാന്‍ പോലും ഇവളുമാര്‍ക്കൊന്നും പറ്റത്തില്ല. അതിന് സപ്പോര്‍ട്ട് നിന്നിട്ട്, അവരുടെ സപ്പോര്‍ട്ട് വാങ്ങിച്ച് നില്‍ക്കാന്‍ എനിക്കത്ര ഉളുപ്പില്ലായ്മ ഇല്ല. ജോലി ചെയ്ത് തന്നത്താന്‍ നില്‍ക്കുന്ന രണ്ട് പേരാണെങ്കില്‍ റെസ്‌പെക്ട് ചെയ്‌തേനെ. നിന്റെയൊക്കെ വീട്ടിലോട്ട് പോലും കയറ്റാത്തവള്‍മാരുമാണ്,’ വേദ് ലക്ഷമി നടത്തിയ അധിക്ഷേപ പരാമര്‍ശം.
സഹമത്സരാര്‍ത്ഥിയും ഗായകനുമായ അക്ബര്‍ ഖാനുമായുണ്ടായ തര്‍ക്കത്തിനിടെയാണ് വേദ് ലക്ഷ്മി ഈ പരാമര്‍ശം നടത്തിയത്.
ഇതിനെതിരെ ശക്തമായ ഭാഷയിലാണ് ഇന്നലത്തെ വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ സംസാരിച്ചത്. ലെസ്ബിയന്‍ പങ്കാളികളെ ‘എന്റെ വീട്ടില്‍ കയറ്റും’ എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയത്.
ലെസ്ബിയന്‍ കപ്പിള്‍സിനെ ‘വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍’ എന്ന് പറയാന്‍ നിങ്ങള്‍ക്കെന്ത് അധികാരമാണ് ഉള്ളതെന്നാണ് മോഹന്‍ലാല്‍ മത്സരാത്ഥികളോട് ചോദിച്ചത്. ഇന്‍ഫ്ളുവന്‍സറും മത്സരാര്‍ത്ഥിയുമായ മസ്താനിയോട് ഉള്‍പ്പെടെയാണ് മോഹന്‍ലാല്‍ ചോദ്യമുയര്‍ത്തിയത്. വേദ് ലക്ഷ്മി ഉയര്‍ത്തിയ ജോലി സംബന്ധമായ ആരോപണങ്ങളില്‍ ആദിലയ്ക്കും നൂറയ്ക്കും വ്യക്തത നല്‍കാനും മോഹന്‍ലാല്‍ സമയം നല്‍കി.
മോഹന്‍ലാലിനൊപ്പം ഹൗസിലെ മറ്റ് മത്സരാര്‍ത്ഥികളും ആദിലയ്ക്കും നൂറയ്ക്കും പൂര്‍ണ പിന്തുണ അറിയിച്ചു. എക്കാലവും കൂടെയുണ്ടാകുമെന്ന ഉറപ്പും. ഇതിനുപിന്നാലെയാണ് ശാരദക്കുട്ടി ബിഗ് ബോസിനെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. ഒരു മത്സരാത്ഥികളുടെ പേരും അവരുടെ പ്രത്യേകതകളും എടുത്തുപറഞ്ഞുകൊണ്ടാണ് ശാരദക്കുട്ടിയുടെ പോസ്റ്റ്.
ബിഗ് ബോസ് ഒരു അന്തസില്ലാത്ത ഷോയാണെന്നും മോഹന്‍ലാല്‍ എന്തിനീ പണിക്ക് നില്‍ക്കുന്നുവെന്നുമുള്ള തന്റെ മുന്‍കാല ചിന്തകളെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് തീര്‍ച്ചയായും തിരുത്തുന്നുണ്ട്. ഒരു സമൂഹത്തിലെ പലതരം കമ്യൂണിറ്റികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സമൂഹത്തിലേക്ക് ഗുണകരമായ ഒരു മെസേജ് നല്‍കാനുള്ള ബിഗ് ബോസിന്റെ ഈ ശ്രമം അഭിനന്ദനീയമാണെന്നും ശാരദക്കുട്ടി കുറിച്ചു.
നമ്മുടെയൊക്കെ വീടുകള്‍ സമഭാവനയുടേതാകണം എന്നത് മറ്റേത് പ്രഭാഷകരോ ദാര്‍ശനികരോ പറയുന്നതിലും വേഗം ജനങ്ങളിലേക്കെത്തിക്കാന്‍ ഇത്തരം ഷോയിലൂടെ കഴിയും. പറയുന്നത് മോഹന്‍ലാലാകുമ്പോള്‍ അത് കൂടുതല്‍ ആളുകളെ സ്വാധീനിക്കുമെന്നും ശാരദക്കുട്ടി ചൂണ്ടിക്കാട്ടി.
ആദില-നൂറയുടെ നന്ദി നിറഞ്ഞ കണ്ണുകള്‍, ഹൗസിലെ മറ്റംഗങ്ങളുടെ ചേര്‍ത്ത് നിര്‍ത്തലുമെല്ലാം സമൂഹത്തിലേക്ക് ഒരു വെളിച്ചം കടത്തിവിടുന്നുണ്ട്. ലക്ഷ്മിയെയും മസ്താനിയെയും കര്‍ക്കശമായി തിരുത്തി നിശബ്ദമാക്കിയ രീതി, സോഷ്യല്‍ മീഡിയയിലെ ഇത്തരം സദാചാരരോഗികളെയും കുറച്ചെങ്കിലും സ്വാധീനിക്കാതിരിക്കില്ലെന്നും ശാരദക്കുട്ടി പറഞ്ഞു.
‘പുറം സമൂഹത്തിലെന്നത് പോലെ എല്ലാത്തരക്കാരും ബിഗ് ബോസ് ഷോയിലുണ്ട്. തിരുത്തിയും തിരുത്തിച്ചും കളിച്ചും കളിപ്പിച്ചും ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രകോപിപ്പിച്ചും ഇങ്ങനെ പോകാമെങ്കില്‍ ഞാനും ചിലപ്പോള്‍ ഒരു സ്ഥിരം പ്രേക്ഷകയായേക്കും. കൊള്ളാമെന്ന് തന്നെ പറയട്ടെ,’ ശാരദക്കുട്ടി കുറിച്ചു.
Content Highlight: Saradakkutty talks about bigg boss