മോഹന്‍ലാലിന്റെ ചില ഷോട്ടുകള്‍ കേട്ടാല്‍ നമ്മളെ ഒരു വഴിക്കാക്കുമല്ലോ എന്ന് തോന്നും: സന്തോഷ് ശിവന്‍
Film News
മോഹന്‍ലാലിന്റെ ചില ഷോട്ടുകള്‍ കേട്ടാല്‍ നമ്മളെ ഒരു വഴിക്കാക്കുമല്ലോ എന്ന് തോന്നും: സന്തോഷ് ശിവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th May 2022, 2:06 pm

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഒരു ഫാന്റസി ലോകത്ത് നടക്കുന്ന കഥയില്‍ വാസ്‌ഗോഡ ഗാമയുടെ നിധി കാക്കുന്ന ഭൂതമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഏറെ പ്രതീക്ഷകളുള്ള ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനാണ്.

ബറോസ് ഷൂട്ടിംഗ് സെറ്റിലെ ചില രസകരമായ സംഭവങ്ങള്‍ വിവരിക്കുകയാണ് കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് ശിവന്‍.

‘മോഹന്‍ലാല്‍ എന്ന സംവിധായകനെക്കാളും മോഹന്‍ലാല്‍ എന്ന നടനെയാണ് എനിക്ക് ഇഷ്ടം. പിന്നെ കൊവിഡിന്റെ സമയത്ത് അദ്ദേഹം ചില ചിത്രങ്ങള്‍ എടുത്ത് എനിക്ക് അയച്ച് തന്നിരുന്നു. അദ്ദേഹത്തിന്റേത് ഒറിജിനലായ ചിന്തകളാണ്. അത് ഈ സിനിമയില്‍ വന്നിട്ടുണ്ട്.

ചില കോംപ്ലിക്കേറ്റഡ് ഷോട്ട് ഒക്കെ പറയുമ്പോള്‍ ടെക്‌നിക്കലി എങ്ങനെ ചെയ്യണമെന്ന് അറിയാത്തതുകൊണ്ട് അദ്ദേഹം എന്ത് വേണമെങ്കിലും പറയും. മണിരത്‌നവും അങ്ങനെ എന്നോട് പറഞ്ഞിട്ടുണ്ട്. എനിക്കൊന്നും അറിയണ്ട, ഇങ്ങനെ കിട്ടണമെന്ന് പറയും. നമ്മളെ ഒരു വഴിക്കാക്കുമല്ലോ എന്ന് തോന്നും, വലിയ ത്രി ഡി ക്യാമറയാണ്. വിചാരിക്കുന്നത് പോലെ മൂവ് ചെയ്യാനൊന്നും പറ്റില്ല. അദ്ദേഹത്തിന് ഭയങ്കര മൂവ്‌മെന്റാണ് ആവശ്യം.

ഞങ്ങള്‍ തമ്മില്‍ ലൊക്കേഷനില്‍ സ്ഥിരമായി വഴക്കുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും മൈക്കില്‍ കൂടി വെല്ലോം പറയും. ഒരു രീതിയില്‍ അത് നല്ലതാണ്. അദ്ദേഹത്തിന് അത് ഇഷ്ടമാണ്. ലാല്‍ സാറിനെ ആരും ഒന്നും പറയില്ല. എനിക്കൊക്കേ മാത്രമേ അങ്ങനെയൊക്കെ പറയാനുള്ള ലൈസന്‍സ് ഉള്ളൂ,’ സന്തോഷ് ശിവന്‍ പറഞ്ഞു.

സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ജാക്ക് ആന്‍ഡ് ജില്‍ കഴിഞ്ഞ മെയ് 20നാണ് തിയേറ്ററുകളിലെത്തിയത്. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സൗബിന്‍ ഷാഹീര്‍ എന്നിവര്‍ അഭിനയിച്ച ചിത്രം നിരാശപ്പെടുത്തുന്നതാണ് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.

മോഹന്‍ലാല്‍ ചിത്രം ട്വല്‍ത്ത് മാനും മെയ് 20ന് തന്നെയാണ് റിലീസ് ചെയ്തത്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്.

Content Highlight: Santosh Sivan narrates some interesting incidents on the Burrows shooting set