ലാലേട്ടന്‍ സിഗരറ്റ് വലിക്കുന്നത് കണ്ട് കടലാസും മറ്റും ചുരുട്ടി അനുകരിച്ചിരുന്നു, ഇന്നത്തെ കുട്ടികള്‍ക്ക് ഒറിജിനല്‍ സാധനം കിട്ടുന്ന അവസ്ഥയാണ്: സന്തോഷ് കീഴാറ്റൂര്‍
Entertainment
ലാലേട്ടന്‍ സിഗരറ്റ് വലിക്കുന്നത് കണ്ട് കടലാസും മറ്റും ചുരുട്ടി അനുകരിച്ചിരുന്നു, ഇന്നത്തെ കുട്ടികള്‍ക്ക് ഒറിജിനല്‍ സാധനം കിട്ടുന്ന അവസ്ഥയാണ്: സന്തോഷ് കീഴാറ്റൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st May 2025, 4:20 pm

നാടകത്തിലൂടെ സിനിമയിലേക്കെത്തിയ നടനാണ് സന്തോഷ് കീഴാറ്റൂര്‍. പൃഥ്വിരാജ് നായകനായ ചക്രം എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് കീഴാറ്റൂര്‍ സിനിമാജീവിതം ആരംഭിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യനിലെ കുഞ്ഞുണ്ണി എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ ബ്രേക്ക് ത്രൂവായി മാറി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിച്ചു.

സിനിമകള്‍ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് കീഴാറ്റൂര്‍. കലയെ കലയായി മാത്രം കാണുക എന്നൊക്കെ പണ്ട് പറയാമായിരുന്നെന്നും എന്നാല്‍ ഇന്ന് കാര്യങ്ങള്‍ കൈവിട്ടുപോയെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. സിനിമയുടെ സ്വാധീനം ആളുകളിലേക്ക് വലിയ രീതിയില്‍ എത്തുന്ന സമയമാണ് ഇതെന്നും എല്ലായിടത്തും അത് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണ്ട് കാലത്ത് സിനിമകളില്‍ കാണുന്ന ഹെയര്‍സ്റ്റൈലും ഡ്രസിങ്ങും മാത്രമായിരുന്നു അനുകരിക്കാന്‍ ശ്രമിച്ചിരുന്നതെന്നും എന്നാല്‍ ഇന്ന് അതെല്ലാം മാറിയെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ സിഗരറ്റ് വലിക്കുന്നത് കണ്ട് കടലാസും മറ്റുമൊക്കെ ചുരുട്ടി വലിക്കാന്‍ ശ്രമിച്ചിരുന്നെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് എല്ലാം ഒറിജിനല്‍ സാധനങ്ങള്‍ തന്നെ കിട്ടാനുള്ള അവസരമുണ്ടെന്നും അത് വലിയ അപകടത്തിലേക്ക് സമൂഹത്തിനെ കൊണ്ടെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ട് എന്നതിനെ അത് മാത്രമായി കാണുക എന്ന് പറയാന്‍ ഇനി സാധിക്കില്ലെന്നും സന്തോഷ് കീഴാറ്റൂര്‍ പറയുന്നു. ജാങ്കോ സ്‌പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആര്‍ട്ട് എന്നതിനെ ഇനിയങ്ങോട്ട് അത് മാത്രമായി കാണാന്‍ സാധിക്കില്ല. പണ്ടൊക്കെ നമുക്ക് പറയാമായിരുന്നു ‘സിനിമയെ സിനിമയായി മാത്രം കണ്ടാല്‍ പോരെ’ എന്നൊക്കെ. എന്നാല്‍, ഇപ്പോള്‍ അത് നടക്കില്ല. സിനിമ സമൂഹത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം അത്രമാത്രം വലുതാണ്. പണ്ടൊക്കെ സിനിമ കണ്ടാല്‍ അതിലെ ഹെയര്‍സ്റ്റൈലോ അല്ലെങ്കില്‍ ഡ്രസ്സിങ്ങോ മാത്രമായിരുന്നു അനുകരിച്ചിരുന്നത്.

ലാലേട്ടന്‍ ഏതൊക്കെയോ പടത്തില്‍ സിഗരറ്റ് വലിക്കുന്നത് കണ്ടിട്ട് കടലാസും ചില തണ്ടുമൊക്കെ ചുരുട്ടി വെച്ച് കത്തിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇതൊക്കെ ഒറിജിനല്‍ സാധനമായി കിട്ടും. അവര്‍ എല്ലാ സിനിമയിലും കാണുന്നത് ഇതൊക്കെയാണ്. അവര്‍ അതൊക്കെ ഉറപ്പായും അനുകരിക്കും,’ സന്തോഷ് കീഴാറ്റൂര്‍ പറയുന്നു.

Content Highlight: Santhosh Keezhattoor about the influence of Cinema in society