നടന്‍ ആര്യയെ കുറിച്ച് സംസാരിക്കുകയാണ് സന്താനം. ഒരിക്കല്‍ ആര്യ തന്റെ പണി നടക്കുന്ന വീട്ടില്‍ വന്നെന്നും വീട് കൊള്ളില്ലെന്ന് പറഞ്ഞ് ആരൊക്കയോ വിളിച്ച് തന്റെ വീട് പൊളിച്ചെന്നും സന്താനം പറയുന്നു. ഡെവിള്‍സ് ഡബിള്‍ നെക്സ്റ്റ് ലെവള്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു സന്താനം.
‘ഒരു പഴയ വീടും സ്ഥലവും കൂടി ഞാന്‍ വാങ്ങി. അതില്‍ പണികളെല്ലാം എടുത്ത് മാറാം എന്നായിരുന്നു എന്റെ പ്ലാന്‍. അങ്ങനെ ഓരോ പണികള്‍ നടന്നുകൊണ്ടിരിക്കുകയിരുന്നു. എന്റെ അമ്മയും ഭാര്യയും എല്ലാ വെള്ളിയാഴ്ചയും പോയി അവിടെ വിളക്ക് വെക്കുമായിരുന്നു. ഏകദേശം പണിയും കഴിഞ്ഞിരുന്നു.
അങ്ങനെ ഒരു ദിവസം ആര്യ വിളിച്ചിട്ട് എവിടെയാ ഉള്ളതെന്ന് എന്നോട് ചോദിച്ചു. ഞാന്‍ പണി നടക്കുന്ന വീട്ടിലാണെന്ന് പറഞ്ഞപ്പോള്‍ അവിടെ തന്നെ ഇരിക്ക്, അങ്ങോട്ട് വരാമെന്ന് പറഞ്ഞു. അങ്ങനെ അവന്‍ വന്ന് ഞങ്ങളുടെ സംസാരമെല്ലാം കഴിഞ്ഞപ്പോള്‍ ഇതേതാ വീടെന്ന് ചോദിച്ചു. ഞാന്‍ താമസിക്കാന്‍ പോകുന്നതാണെന്ന് പറഞ്ഞപ്പോള്‍ വീടെല്ലാം ചുറ്റി നടന്ന് നോക്കിയിട്ട് വീട് കൊള്ളില്ല, എല്ലാം കൂടെ ഇടിച്ച് പൊളിച്ച് കളയണമെന്ന് പറഞ്ഞു.
ഞാന്‍ ആകെ ഷോക്കായി. വീട്ടുകാരോട് ഞാന്‍ എന്ത് പറയും? രണ്ടു ദിവസം കൊണ്ട് ഇങ്ങോട്ട് താമസം മാറണം എന്ന് വിചാരിച്ചിരിക്കുകയാണ് എന്നൊക്കെ അവനോട് പറഞ്ഞു നോക്കി. ‘നീ ഇപ്പോഴും ഇങ്ങനത്തെ എന്തെങ്കിലും മണ്ടത്തരം കാണിക്കും, അവസാനം എന്നോട് വന്നുതന്നെ അത് കുളമായി എന്ന് പറയും. എന്തൊക്കെ പറഞ്ഞാലും ശരി ഈ വീട് പൊളിക്കണം’ എന്ന് ആര്യ പറഞ്ഞുകൊണ്ടിരിക്കുന്നു.
പിന്നെ അവന്‍ ആരൊക്കയോ വിളിക്കുന്നതാണ് കണ്ടത്. അവരെല്ലാം വന്ന് രണ്ടു ദിവസം കൊണ്ട് എന്റെ വീട് തറ മാത്രമാക്കി പൊളിച്ചടുക്കി. ഇക്കാര്യമൊന്നും ഞാന്‍ വഴക്ക് കേള്‍ക്കുമെന്ന് കരുതി വീട്ടില്‍ പറഞ്ഞില്ല. അടുത്ത വെള്ളിയാഴ്ച എന്റെ അമ്മയും ഭാര്യയും കൂടി വിളക്ക് വെക്കാന്‍ വേണ്ടി വന്നപ്പോള്‍ വീടിരുന്ന സ്ഥലത്ത് പൂട പോലുമില്ല.
അവര്‍ ആ തെരുവ് മൊത്തം നോക്കിയിട്ട് എന്നെ വിളിച്ച് നമ്മുടെ വീട് കാണാനില്ലെന്ന് പറഞ്ഞു. അവസാനം നിവര്‍ത്തിയില്ലാതെ എനിക്ക് അമ്മയോട് നടന്നതെല്ലാം പറയേണ്ടി വന്നു. ‘നിങ്ങള്‍ സിനിമയില്‍ മാത്രമാണ് ഇങ്ങനെയെന്ന് കരുതി, യഥാര്‍ത്ഥ ജീവിതത്തിലും മണ്ടന്മാരാണല്ലോ’ എന്നാണ് അമ്മ അതുകേട്ട് പറഞ്ഞത്,’ സന്താനം പറയുന്നു.